ഗാന്ധിനഗര്‍ : വികസന പ്രയാണത്തില്‍ സമൂഹത്തിലെ ഒരു വിഭാഗവും പിന്നാക്കം പോകുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും അഹമ്മദാബാദ് അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെയും 1600 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഗാന്ധിനഗറിലെ ട്രാഗഡ് ലോക്സഭാ മണ്ഡലത്തില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി 20 ഉച്ചകോടി, ചരിത്രപരമായ വനിതാ സംവരണ ബില്‍, പുതിയ പാര്‍ലമെന്റ് മന്ദിരം, ചന്ദ്രയാന്‍ 3ന്റെ വിജയകരമായ ലാന്‍ഡിംഗ് തുടങ്ങിയ നേട്ടങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിത് ഷാ അഭിനന്ദിച്ചു.
രാജ്യത്തെ കരകൗശലത്തൊഴിലാളികളുടെ ശാക്തീകരണത്തിനായുള്ള പ്രധാനമന്ത്രി വിശ്വകര്‍മ യോജനയെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. 2024-ന് മുമ്പ് നഗരത്തിലെ പച്ചപ്പ് അഞ്ച് ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിന് സംഭാവന നല്‍കണമെന്ന് കേന്ദ്രമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
വിവിധ ജലവിതരണ പദ്ധതികള്‍, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍, പിങ്ക് ടോയ്ലറ്റുകള്, അഹമ്മദാബാദിന് ചുറ്റുമുള്ള ഗ്രാമങ്ങളിലെ അഞ്ച് തടാകങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇന്ന് ആരംഭിച്ച പദ്ധതികളില്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചടങ്ങില്‍ പങ്കെടുത്തു.
ഗാന്ധിനഗറിലെ പാലാജില് 60 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ സ്ഥിരം കാമ്പസിന്റെ ഉദ്ഘാടനവും ആഭ്യന്തരമന്ത്രി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: