തൊടുപുഴ: ഇടുക്കി ജില്ലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഭൂസംരക്ഷണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഭൂരേഖ തഹസില്‍ദാറടക്കം രണ്ട് പേരെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ട്. സിപിഎം നേതൃത്വത്തിന്റെ എതിര്‍പ്പിനിടയിലാണ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നുള്ള റവന്യൂ വകുപ്പിന്റെ നടപടി.
കൈയേറ്റം ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സബ് കളക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, കാര്‍ഡമം അസി. കമ്മിഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ദൗത്യ സംഘം. ഓരോ ആഴ്ചയിലും ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തനം റവന്യൂ കമ്മിഷണറേറ്റ് വിലയിരുത്തും.
റവന്യൂ വകുപ്പ് ജോയിന്റ് കമ്മിഷണര്‍ ഇത് പരിശോധിച്ച് ഉറപ്പാക്കണം. ദൗത്യ സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ രജിസ്ട്രേഷന്, വനം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ നല്‍കണം. പ്രശ്നമുണ്ടായാല്‍ സംരക്ഷണം ഒരുക്കാന്‍ ജില്ലാ പോലീസ് മേധാവിക്കും നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ പാര്‍ട്ടി ഓഫീസുകളടക്കം കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കടുത്ത ഭിന്നത ഭരണമുന്നണിക്കുള്ളില്ത്തന്നെ ഉണ്ട്. അതേസമയം കേസ് നടക്കുന്നതും പട്ടയം ലഭിക്കാന്‍ സാധ്യതയുള്ളതുമായ കൈയേറ്റങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്. ഇത് സിപിഎം ഓഫീസുകളടക്കം പല കൈയേറ്റങ്ങള്‍ക്കും സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
പ്രത്യേക ദൗത്യസംഘത്തെ അയയ്ക്കുമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് നേരത്തെ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ ദൗത്യസംഘത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ പ്രതികരണം. ആര് വന്നാല്‍ ഒഴിപ്പിക്കല്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൂന്നാറില്‍ മാത്രം കളക്ടറുടെ കത്ത് പ്രകാരം 310 കൈയേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 70 കേസുകളിലാണ് അപ്പീല്‍ നിലവിലുള്ളത്. അപ്പീലുകളില്‍ കളക്ടര്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കും. ശേഷിച്ച കേസുകളില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണ് ദൗത്യ സംഘത്തിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: