കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ ചോദ്യം ചെയ്യുന്നത് ഇന്നത്തേക്ക് നിര്‍ത്തിവച്ച് അദ്ദേഹത്തെ പോകാന്‍ അനുവദിച്ച് ഇഡി. ചോദ്യം ചെയ്യലുമായി കണ്ണന് സഹകരിക്കുന്നില്ലെന്ന് ഇ ഡി വെളിപ്പെടുത്തി.ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ശരീരത്തിന് വിറയല്‍ ഉണ്ടെന്ന് കണ്ണന് ആവര്‍ത്തിച്ചതോടെയാണ് പോകാന്‍ അനുവദിച്ചതെന്ന് ഇഡി വ്യക്തമാക്കി.
എന്നാല്‍ തനിക്ക് ശാരീരികബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടില്ലെന്ന് പുറത്തിറങ്ങിയ എംകെ കണ്ണന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നു എന്നും ഇഡി എപ്പോള്‍ വിളിപ്പിച്ചാലും സഹകരിക്കുമെന്നും കണ്ണന് വെളിപ്പെടുത്തി.
ഇഡി ഓഫീസിലേക്ക് പോകും മുമ്പ് എം കെ കണ്ണന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കരുവന്നൂര്‍ വിഷയം സംസാരിച്ചില്ലെന്നായിരുന്നു എം കെ കണ്ണന് പ്രതികരിച്ചത്.
എം കെ കണ്ണനെ ഇത് രണ്ടാം തവണയാണ് ഇ ഡി ചോദ്യം ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന് നേതൃത്വം നല്കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം നടത്തുന്നത്. എം കെ കണ്ണന് പ്രസിഡന്റായ തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: