കോഴിക്കോട് : നിപ ബാധിച്ച്ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പത് വയസായ കുട്ടിയും മാതൃ സഹോദരനും ആശുപത്രി വിട്ടു.ആശുപത്രി ചികിത്സാ ചെലവ് പൂര്‍ണ്ണമായും മിംസ് ആശുപത്രി വഹിക്കും.
നിപ ബാധിച്ച് ആദ്യം മരണപ്പെട്ട കുറ്റിയാടി മരുതോങ്കര സ്വദേശിയുടെ ഒന്‍പത് വയസ്സുകാരനായ മകനും 25വയസ്സുകാരനായ ഭാര്യാ സഹോദരനുമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ രണ്ടാഴ്ച നീണ്ട ചികിത്സക്ക് ശേഷം രോഗമുക്തി ലഭിച്ചത്.
ബുധനാഴ്ച ലഭിച്ച പരിശോധന ഫലവും ഇന്നലെ രാത്രിയോടെയെത്തിയ രണ്ടാം ഫലവും നെഗറ്റീവ് ആയതോടെയാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ മിംസില്‍ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ പേരും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതായി ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുക്മാന്‍ പി.വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം രോഗം മാറിയെങ്കിലും രണ്ടാഴ്‌ച്ചക്കാലം കൂടി വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കണമെന്നാണ് ഇരുവര്‍ക്കും നല്‍കിയ നിര്‍ദ്ദേശം. ആസ്റ്റര്‍ നോര്‍ത്ത് കേരള ക്ലസ്റ്റര്‍ഡയറക്ടര്‍ ഡോ. എ.എസ് അനൂപ് കുമാര്‍, കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ. സതീഷ് കുമാര്‍, പള്‍മനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് കെ.ആര്‍ സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് രോഗികളുടെ ചികിത്സ ഏകോപിപ്പിച്ചത്.
സെപ്തംബര്‍ ഒന്‍പതിനായിരുന്നു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുറ്റിയാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്‍പതു വയസ്സുകാരനെയും മാതൃ സഹോദരനെയും ആസ്റ്റര്‍ മിംസിലേക്ക് എത്തിച്ചത്.
ആഗസ്റ്റ് അവസാനം കുട്ടിയുടെ പിതാവ് സമാന സാഹചര്യത്തില്‍ ന്യുമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു കുട്ടിക്ക് ശ്വാസം മുട്ടല്‍ ഉണ്ടായത്.
ഇത് ഗൗരവമുള്ള പകര്‍ച്ചവ്യാധിയാണോ എന്നായിരുന്നു കുറ്റിയാടിയില്‍ ചികിത്സിച്ച ഡോ. സച്ചിത്തിനുണ്ടായ സംശയം. ഇക്കാര്യം ഉടന്‍ തന്നെ ഡോക്ടര്‍മാരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.
ഈ ആശയവിനിമയമായിരുന്നു രോഗം പടരാത പിഴവില്ലാത്ത ചികിത്സ നല്‍കാനും സഹായിച്ചത്. ഇതോടെ രോഗികളെ എത്തിക്കുന്നതിന് മുന്‍പ് തന്നെ സുസജ്ജമാകാന്‍ മിംസ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: