കുട്ടനാടിന്റെ ചേറിന്റെ മണമുള്ള പ്രതിഭാശാലിയായിരുന്നു ഡോ. എം.എസ്. സ്വാമിനാഥന്, കാര്‍ഷിക മേഖലയില്‍ വിപ്ലവങ്ങള്‍ തീര്‍ത്തപ്പോഴും കുട്ടനാടിന്റെ മകനായി അറിയാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.
ഡോ. മങ്കൊമ്പ് കെ. സാംബശിവന്റെയും തങ്കത്തിന്റെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു ജനനം. കുട്ടനാട് മങ്കൊമ്പിലാണ് തറവാട്. ഇവരുടെ നാലു മക്കളില്‍ രണ്ടാമത്തെയാളാണ് സ്വാമിനാഥന്.
അമ്പലപ്പുഴ രാജാവിന്റെ ക്ഷണം സ്വീകരിച്ച് തഞ്ചാവൂര്‍ കൊട്ടാരത്തില്‍ നിന്നുമെത്തിയ പണ്ഡിതനായ വെങ്കിടാചലയ്യരുടെ പിന്തലമുറക്കാരായ കൊട്ടാരം കുടുംബത്തിലെ അംഗമാണ് സ്വാമിനാഥന്. മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ അച്ഛന് ഡോ. മങ്കൊമ്പ് കെ. സാംബശിവന് ആതുരസേവനത്തിനായി തെരഞ്ഞെടുത്തത് തമിഴ്നാട്ടിലെ കുംഭകോണമായിരുന്നു. സ്വാമിനാഥന്റെ പ്രാഥമിക വിദ്യാഭ്യാസവും അവിടെയായിരുന്നു.
എല്ലാവര്‍ഷവും വേനലവധിക്കാലം മുത്തച്ഛനായ കൃഷ്ണയ്യരുടെ അധീനതയിലുള്ള മങ്കൊമ്പിലുള്ള കൊട്ടാരം വീട്ടില്‍ ചെലവഴിക്കാന്‍ എത്തുമായിരുന്നു. ഹരിതവിപ്ലവത്തിന്റെ പിതാവെന്ന നിലയിലേക്ക് തന്നെ വളര്‍ത്തിയത് കുട്ടനാട്ടിലെ ജീവിതാനുഭവങ്ങളായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 11 വയസുള്ളപ്പോള്‍ അച്ഛന് മരിച്ചു.
അച്ഛന്റെ സഹോദരനായിരുന്ന മങ്കൊമ്പ് കൃഷ്ണ നാരായണസ്വാമിയുടെ സംരക്ഷണത്തിലായിരുന്നു പിന്നീട്. കാര്ഷികപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം കൃഷി വരുമാനമാര്ഗമാക്കണമെന്നതിലുപരി, അനേകായിരം കുടുംബങ്ങള്‍ക്ക് വരുമാനം നല്കുന്ന തരത്തില്‍ നാടിന്റെ പട്ടിണമാറ്റുന്ന ഹരിത വിപ്ലവത്തിന്റെ പിതാവായി പിന്നീട് വളരുകയായിരുന്നു.
അദ്ദേഹത്തിന്റെ മനസിലും ചിന്തയിലും എന്നും കുട്ടനാടും മങ്കൊമ്പും ഉണ്ടായിരുന്നു. ഇടയ്ക്ക് നാട്ടിലെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്ന പതിവും ഉണ്ടായിരുന്നു. നാടിനായുള്ള സമര്‍പ്പണമായിരുന്നു കുട്ടനാട് പാക്കേജ്. കുട്ടനാടിന്റെ പാരിസ്ഥിതിക സന്തുലനത്തെ നിലനിര്‍ത്തി ആ കാര്‍ഷിക മേഖലയെ രക്ഷിക്കണമെന്ന ഉദ്ദേശ്യമാണ് കുട്ടനാട് പാക്കേജിന്റെ പിറവിക്കു പിന്നില്‍. കേരളത്തിന്റെ സുപ്രധാനമായ നെല്ലറയെയും അവിടുത്തെ ജനതയെയും സംരക്ഷിക്കുന്നതിനുള്ള വലിയ ഇടപെടലായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: