നീന്തല്‍ താരം സാജന് പ്രകാശിന് ഹോങ്കോങ്ങില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. നാട്ടില്‍ നിന്നു മറ്റാരു സിം കണ്ടെത്താനാവാതെയാണ് സാജന് ഏഷ്യന്‍ ഗെയിംസിന്
എത്തിയത്. ടാക്സിയില്‍ ഫോണ്‍വച്ചു മറന്നു പോകുകയായിരുന്നു. ഹാങ് ചോ ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന ദിവസം സുരക്ഷയ്ക്കായി ബാഗില്‍ നിന്നും പോക്കറ്റില്‍ നിന്നും എടുത്തു മാറ്റേണ്ടിവന്ന വസ്തുക്കള്‍ തിരിച്ചു കിട്ടിയ കാര്യം എഴുതിയിരുന്നല്ലോ.എന്നാല്‍ ഒരു കായിക താരത്തിന് ഇവിടെ നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചു കിട്ടിയ വാര്‍ത്ത വലിയ സംഭവമായി. ഹോങ്കോങ്ങിന്റെ പന്ത്രണ്ടുകാരി ചെസ് താരം ലിയു ടിയാന് യിക്ക് ഉദ്ഘാടന ദിവസം ടെന്നിസ് സെന്ററില്‍ ആണ് ഫോണ്‍ നഷ്ടമായത്. അതും ഓഫ് ചെയ്ത ഫോണ്‍ ഒരു ബാഗില്‍ ആണ് ഇട്ടിരുന്നത് .ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ ടെന്നിസ് സെന്ററില്‍ ആണു കാത്തു നിന്നത്.ആദ്യമായി വലിയൊരു കായിക മേളയില്‍ പങ്കെടുക്കുന്ന ലിയു സാംസ്കാരിക പരിപാടികളൊക്കെ ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് ഫോണ്‍ കൈയില്‍ ഇല്ലെന്ന് അറിഞ്ഞത്.
ടീം ലീഡര്‍ ജെഫ്രി ഒരു വോളന്റിയറോട് കാര്യം പറഞ്ഞത് ഫോണ്‍ കിട്ടുമെന്ന പ്രതീക്ഷയിലല്ല, മറിച്ച് കൗമാര താരത്തിന്റെ മനസ്സ് ശാന്തമാകാന്‍ വേണ്ടി മാത്രമാണ് 5,23,000 ചതുരശ്ര അടി വിസ്തീര്‍ണവും 10,000 ഇരിപ്പിടങ്ങളുമുള്ള ഇരിപ്പിടം വോളന്റിയര്‍മാര്‍ അരിച്ചുപെറുക്കി ഉപേക്ഷിക്കപ്പെട്ടൊരു ബാഗില്‍ നിന്നു ഫോണ്‍ കണ്ടെത്തി. ഫോണ്‍ കിട്ടിയ പന്ത്രണ്ടുകാരിയുടെ സന്തോഷം ഊഹിക്കാമല്ലോ?’നിങ്ങളുടെ ഉത്സാഹം സ്വന്തം വീട്ടിലാണു ഞാന്‍ എന്ന തോന്നിപ്പിക്കുന്നു. ഹാങ്ചോയിലെ സൗഹൃദം ഞാന്‍ മനസ്സിലാക്കുന്നു.’നന്ദി പറഞ്ഞുള്ള ലിയുവിന്റെ വീഡിയോ വൈറല്‍ ആയി.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ കേവലം രണ്ടു സ്വര്‍ണം നേടിയ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ഇതിനകം ഇവിടെ മൂന്നു സ്വര്‍ണം നേടിയപ്പോള്‍ പരിശീലകരില്‍ ഒരാളായ റോണക് അശോക് പണ്ഡിറ്റിനു ഏറെ സന്തോഷം. മുന്‍ ഇന്ത്യന്‍ താരം അശോക് പണ്ഡിറ്റിന്റെ പുത്രനാണ് റോണക്. വ്യക്തിഗത ഇനത്തില്‍ മനു ഭാക്കറിന് മെഡല്‍ കിട്ടാതെ പോയതുകൊണ്ട് പിന്നോട്ടുപോയെന്ന് പറയരുതെന്ന് പണ്ഡിറ്റ് പറഞ്ഞു. ഇടയ്ക്കൊരു താരത്തിന്റെ ഷോട്ട് മിസ് ആയത് മത്സരം തടസപ്പെടുത്തിയത് മനുവിനെ ബാധിച്ചോയെന്ന ചോദ്യത്തിന് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാമെന്ന തരത്തിലായിരുന്നു പരിശീലനം എന്നു സൂചിപ്പിച്ചു. അതേ സമയം ആദ്യ റൗണ്ടുകളില്‍ സാങ്കേതിക മികവാണ് പ്രധാനമെങ്കില്‍ ഫൈനലില്‍ മനസ്സിന്റെ ഏകാഗ്രതയാണു പരമപ്രധാനമെന്ന് ഇന്ത്യന്‍ കോച്ച് പറഞ്ഞു.
തന്റെ കോച്ച് ജസ്പാല്‍ റാണ മടങ്ങിയെത്തുന്നതില്‍ മനു സന്തോഷം പ്രകടിപ്പിച്ചു.അടുത്ത മാസം ജസ്പാല്‍ മനുവിന്റെ പരിശീലകനായി മടങ്ങിയെത്തുമെന്ന് അറിയുന്നു.
സെയിലിങ് ടീമിന്റെ പരിശീലകന് പ്രകാശ് അലക്സാണ്ടര്‍ മലയാളിയാണെന്നാണ് കരുതിയത്.തമിഴ്നാട്ടുകാരനാണ്.ആര്‍മിയില്‍ ജോലി നോക്കുന്നു.ഏഷ്യന്‍ ഗെയിംസില്‍ മൂന്നു മെഡല്‍ കിട്ടിയതില്‍ സംതൃപ്തനാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: