തിരുവനന്തപുരം: തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം നിയമന വാഗ്ദാനം നല്കി കോഴ വാങ്ങിയെന്ന പരാതിയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സെപ്തംബര്‍ 13 ന് പരാതി ലഭിച്ചുവെന്നും അതില്‍ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിനോട് വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു.
അഖില്‍ മാത്യുവിന് ഇക്കാര്യത്തില്‍ യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും അദ്ദേഹം വസ്തുതകള്‍ നിരത്തി പറഞ്ഞു. പരാതി പൊലീസിന് കൈമാറി. സെപ്തംബര്‍ 20ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതിയെ കുറിച്ച് അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് മേല്‍ ചെയ്യാത്ത കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണം എന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. അഴിമതി വച്ചുപൊറുപ്പിക്കാനാവില്ല.
ഇതിനകത്ത് കുറ്റകൃത്യമോ ഗൂഢാലോചനയോ എന്താണെങ്കിലും ആരൊക്കെ അതില്‍ ഉള്‍പ്പെട്ടുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കണം. സര്‍ക്കാരിനാണെങ്കിലും വകുപ്പിനാണെങ്കിലും അഴിമതി നടക്കരുതെന്നേയുളളൂ. വകുപ്പിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതി താന്‍ പൂഴ്ത്തിവെച്ചിട്ടില്ല.
പത്തനംതിട്ടയിലെ സിഐടിയു ഓഫീസിന്റെ ചുമതലയിലിരിക്കെ തട്ടിപ്പ് നടത്തിയതിന് പാര്‍ട്ടി നടപടിയെടുത്ത ആളാണ് ഇടനില നിന്നതെന്നാണ് ആരോപണം ഉയര്‍ന്നത്. നിപ പ്രതിരോധ പ്രവര്‍ത്തനത്തിന് കോഴിക്കോട് പോയ സമയത്താണ് പരാതി ലഭിച്ചത്. അപ്പോള്‍ തന്നെ നടപടിയെടുത്തുവെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരെയാണ് കൈക്കൂലി ആരോപണം വന്നത്. താത്കാലിക നിയമനത്തിന് അഖില്‍ മാത്യു അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. മുന്‍കൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി.ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എന്‍എച്ച്എം ഡോക്ടര്‍ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയിരിക്കുന്നത്. പണം നല്‍കിയതിന് പിന്നാലെ ജോലി ഉടന്‍ ലഭിക്കുമെന്ന് കാട്ടി ആയുഷ് മിഷനില്‍ നിന്ന് ലഭിച്ച ഇ മെയില്‍ സന്ദേശവും ഹരിദാസന് പുറത്തുവിട്ടു.
മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനാണ് പണം നല്‍കിയതെന്ന് പരാതിക്കാരനായ ഹരിദാസന് പറഞ്ഞു. അഞ്ച് ലക്ഷം രൂപ ഗഡുക്കളായി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ഇയാള്‍ ആരോപിക്കുന്നു. അതേസമയം ആരോപണം അഖില്‍ മാത്യു നിഷേധിച്ചു.
ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ മെഡിക്കല്‍ ഓഫീസറയി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്ദാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: