രാത്രി ഒന്‍പതിന് അത്ലറ്റിക് വില്ലേജിലെ മീഡിയ സെന്ററില്‍ എതാനും ഷൂട്ടിങ് താരങ്ങളെ കാണാമെന്ന ധാരണയില്‍ എത്തിയതാണ്. ബസ് ഇറങ്ങിയ ഉടനെ, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഭാരവാഹി പറഞ്ഞു. ‘നാളെ മത്സരമുള്ളതിനാല്‍ അവര്‍ നേരത്തെ മടങ്ങി. ‘തിരിച്ച് മീഡിയ വില്ലേജിലേക്കുള്ള ബസ് എവിടെ നിന്നു കിട്ടുമെന്ന് അറിയാന്‍ ഏറെ അലഞ്ഞു. ഭാഷ തന്നെ പ്രശ്നം.
ഒടുവില്‍ ഒരാള്‍ സ്റ്റോപ്പ് കാണിച്ചു തന്നു. അടുത്ത സംശയം, കയറിയ ബസ് മീഡിയ സെന്റര്‍ വഴിയാണോ പോകുനത് എന്നതാണ്. പലരോടും ചോദിച്ചു. ഒടുവില്‍ ചൈനയില്‍ നിന്നുള്ള ഒരു ഒഫിഷ്യല്‍ ചോദിച്ചു. ‘ ടെക്നിക്കല്‍ ഒഫിഷ്യല്‍സിന്റെ വില്ലേജിന് അടുത്തല്ലേ മീഡിയ വില്ലേജ് ? അതേയെന്നു പറഞ്ഞപ്പോള്‍ അവരും അവിടെയാണ് ഇറങ്ങുന്നതെന്നു മറുപടി.
അക്രഡിറ്റേഷന് കാര്‍ഡ് പരിശോധിച്ചു, താങ്കള്‍ക്ക് എല്ലാ വേദികളിലും പോകാം അല്ലേ എന്നു ചോദിച്ചു. അതേയെന്ന് പറഞ്ഞതോടെ അയാള്‍ കൂട്ടുകാരെയെല്ലാം വിളിച്ചു കൂട്ടി. ബസിന്റെ മധ്യഭാഗത്ത് എന്നിക്കു ചുറ്റും ആളുകള്‍ കൂടി, അല്‍ഭുതം കൂറി.
അവര്‍ക്ക് അതത് വേദികളിലേ പ്രവേശനമുള്ളൂ എന്ന് നിരാശയോടെ പറഞ്ഞു.
ഇന്ത്യക്കാരനെന്ന് അറിഞ്ഞപ്പോള്‍ ഇന്ത്യ വലിയ രാജ്യം എന്ന് കമ്മന്റ്. ചൈന വിശാലമായ രാജ്യമെന്ന് പറഞ്ഞു. ചൈനയുടെ പേര് ചേര്‍ത്തുള്ള ചൈനീസ് തായ്പേയ്, ഹോങ്കോങ് ചൈന, മക്കാവു ചൈന എന്നിവ കൂടി ഇവിടെ മത്സരിക്കുന്നുണ്ടെന്ന് സരസമായി വിശദീകരിച്ചു. പിന്നെ കണ്ടത് ഇന്ത്യക്കാരനായ തനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ഉത്സാഹം കാട്ടുന്ന അന്നാട്ടുകാരെയാണ്. അവര്‍ക്ക് ഇന്ത്യക്കാരെ വലിയ കാര്യമാണ്.
കാനഡയില്‍ നടന്ന ലോക പൊലീസ് കായിക മേളയില്‍ പങ്കെടുത്തിട്ടു വരികയാണ് നീന്തല്‍ താരം സാജന് പ്രകാശ്. ഹോങ്കോങ്ങിലാണ് പരിശീലനം. അവിടെ വിമാനത്താവളത്തില്‍ നിന്നു താമസസ്ഥലത്തേക്കു മടങ്ങും വഴി ടാക്സിയില്‍ വച്ച് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു.മൂന്നാഴ്ചയോളമായി. മൊബൈല്‍ ഇല്ലാതെയാണ് ഏഷ്യന്‍ ഗെയിംസിന് എത്തിയിരിക്കുന്നത്.നാട്ടില്‍ അമ്മയെ വിളിക്കാന്‍ മറ്റൊരാളുടെ സഹായം വേണ്ട അവസ്ഥ. അമ്മ ഷാന്‍ റിമോള് മുന്‍ ദേശീയ അത്ലിറ്റാണ്.
സാജനൊപ്പം നീന്തല്‍ ടീമില്‍ മലയാളിയായി ടാനിഷ് മാത്യുവുമുണ്ട്. ടാനിഷ് ദുബായ് യില്‍ ആണ്. പരിശീലനം അമേരിക്കയിലും. ദുബായ് യില്‍ ടിനിഷിന്റെ കുടുംബത്തിന്റേതാണ് അക്വാ നാഷനല്‍ അക്കാദമി.
സാജന് പ്രകാശിനെ ചില പത്രങ്ങളും ചാനലുകളും സജന് പ്രകാശ് എന്നാണ് വിളിക്കുന്നത്. ഏതാണു ശരിയെന്നു ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇട്ട പേര് സാജന് എന്നാണെന്ന് ഷാന്റിമോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: