തിരുവനന്തപുരം: ചന്ദ്രയാന്‍ ദൗത്യത്തിന് അനുമതി നല്കാന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അരമണിക്കൂര്‍ മാത്രമാണെടുത്തതെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി മാധവന് നായര്‍. ചന്ദ്രനിലേക്ക് റോക്കറ്റ് അയയ്ക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രിയെ കണ്ടു. വിശദീകരിച്ച് അരമണിക്കൂറിനുളളില്‍ തന്നെ വാജ്പേയി പദ്ധതിക്ക് അംഗീകാരം നല്കി. ചന്ദ്രയാന്‍ എന്ന പേരു നല്കിയതും അദ്ദേഹമാണ്. സോമയാന്‍ എന്നായിരുന്നു നേരത്തെ നല്‍കിയിരുന്നത്. അടുത്തറിയുമ്പോള്‍ ചന്ദ്രനെക്കുറിച്ചുള്ള സങ്കല്പം മാറില്ലേ, ഭാര്യമാരെ ചന്ദ്രമുഖി എന്നൊക്കെ പിന്നീട് വിളിക്കുമോ എന്നു വാജ്പേയി ചോദിച്ചു. ചന്ദ്രയാന്‍ 1 ദൗത്യത്തിന് നേതൃത്വം നല്കിയ മാധവന് നായര്‍ പറഞ്ഞു. ‘നേതി നേതി ‘ ഫൗണ്ടേഷന് സംഘടിപ്പിച്ച ‘ മിഷന് ചന്ദ്രയാന്‍: സിനര്‍ജി, സ്കോപ്പ് & സ്ട്രാറ്റജി’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചന്ദ്രനിലേക്ക് റോക്കറ്റ് അയയ്ക്കുമ്പോള്‍ ദേശീയ പതാക അവിടെ സ്ഥാപിക്കണമെന്ന നിര്‍ബന്ധം കാണിച്ചത് അന്ന് രാഷ്ടപതിയായിരുന്ന അബ്ദുല്‍ കലാമാണ്. ചന്ദ്രയാന്‍ ഒന്ന്, ചന്ദ്രനെ ചുറ്റി ചിത്രങ്ങളെടുക്കുന്ന ദൗത്യമായതിനാല്‍ പതാക എങ്ങനെ സ്ഥാപിക്കും എന്ന സംശയം ഉണ്ടായി. കലാം തന്നെ അതിനു പോംവഴി നിര്‍ദ്ദേശിച്ചു. കല്ലെറിയുന്ന തരത്തില്‍ ചന്ദ്രോപരിതലത്തിലേക്ക് പതാക പതിപ്പിക്കുക. അതിനായി പ്രത്യേക ഉപകരണം കൂടി അയച്ചു. പതാക കൃത്യമായി പിതിപ്പിക്കാനായി. ഇന്നും ആ ദേശീയപതാക ചന്ദ്രനില്‍ ഉണ്ട്. മാധവന് നായര്‍ പറഞ്ഞു.
ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ചന്ദ്രയാന്‍ 3 ദൗത്യം. ചന്ദ്രയാന്‍ 2ന്റെ സമയത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് മുന്നോട്ട് പോയിരിക്കുന്നത്. നാല് വര്‍ഷം മുന്‍പ് ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി ഈ ദൗത്യം എല്ലാ അര്‍ത്ഥത്തിലും വിജയിച്ചു. സാങ്കേതി വിദ്യയില്‍ ഏറ്റവും മികവ് എന്ന് തെളിയിക്കാനും ലോകരാജ്യങ്ങളുടെ മുന്നില്‍ കഴിവ് തെളിയിക്കാനും ഭാരതത്തിനായി. ലഭ്യമാകുന്ന രേഖകള്‍ അവലംബിച്ച് ശാസ്ത്രകാരന്മാര്ക്ക് കൂടുതല്‍ പടനം നടത്താനാകും. വളരെ ചെലവ് കുറച്ചാണ് ചന്ദ്രയാന്‍ പൂര്‍ത്തിയാക്കിയത്. സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുക ഒപ്പം ശാസ്ത്രലോകത്തിനും പ്രയോജനം കിട്ടുക എന്നതാണ് അവംലംബിച്ച രീതി. മറ്റ് രാജ്യങ്ങള്‍ക്ക് ഇത്തരം പരീക്ഷണങ്ങള്‍ സാമ്പത്തിക നേട്ടത്തിനുളള മാര്‍ഗ്ഗമാണ്. സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായി ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ദൗത്യമായിട്ടാണ് നമ്മള് ബഹിരാകാശ പര്യവേഷണങ്ങളെ കാണുന്നത്. അനുഭവം വെച്ചു നോക്കിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഭാരതം ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കും. 10 വര്ഷത്തതിനുള്ളില് ഗ്രഹങ്ങളില്‍ മനുഷ്യരെ ഇറക്കുകയും ചെയ്യും. മാധവന് നായര്‍ പറഞ്ഞു.
ലോകരാഷ്്ട്രങ്ങള്‍ക്കിടയില്‍ ഭാരത്തിന്റെ മഹിമ ഏറെ ഉയര്‍ത്താന്‍ ചന്ദ്രയാന്‍ വിജയത്തിന് കഴിഞ്ഞതായി മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന് പറഞ്ഞു. ദല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയുടെ വന്‍ വിജയത്തിന് ചന്ദ്രയാന്‍ പങ്കുവഹിച്ചു എന്നു വിലയിരുത്തിയാലും കുറ്റപ്പെടുത്താനാവില്ല. അദ്ദേഹം പറഞ്ഞു. ബഹിരാകാശ പര്യവേഷണരംഗത്തെ വിജയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന മുന്നേറ്റം അഭൂത പൂര്‍വമായിരിക്കുമെന്ന് വലിയമല ഐഐഎസ്ടി അസോസിസേറ്റ് പ്രൊഫസര്‍ ഡോ സി എസ് ഷിജുമോന് പറഞ്ഞു.
ഫൗണ്ടേഷന് ചെയര്മാന് എസ് ഗോപിനാഥ് ഐപിഎസ് അധ്യക്ഷം വഹിച്ചു. ജി കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. വെങ്കിട് ശര്‍മ്മ, എസ് ആദികേശവന്, അഡ്വ എസ് സുരേഷ്കുമാര്‍, സി കെ തമ്പി എന്നിവര്‍ അതിഥികളെ പൊന്നാട അണിയിച്ചു. ശാസ്ത്രജ്ഞര്‍, ശാസ്ത്രവിദ്യാര്‍ത്ഥികള്‍, സാമ്പത്തിക വിദഗ്ധര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. തലസ്ഥാനത്ത് ബൗദ്ധിക മേഘലയില്‍ താല്പര്യമുള്ളവരുടെ കൂട്ടായ്മയാണ് ‘നേതി നേതി ‘ ഫൗണ്ടേഷന്. ‘ലെറ്റ് അസ് ടോക്ക്’ എന്ന പേരില്‍ സമകാലിക വിഷയങ്ങളില്‍ ചര്‍ച്ചയും സെമിനാറും നടത്തുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: