ന്യൂദല്‍ഹി: ഹൈഡ്രജന്‍ ഇന്ധനമായുള്ള രാജ്യത്തെ ആദ്യ ബസ് നിരത്തിലിറങ്ങി. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ദല്‍ഹിയില്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്തു. ഗതാഗത രംഗം പ്രകൃതി സൗഹൃദമാകുന്നതിന്റെ സുപ്രധാന ചുവടുവയ്പാണ് ഇതിലൂടെ രാജ്യം കൈവരിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ വര്‍ഷാവസാനത്തോടെ 15 ബസുകള്‍ ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയുടെ വിജയം ഭാരതത്തെ ഫോസില്‍ ഊര്‍ജ്ജത്തിന്റെ മൊത്ത ഇറക്കുമതിക്കാരെന്നതില് നിന്ന് ഹൈഡ്രജന്‍ എനര്‍ജിയുടെ മൊത്ത കയറ്റുമതിക്കാരാക്കി ഉയര്‍ത്തും. സാങ്കേതിക കൈമാറ്റത്തിലൂടെ ആഗോളതലത്തില്‍ നേതൃത്വം നല്‍കും. ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദകരും വിതരണക്കാരുമായി ഭാരതം മാറും. 2050ല്‍ ഹൈഡ്രജന്റെ ആഗോള ആവശ്യം നിലവിലുള്ളതിന്റെ ഏഴിരട്ടിയാകും. ഇത് 500-800 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തരാവശ്യം നാലിരട്ടി കൂടി ആറു ദശലക്ഷം ടണ്ണില്‍ നിന്ന് 28 ദശലക്ഷമായി ഉയരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പുനരുപയോഗ ഊര്‍ജ്ജ സ്രോതസില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജനാ
ണ് ബസുകളില്‍ ഇന്ധനമായി ഉപയോഗിക്കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ടാറ്റ മോട്ടോഴ്സും സംയുക്തമായാണ് ഇന്ധന സെല്‍ വികസിപ്പിച്ചത്. സോളാര്‍ ഫോട്ടോ വോള്‍ട്ടെയ്ക് പാനലുകള്‍ ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണത്തിലൂടെയാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നത്.
ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ്. മൂന്നു ലക്ഷം കിലോമീറ്ററാണ് ഒരു ബസിന്റെ പരീക്ഷണ കാലയളവ്. ബസുകളുടെ പരീക്ഷണ നിരീക്ഷണത്തിനായി പ്രത്യേക വിഭാഗംതന്നെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫരീദാബാദിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കാമ്പസില്‍ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനവുമുണ്ട്.
ഡീസല്‍ ബസുകള്‍ക്ക് ലിറ്ററിന് 2.5-3 കിലോമീറ്ററാണ് ഇന്ധന ക്ഷമത. ഒരു കിലോഗ്രാം ഹൈഡ്രജന്റെ ഇന്ധന ക്ഷമത ഏകദേശം 12 കിലോമീറ്ററും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: