നാഗ്പൂര്‍: കനത്ത മഴയില്‍ വെള്ളക്കെട്ടിലായിപ്പോയ ജനങ്ങള്‍ക്ക് സഹായമെത്തിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. നാഗ്പൂരിലെ അംബാഝരി മേഖലയിലാണ് അതിവൃഷ്ടി മൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമുണ്ടായത്. വീടുകള്‍ പലതും വെള്ളത്തിനടിയിലായി. റോഡുകളിലും ബസ് സ്റ്റാന്‍ഡുകളിലുമൊക്കെ വെള്ളം കയറി, നിരവധി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഈ മേഖലകളിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഭക്ഷണം, പഴങ്ങള്‍, ബിസ്ക്കറ്റ്, കുടിവെള്ളം തുടങ്ങിയവ എല്ലാ വീടുകളിലും എത്തിച്ചു. ധരംപേഠ്, സദര്‍, ബിനാകി, ലാല്‍ഗഞ്ച് ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സേവസാമഗ്രികള് സമാഹരിച്ച് അംബാഝരിയില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങിയത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ ആവശ്യാനുസരണം സേവന പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് തീരുമാനം.
ഇതുവരെ 15,000-ലധികം കുടുംബങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ദുരിതാശ്വാസ സേവനങ്ങള്‍ എത്തിയിട്ടുണ്ടെന്ന് വിദര്‍ഭ പ്രാന്ത കാര്യവാഹ് അതുല്‍ മോഗെ പറഞ്ഞു. ധരംപേഠ്, തകിയ, കുംഹാര്‍ ടോളി, പണ്ഡിറ്റ് മൊഹല്ല, സംഗം ചാള്, ബേര്‍ഡി ഫഌവര്‍ മാര്‍ക്കറ്റ്, ധരംപേഠ് കൊമേഴ്സ് കോളജ്, കാഞ്ചീപുര ബസ്തി, ശങ്കര്‍ നഗര്‍, സദര്‍, ലാല്‍ഗഞ്ച്, ബിനാകി തുടങ്ങി ബാധിത പ്രദേശങ്ങളിലാണ് പേമാരി കൂടുതലായി നാശം വിതച്ചത്.
ജില്ലാ മജിസ്ട്രേറ്റ് വിപിന്‍ ഇടങ്കറും മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മിഷണര്‍ ഡോ. അഭിജിത്ത് ചൗധരിയും സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: