ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് ഉത്തരവില്‍ പരാമര്‍ശിച്ച മാസപ്പടി പറ്റുന്ന രാഷ്ട്രീയക്കാരുടെ പട്ടികയില്‍ പി.വി എന്ന ചുരുക്കപ്പേര് പിണറായി വിജയന് ആണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പി.വി എന്ന പേര് താന്‍ അല്ലെന്നും താന്‍ ആരുടെയും കയ്യില്‍ നിന്ന് പണം പറ്റിയിട്ടില്ല എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് മാസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി മാധ്യമങ്ങളെ കാണാതിരുന്നത് ശബ്ദത്തില്‍ പ്രശ്നമുണ്ടായിരുന്നതുകൊണ്ടാണ്. അല്ലാതെ മാസപ്പടി വിവാദം കത്തിക്കയറും എന്ന ഭയം കൊണ്ടൊന്നുമല്ല. നേരത്തെ മാധ്യമപ്രവര്‍ത്തകരെ മുള്‍മുനയില്‍ നിര്‍ത്തുകയും ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ഒക്കെ ചെയ്ത പിണറായിക്ക് മാധ്യമങ്ങളെ ഭയമില്ല എന്നകാര്യം പറയാതെ തന്നെ അറിയാവുന്നതാണല്ലോ. മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഒക്കെ യോഗം ചേര്‍ന്നത്. യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഒരുകാര്യം പറഞ്ഞു. ശശിധരന് കര്‍ത്താവിന്റെ ഡയറിക്കുറിപ്പില്‍ പറയുന്ന പി.വി, പിണറായി അല്ലെന്ന് പിണറായി പറഞ്ഞ സാഹചര്യത്തില്‍ ഇനി അതിലപ്പുറം ചര്‍ച്ച വേണ്ട എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ഈ തീരുമാനം തീര്‍ച്ചയായും ഒരുപക്ഷേ, സിപിഎം കാരില്‍ ഒരു വിഭാഗവും നേതാക്കന്മാരെ അന്ധമായി വിശ്വസിച്ച് അടിമകളായി കഴിയുന്ന ഒരു വിഭാഗവും അനുസരിച്ചേക്കാം. പക്ഷേ, പൊതുജനങ്ങള്‍ക്ക് എം.വി. ഗോവിന്ദന്റെ തിട്ടൂരം അനുസരിക്കാനുള്ള ബാധ്യതയുണ്ടോ? പിണറായി പറഞ്ഞതുകൊണ്ട് മാത്രം പി.വി, പിണറായി അല്ലാതെ ആകുന്നത് എങ്ങനെയാണ്? ഏതെങ്കിലും ഒരു കുറ്റം ചെയ്തയാള്‍ താനല്ല എന്നു പറയുമ്പോള്‍ അത് തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിനില്ലേ? എം.വി. ഗോവിന്ദന് പിണറായിയുടെ നോമിനിയും ബിനാമിയും മാത്രമല്ല സക്കറിയയുടെ കഥാപാത്രത്തെ കടമെടുത്താല്‍ തൊമ്മിയുമാണ്. പട്ടേലരെ സംരക്ഷിക്കാനുള്ള ബാധ്യത തൊമ്മിക്കുണ്ട്. പക്ഷേ, ആ ബാധ്യത സാധാരണക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടോ എന്നതാണ് സംശയം.
മാസപ്പടി ഡയറിയില്‍ പേര് വന്ന പിണറായി വിജയന് അഥവാ പി.വി. കേരളത്തിലെ ഒരു സാധാരണ സിപിഎം പ്രവര്ത്തകന് അല്ല. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്, പൊതുപ്രവര്‍ത്തകനാണ്. അതുകൊണ്ടുതന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയുമോ? കഴിയില്ല. പി.വി. എന്ന പേര് പിണറായി വിജയന് ആണെന്ന് പറഞ്ഞത് കേന്ദ്രസര്‍ക്കാരോ പ്രതിപക്ഷമോ ഒന്നുമല്ല. ഹൈക്കോടതി ജഡ്ജിയുടെയോ അതിനു മുകളിലോ ഉള്ള ജുഡീഷ്യല്‍ അംഗം കൂടി ഉള്‍പ്പെട്ട ജുഡീഷ്യല്‍ അധികാരമുള്ള ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന് കോടതി ഉത്തരവിന്റെ വിലയുണ്ട് എന്നകാര്യം പിണറായി വിജയനും തൊമ്മിയായ എം.വി. ഗോവിന്ദനും മറക്കുകയോ ബോധപൂര്‍വ്വം അവഗണിക്കുകയോ ചെയ്യുകയാണ്. ഈ ബോര്‍ഡില്‍ വാദം കേട്ട് തെളിവുകള്‍ പരിശോധിച്ച് വിസ്താരം നടത്തിയാണ് ഉത്തരവ് വന്നത് എന്നകാര്യം പിണറായിയും ഗോവിന്ദനും ഓര്‍മ്മിക്കണം. അതുകൊണ്ടുതന്നെ, പിണറായി അല്ലെന്ന് പിണറായി പറഞ്ഞാല്‍ അതിലപ്പുറം ചര്‍ച്ച വേണ്ടെന്ന് തീരുമാനിക്കാന്‍ ആവില്ല. മാത്രമല്ല പണം കൊടുത്ത കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടയില്സിന്റെ ഉടമസ്ഥനായ ശശിധരന് കര്‍ത്തയും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷും പണം കൊടുത്തവരുടെ പട്ടികയുടെ വിശദാംശങ്ങള്‍ ബോര്‍ഡിനു മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘കെ. കെ’ എന്ന ചുരുക്കപ്പേര് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടേതും ‘ഒ.സി’ ഉമ്മന്‍ചാണ്ടിയുടെയും ‘പി.വി’ പിണറായി വിജയന്റേതും ‘ഐ.കെ’ ഇബ്രാഹിം കുഞ്ഞിന്റെതും ‘ആര്. സി’ രമേശ് ചെന്നിത്തലയുടെയും പേരാണെന്നാണ് അവര്‍ ബോര്‍ഡിനു മുന്നില്‍ കൊടുത്തിരിക്കുന്ന മൊഴി. പണം വാങ്ങിയ പിണറായി വിജയന് പണം വാങ്ങിയിട്ടില്ലെന്നും അത് തന്റെ പേരല്ലെന്നും തനിക്ക് അറിയില്ലെന്നും പറയുമ്പോള്‍ പണം കൊടുത്തവര്‍ അത് പിണറായി വിജയന് ആണെന്ന് കോടതി മുമ്പാകെ ബോധിപ്പിക്കുമ്പോള്‍ ഏതാണ് വിശ്വസിക്കേണ്ടത്. ഇവിടെ ഒരു കാര്യം കൂടി ഓര്‍മിക്കേണ്ടതുണ്ട്. ഉമ്മന്‍ചാണ്ടി മരണമടഞ്ഞതിനുശേഷം ആണ് ഈ സംഭവങ്ങള്‍ പുറത്തുവന്നത.് അതുകൊണ്ട് അദ്ദേഹത്തിന്റെ വിശദീകരണം അന്ന് ഉണ്ടായില്ല. പക്ഷേ, മറ്റു നേതാക്കള്‍ എല്ലാവരും പണം പറ്റിയിട്ടുണ്ടെന്നും അത് പാര്‍ട്ടി പ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചതെന്നും ഒരു മടിയും കൂടാതെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ആര് പറയുന്നതാണ് നേര്?
പ്രശ്നം അവിടെയും തീരുന്നില്ല. ഗോവിന്ദന് ചര്‍ച്ച ചെയ്യേണ്ട എന്നു പറയുമ്പോഴും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്സാ ലോജിക്കിനു നല്കിയ 1.72 കോടി രൂപ അനുവദനീയ ചെലവായി കണക്കാക്കണമെന്ന കൊച്ചിന് മിനറല്‍സിന്റെ വാദം ബോര്‍ഡ് തള്ളി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപ വീതമാണ് നല്‍കിയിരുന്നത്. 1.72 കോടി രൂപയാണ് ഐടി സൊല്യൂഷന്‍സ് സേവനങ്ങള്‍ എന്ന പേരില്‍ വീണയ്ക്ക് നല്‍കിയത്. പക്ഷേ, പണം പറ്റുമ്പോള്‍ ഐടി സേവനങ്ങള്‍ എന്തെങ്കിലും വീണ നല്‍കിയിരുന്നു എന്ന കാര്യം സിഎംആര്‍എല്ലിന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഒരു സേവനവും കിട്ടിയില്ല എന്ന് വ്യക്തമാക്കേണ്ടിയും വന്നു. ഇക്കാര്യം ബോര്‍ഡിനു മുന്നില്‍ സിഎംആര്‍എല്‍ സമ്മതിച്ചതോടെ വീണയ്ക്ക് നല്കിയ പണം മുഖ്യമന്ത്രിക്ക് നല്കിയ പണമായി മാത്രമേ കണക്കാക്കാനാകൂ എന്ന നിഗമനത്തിലാണ് ബോര്‍ഡ് എത്തിയത്. അപേക്ഷകരുടെ വാദത്തെ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയെന്ന പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കാണേണ്ടതുണ്ട്. അപേക്ഷകര്‍ തന്നെ സമ്മതിക്കുന്നത് അനുസരിച്ച് പണം നല്‍കിയിട്ടുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ മകളാണ് ടി വീണ. (ചുരുക്കെഴുത്തിന്റെ പൂര്‍ണ്ണരൂപം സുരേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്) അവര്‍ ചുരുക്കെഴുത്തില്‍ വിശദമാക്കിയതും വലിയതോതില്‍ പണം നല്‍കിയിട്ടുള്ളതുമായ വ്യക്തിയുടെ മകള്‍ ആണെന്ന് വസ്തുത അപേക്ഷകരായ സിഎംആര്‍എല്‍ കമ്മീഷനില്‍ നിന്ന് മറച്ചു വയ്ക്കുകയാണ്. ഇക്കാര്യം കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കുമ്പോള്‍ പിണറായി പറ്റിയ പണവും മകള്‍ പറ്റിയ പണവും അഴിമതിയുടെ പരിധിയില്‍ വരുന്നതാണ് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടാകുമോ? അങ്ങനെ പിണറായി വിജയന് ഉത്തമ ബോധ്യം ഉണ്ടെങ്കില്‍ ഉത്തരവ് വന്നിട്ട് മാസങ്ങള്‍ ആയിട്ടും എന്തുകൊണ്ട് ബോര്‍ഡിനെതിരെ നിയമ നടപടിക്ക് പോയില്ല? ബോര്‍ഡിന്റെ വിചാരണ വേളയില്‍ പി.വി, പിണറായി വിജയനാണ് എന്ന് പറഞ്ഞ ശശിധരന് കര്‍ത്തായുടെയും സിഎഫ്ഒ സുരേഷ് കുമാറിന്റെയും പേരില്‍ നടപടിക്ക് പോയില്ല. ഇതൊക്കെ പിണറായി വിജയന്റെ കൈകള്‍ ശുദ്ധമല്ല എന്ന ധാരണ പൊതുസമൂഹത്തില്‍ പരക്കാനാണ് ഇടയാക്കിയിട്ടുള്ളത്. കേരള തീരത്ത് നിന്ന് നിയമാനുസൃതമായും അല്ലാതെയും കരിമണല്‍ കടത്തുന്ന ശശിധരന് കര്‍ത്തായ്ക്ക് എന്ത് ഐടി സേവനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ നല്‍കുന്നത് എന്ന കാര്യമെങ്കിലും കേരളത്തിലെ സാധാരണക്കാരായ പാവപ്പെട്ട സഖാക്കളെ ഒന്നു ബോധ്യപ്പെടുത്താന്‍ പിണറായി വിജയനും ഗോവിന്ദനും കഴിയുമോ? അവര്‍ എന്നും നിങ്ങള്‍ പറയുന്നത് കേട്ട് തല്ലാനും കൊല്ലാനും ചാകാനും മാത്രം നടക്കുന്നവരാണ് എന്ന കാര്യം പെട്ടെന്ന് മറക്കാന്‍ കഴിയുമോ? ”പുഷ്പനെ അറിയാമോ പുഷ്പനെ അറിയാമോ” എന്ന് കോറസില്‍ പാട്ടുപാടുമ്പോള്‍ ആരെ തടയാന്‍ ആണോ അന്ന് പുഷ്പനടക്കമുള്ളവരെ വിട്ടത്, അയാള്‍ക്കുപോലും പാര്‍ട്ടി പതാക നല്കി വിശുദ്ധനാക്കി പാര്‍ട്ടിക്കൊപ്പം കൂട്ടിയ കാര്യം പുഷ്പന് എന്നെങ്കിലും അറിഞ്ഞിട്ടുണ്ടോ? എം.വി. രാഘവനെ തടയാന്‍ അന്ന് അണികളെ ഇളക്കി വിട്ടത് തെറ്റാണെന്ന് പുഷ്പനോട് എങ്കിലും പറയാനുള്ള ആര്‍ജ്ജവം കാട്ടിയിട്ട് പോരെ പിണറായി പറഞ്ഞതുകൊണ്ട് മാത്രം ഇനി ചര്‍ച്ച വേണ്ടെന്ന് പറയാന്‍.
വാര്‍ത്താസമ്മേളനത്തില്‍ എം.വി. ഗോവിന്ദന് പിണറായിക്ക് പരോക്ഷമായെങ്കിലും ഒരു കുത്ത് നല്കി. അത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള അവലോകനത്തിലാണ്. സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുന്നു എന്നാണ് വിലയിരുത്തല്‍. അതേസമയം, ചിലര്‍ സ്വയം അധികാരകേന്ദ്രമായി മാറുന്ന പ്രവണത സര്‍ക്കാരിലും പാര്‍ട്ടിയിലും ഉദ്യോഗസ്ഥരിലും ഉണ്ട് എന്ന് ഗോവിന്ദന് പറഞ്ഞത് പിണറായിയെ മാത്രം ഉദ്ദേശിച്ചാണ് എന്ന കാര്യത്തില്‍ കേരള രാഷ്ട്രീയം പഠിക്കുന്ന ആര്‍ക്കും ബോധ്യമാകും. നിയമന പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പാര്‍ട്ടി സെക്രട്ടറി ആയതിന്റെ രണ്ടാം ദിവസം തന്നെ പരസ്യമായി രംഗത്തിറങ്ങേണ്ടി വന്ന ഗതികേട് ആയിരിക്കാം ഗോവിന്ദനെക്കൊണ്ട് ഇത് പറയിപ്പിച്ചത്. കരുവന്നൂര്‍ അന്വേഷണത്തില്‍ ഇഡി ബലപ്രയോഗം നടത്തി എന്ന ആരോപണവും ഗോവിന്ദന് ഉന്നയിക്കുന്നു. എ.സി. മൊയ്തീന് സമാഹരിച്ച സമ്പത്തിനും പണത്തിനും എന്ത് സ്രോതസ്സാണ് ഉള്ളത് എന്നകാര്യം പാര്‍ട്ടി സഖാക്കളെ എങ്കിലും ബോധ്യപ്പെടുത്തിയാല്‍ ഈ ആരോപണത്തിന്റെ മുനയൊടിയും. അരപ്പട്ടിണിക്കാരും മുഴു പട്ടിണിക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും കൂലി തൊഴിലാളികളും സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് റിട്ടയര്‍ ആയവരും ആണ് സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചത്. ആ പണം സഖാക്കളും സിപിഎം നേതൃത്വവും മന്ത്രിമാരും ഒക്കെ ഉള്‍പ്പെട്ട റാക്കറ്റ് അടിച്ചുമാറ്റും എന്ന് ഒരു സഖാവും സ്വപ്നത്തില്‍ പോലും വിശ്വസിച്ചില്ല. അവരൊക്കെ ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ..’ എന്ന വാഗ്ദാനവും ‘പൊന്നരിവാള്‍ അമ്പിളിയില്…’ എന്ന പാട്ടും ഒക്കെ സ്വപ്നം കണ്ട് ചെങ്കൊടി പിടിച്ച് നേതാക്കള്‍ പറയുന്നവരെ ഒക്കെ തല്ലിയും കൊന്നും വിധേയത്വം സൂക്ഷിക്കുന്ന പാവങ്ങളാണ്. എന്‍ഫോഴ്സ്മെന്റിനെ കുറ്റം പറയുന്ന ഗോവിന്ദനോ കരുവന്നൂര്‍ അത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്ന എം.ബി. രാജേഷിനോ ഈ പാവം നിക്ഷേപകരുടെ പണം മടക്കി വാങ്ങി നല്‍കാനുള്ള ആര്‍ജ്ജവം ഉണ്ടോ? നേതാക്കളുടെ കുടുംബം സുഭിക്ഷവും സുരക്ഷിതവും ആകുമ്പോള്‍ പുഷ്പന് മാത്രമല്ല നൂറുകണക്കിന് പുഷ്പന്മാര് കേരളത്തില്‍ വഴിയാധാരമാവുകയാണ്. അതുകൊണ്ടുതന്നെ വീണയുടെ മാസപ്പടിയും പി.വി എന്ന പേരും രാഷ്ട്രീയത്തിന് അതീതമായി തന്നെ ചര്‍ച്ച ചെയ്താല്‍ പോരാ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: