തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക്. കേരള ബാങ്കിനു 900 കോടി രൂപ തിരിച്ചടയ്ക്കാനുള്ള കേരള ഗതാഗത വികസന ധനകാര്യ കോര്‍പറേഷന്റെ (കെടിഡിഎഫ്സി ) ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണം.
കേരള ബാങ്കിനു പുറമെ പ്രധാന ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും കെടിഡിഎഫ്സി കോടികള്‍ വായ്പ എടുത്തിട്ടുണ്ട്. ഈ തുകയും നിഷ്ക്രിയ ആസ്തികളായി മാറുന്നത് കേരളത്തിലെ സഹകരണ മേഖലയെയാകെ തകര്‍ക്കും.
കെടിഡി എഫ് സി ക്കുണ്ടായ തകര്‍ച്ച ക്രമേണ കേരള ബാങ്കിലേക്കും സഹകരണ ബാങ്കുകളിലേക്കും പടര്‍ന്നു പിടിക്കും. കെ എസ് ആര് ടി സിക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു വരെ ചെലവഴിക്കാന്‍ കെടിഡി എഫ് സി യില്‍ നിന്നു ശത കോടികള്‍ വായ്പ എടുത്തിരുന്നു.
തിരിച്ചടയ്ക്കാന്‍ കഴിയാതായതോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലെ ഷോപ്പിങ് കോംപ്ലക്സുകള്‍ സഹിതമുള്ള ആസ്തികള്‍ കെ ടിഡി എഫ് സി ഏറ്റെടുത്തു. പക്ഷേ കെ ടി ഡി എഫ്സിയില്‍ നിക്ഷേപകര്‍ക്ക് കാലാവധിക്കു ശേഷം തുക മടക്കി നല്‍കാനാകാത്ത സ്ഥിതിയുണ്ടായി.
കെ എസ് ആര് ടി സി ഷോപ്പിങ് കോംപ്ലക്സുകള്‍ ലേലം ചെയ്താല്‍ പ്രതിസന്ധി പുറം ലോകമറിയും. ശ്രീരാമകൃഷ്ണ മിഷന് കെടിഡി എഫ് സി യില്‍ നിക്ഷേപിച്ചിരുന്ന 130 കോടി രൂപ നിക്ഷേപ കാലാവധിക്കു ശേഷം തിരികെ ചോദിച്ചപ്പോഴാണ് പ്രതിസന്ധി പുറത്തിറഞ്ഞത്.
സര്‍ക്കാര്‍ ഗാരന്റിയോടെ നിക്ഷേപിച്ച തുക തിരിച്ചു കിട്ടുന്നില്ലെന്നു ശ്രീരാമ കൃഷ്ണ മിഷന് റിസര്‍വ് ബാങ്കിനോടു പരാതിപ്പെട്ടു. തുടര്‍ന്നു റിസര്‍വ് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് കെടിഡി എഫ് സി യുടെ പാപ്പരത്തം വെളിപ്പെട്ടത്.
ഇനി മേലില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും വായ്പ എടുക്കുന്നതും കൊടുക്കുന്നതും വിലക്കിക്കൊണ്ടാണ് റിസര്‍വ് ബാങ്ക് കെ ടിഡി എഫ് സി യുടെ ലൈസന്‍സ് റദ്ദാക്കിയത്. കെ ടിഡി എഫ് സി നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗാറന്റിയുണ്ടെങ്കിലും പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഭൂരിഭാഗം നിക്ഷേപകര്‍ക്കും തുക തിരിച്ചു കിട്ടില്ല.
കെടിഡി എഫ് സി ക്കു കേരള ബാങ്കും സഹകരണ ബാങ്കുകളും നല്കിയ വായ്പകള്‍ നിഷ്ക്രിയ ആസ്തിയായി മാറിക്കഴിഞ്ഞു. കരിവന്നൂര്‍ തട്ടിപ്പു പുറത്തു വന്നതോടെ നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ട സഹകരണ മേഖലയ്ക്ക് കെ ടിഡി എഫ് സി തകര്‍ച്ച കൂനിന്മേല് കുരുവാകും.
സഹകരണ ബാങ്കുകളുടെ തകര്‍ച്ച മുന്നില്‍ കണ്ട് പലയിടത്തും കൂട്ടത്തോടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപ വായ്പാ അനുപാതം തകിടം മറിയുന്ന നിലയിലേക്കാണ് പ്രതിസന്ധി നീങ്ങുന്നത്.
പല സഹകരണ ബാങ്കുകളും നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനു പരിധി നിശ്ചയിച്ചു കഴിഞ്ഞു. ഇതില്‍ നിക്ഷേപകര്‍ പരസ്യമായി പ്രതിഷേധിക്കുന്ന സാഹചര്യം ഉടലെടുത്താല്‍ സഹകരണ ബാങ്കുകള്‍ അടച്ചു പൂട്ടുന്ന സ്ഥിതിയുണ്ടാകും. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാര്‍ ദുരിതത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: