കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് താരം ഐബാന്‍ബ ഡോഹ്ലിങിനെതിരെ, ബെംഗളൂരുവിന്റെ വിദേശ താരം റയാന്‍ വില്യംസ് വംശീയ അധിക്ഷേപം നടത്തിയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വംശീയമായി അപമാനിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ ഐബാന്‍ബക്കെതിരെ വില്യംസ് കാണിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണെന്ന് ആരാധകര്‍ പറയുന്നു. കളിയുടെ 82ാമത്തെ മിനിറ്റിലാണ് സംഭവം.
പന്തിനായി പോരാടുന്നതിനിടെ ഐബാന്‍ വില്യംസുമായി കൊമ്പുകോര്‍ത്തു. തൊട്ടുപിന്നാലെ മൂക്ക് പൊത്തി വായ്നാറ്റം സൂചിപ്പിക്കുന്ന പോലെ വില്യംസ് പരിഹസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. താരത്തിനെതിരെ നടപടി വേണമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഐഎസ്എലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലടക്കം ആവശ്യമുയര്‍ത്തുന്നുണ്ട്.
മുമ്പ് വംശീയക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിച്ച താരമാണ് വില്യംസ്. ഈ സീസണിലാണ് ഓസ്ട്രേലിയക്കാരനായ വിങര്‍ ബെംഗളൂരു എഫ്സിയിലെത്തുന്നത്. ഐഎസ്എലില്‍ വില്യംസിന്റെ ആദ്യ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തെ സീസണ്‍ കിക്കോഫ് മത്സരം. 27കാരനായ ഐബാന്‍ബ ഗോവ എഫ്സിയില്‍ നിന്നാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിലെത്തിയത്.
സംഭവത്തില്‍ ഇതുവരെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഘാടകര്‍ക്ക് പരാതി നല്‍കുമോയെന്ന ചോദ്യത്തിന് തെളിവുകള്‍ ശേഖരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: