പാട്ന: ജോലിക്ക് പകരം ഭൂമി വാഗ്ദാനം ചെയ്ത അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മുന്‍ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് എന്നിവരുള്‍പ്പെടെ 17 പ്രതികള്‍ക്ക് ദല്‍ഹി റോസ് അവന്യൂ കോടതി സമന്‍സ് അയച്ചു. ഒക്ടോബര്‍ നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്.
കഴിഞ്ഞ ജൂലൈ മൂന്നിന് സിബിഐ സമര്‍പ്പിച്ച പുതിയ കുറ്റപത്രം പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയല്‍ പരിഗണിക്കുകയും എല്ലാ പ്രതികള്‍ക്കും സമന്‍സ് അയയ്ക്കുകയുമായിരുന്നു. സിബിഐ സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലാലു, ഭാര്യ റാബ്റി ദേവി, മകള്‍ മിസാ ഭാരതി എന്നിവരുള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് തേജസ്വി യാദവിനെ പ്രതിചേര്‍ത്തത്.
അഴിമതിക്കേസില്‍ ഉള്‍പ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥരായ മഹിപ് കപൂര്‍, മനോജ് പാണ്ഡെ, പി.എന്‍. ബന്‍സാല്‍ എന്നിവരെ വിചാരണ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതായി സിബിഐ കോടതിയെ അറിയിച്ചു. ലാലുവിനെ വിചാരണ ചെയ്യാന്‍ ഈ മാസം ആദ്യം അനുമതി ലഭിച്ചിരുന്നു. ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകന് തേജസ്വിയാദവ്, മറ്റ് പെണ്മക്കളും ലാലുവിന്റെ അനുയായികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ 2022 മേയ് 18നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
2004-09 കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് കേസ്. മന്ത്രിയായിരിക്കെ റെയില്‍വേയുടെ വിവിധ ഡിവിഷനുകളില്‍ ചട്ടങ്ങള്‍ മറികടന്ന് ജോലി നല്‍കിയെന്നാണ് ആരോപണം.
ജോലി ലഭിച്ചവര്‍ ലാലുവിനും കുടുംബത്തിനും വിവിധയിടങ്ങളിലായി ഭൂമിയിടപാടുകള്‍ നടത്തിയെന്നുമാണ് കേസ്. കേസെടുത്തതിന് പിന്നാലെ തേജസ്വിയുടെയും സഹോദരിമാരുടെയും ലാലുവിന്റെ അനുയായികളുടെയും വീടുകളില്‍ ഇഡി നടത്തിയ പരിശോധനയില്‍ കോടികളുടെ അനധികൃത സ്വത്തുക്കളും രേഖകളും കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: