ശ്രീനി കോന്നി
സര്‍വ്വചരാചരങ്ങളിലും കുടികൊള്ളുന്നത് ഈശ്വര ചൈതന്യമാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് ഹൈന്ദവ സംസ്ക്കാരം. വ്യത്യസ്ഥമായ ഉപാസനാ രീതികള്‍, മൂര്‍ത്തികള്‍, പ്രകൃതി ഇവയൊക്കെ മനുഷ്യജീവിതവും ആരാധനയുമായി പരസ്പര ബന്ധിതമാണ്. ഇത്തരത്തില്‍ വ്യത്യസ്ഥമായൊരു ദേവതാ സങ്കല്‍പ്പവുമായി അനുഗ്രഹം ചൊരിയുന്ന ദേവീസന്നിധിയാണ് പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണിലുള്ള ചിലന്തിയമ്പലം.
പേരുപോലെ, ദുര്‍ഗാ സങ്കല്‍പ്പത്തിലുള്ള ചിലന്തിയെയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവും ചെന്നീര്‍ക്കര സ്വരൂപത്തിന്റെ അധിപനുമായ ശക്തിഭദ്രനുമായി ബന്ധപ്പെട്ടതാണ്. ശക്തിഭദ്രന്റെ നാടാണ് കൊടുമണ്‍. കൊടുമണ്‍ ടൗണില്‍ നിന്നും രണ്ടുകിലോമീറ്ററോളം യാത്രചെയ്താല്‍ പള്ളിയറ ദേവീക്ഷേത്രം എന്നറിയപ്പെടുന്ന ചിലന്തി ക്ഷേത്രത്തിലെത്താം. ചിലന്തിവിഷത്തിന് പരിഹാരം നേടാന്‍ നിരവധി ഭക്തരാണ് ഇവിടെ എത്തുന്നത്. ക്ഷേത്രത്തിനുള്ളിലെ കിണറില്‍ ഔഷധഗുണമുള്ള ജലമുണ്ട്. മലര് നിവേദ്യത്തിന് ശേഷം ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന ഭസ്മവും ഔഷധവീര്യമുള്ള ജലവും സേവിക്കുകയും അതോടൊപ്പം വിവിധ പൂജകളും ദേവീ ഉപാസനയും നടത്തുകയും ചെയ്താല്‍ എത്ര കൊടിയ ചിലന്തി വിഷവും ശമിക്കുമെന്നാണ് വിശ്വാസം. പള്ളിയറ ക്ഷേത്രത്തിലും തൊട്ടടുത്തുള്ള വൈകുണ്ഠപുരം ക്ഷേത്രത്തിലും ശക്തിഭദ്രനാണ് പ്രതിഷ്ഠ നടത്തിയത്.
പേരിന് പിന്നില്‍
ചെന്നീര്‍ക്കര സ്വരൂപത്തില്‍ ഒരു കാലത്ത് ആണ്‍പ്രജകള്‍ ഇല്ലാത്തൊരു അവസ്ഥ സംജാതമായി. ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തര്‍ജനങ്ങള്‍ മാത്രം അവശേഷിച്ചു. ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണന് ദത്തെടുത്തതായി പറയപ്പെടുന്നു. ഇവര്‍ പിന്നീട് ചിലന്തി അമ്പലത്തിനു സമീപം കോയിക്കല്‍ കൊട്ടാരത്തില്‍ താമസമാക്കി. കാലാന്തരത്തില്‍ അതില്‍ ഒരു അന്തര്‍ജനം ഏകാന്തവാസത്തില്‍ ഏര്‍പ്പെട്ടു. അവര്‍ പിന്നീട് ആത്മീയതയില്‍ ലയിച്ച് അറയ്കുള്ളില്‍ ആദിപരാശക്തിയായ ദുര്‍ഗ്ഗാഭഗവതിയെ തപസ് അനുഷ്ഠിച്ചു. ആ അന്തര്‍ജനത്തിനു മേല്‍ ദേവീചൈതന്യമുള്ള ചിലന്തികള്‍ വലകെട്ടുകയും, ചിലന്തികള്‍ ഇവരുടെ ആജ്ഞാനുവര്‍ത്തികളാകുകയും ചെയ്തു. ഒടുവില്‍ ഈ വലയ്ക്കുള്ളില്‍ ഇരുന്ന് അന്തര്‍ജനം സമാധിയായി എന്നാണ് വിശ്വാസം. ഈ ഭക്തയുടെ ആത്മചൈതന്യം തൊട്ടടുത്ത ദുര്‍ഗാക്ഷേത്രത്തില്‍ ലയിച്ചു ചേര്‍ന്ന് ജഗദംബയില്‍ മോക്ഷം പ്രാപിച്ചതായി പറയപ്പെടുന്നു. അന്നു മുതലാണ് പള്ളിയറ ക്ഷേത്രം ചിലന്തിയമ്പലമായി അറിയപ്പെട്ടു തുടങ്ങിയത്.
ചിലന്തിയമ്പലത്തെ സംബന്ധിച്ച് മറ്റൊരു കഥകൂടി പ്രചാരത്തിലുണ്ട്. ചെന്നീര്‍ക്കര തമ്പുരാക്കന്മാരില് രവീന്ദ്രവിക്രമന് പ്രശസ്തനായ വിഷചികിത്സകനായിരുന്നു. അപൂര്‍വങ്ങളായ അങ്ങാടിമരുന്നുകളുടെ ശേഖരംതന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. രവീന്ദ്രവിക്രമന് മൂന്ന് പെണ്മക്കളായിരുന്നു. അതിനാല്‍ തന്റെ കാലശേഷം ചികിത്സതുടര്‍ന്നു കൊണ്ടുപോകാന്‍ സാധ്യമല്ലെന്നു മനസിലാക്കി അദ്ദേഹം നിരവധി കിടങ്ങുകള്‍ കുഴിച്ച് അങ്ങാടി മരുന്നുകളെല്ലാം അതിലിട്ടു മൂടിയതായി പറയപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമായി കുഴിപ്പിച്ച ഈ കിടങ്ങില്‍നിന്നു വരുന്ന ഔഷധജലമാണ് ക്ഷേത്രകിണറ്റല്‍ എത്തിച്ചേരുന്നതെന്നാണ് വിശ്വാസം.
തമ്പുരാന്റെ കാലശേഷം മക്കളില്‍ രണ്ടുപേര്‍ മരിക്കുകയും മൂന്നാമത്തവള്‍ കൊട്ടാരത്തിന്റെ അറയില്‍ കയറി തപസ് അനുഷ്ഠിക്കുകയും ചെയ്തു. ഇതോടെ ചെന്നീര്‍ക്കര രാജവംശം ഇല്ലാതെയായി. തമ്പുരാന്റെ കാലശേഷം സ്വത്തവകാശത്തെക്കുറിച്ച് എഴുതി വെച്ചിരുന്ന ചെമ്പോല പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്തെല്ലാം മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിനായി. നാളുകള്‍ക്കു ശേഷം അവിടെനിന്നു ആളുകളെത്തി അറതുറന്നു നോക്കുമ്പോള്‍ ചിലന്തികളെകൊണ്ടു മൂടിയ തമ്പുരാട്ടിയുടെ അസ്ഥികള്‍ മാത്രമാണ് കണ്ടതെന്നും മറ്റൊരു കഥ. അങ്ങനെ ആ തമ്പുരാട്ടി ചിലന്തിയമ്മയായി. ദേവസ്ഥാനം കല്പിച്ചു നല്‍കിയതോടെ കൊട്ടാരത്തിന്റെ നിലവറയില്‍ ചിലന്തിതമ്പുരാട്ടിക്കും കിണറ്റുകല്ലില്‍ മൂത്തതമ്പുരാട്ടിക്കും നിവേദ്യം നല്കി വന്നിരുന്നു. കാലക്രമത്തില്‍ തമ്പുരാട്ടിയെ വിധിപ്രകാരം പള്ളിയറ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയായി കരുതുന്നു.
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ക്ഷേത്രമുള്ളത്. വൃശ്ചികത്തിലെ കാര്‍ത്തികനാളിലെ ഉത്സവം, മകരത്തിലെ ചന്ദ്രപൊങ്കാല തുടങ്ങിയവ ഇവിടുത്തെ പ്രസിദ്ധമായ ആഘോഷങ്ങളാണ്.
എത്തിച്ചേരാന്‍
അടൂരില്‍ നിന്നും 9 കിലോമീറ്ററും പത്തനംതിട്ടയില്‍ നിന്ന് 12 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. ക്ഷേത്രത്തിന് തൊട്ടടുത്തായി ശക്തിഭദ്രന്‍ സ്മാരകവും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: