ലണ്ടന്‍: കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയുമായുള്ള വ്യാപാരചര്‍ച്ചകള്‍ മുന്നോട്ടുപോകുമെന്ന് യുകെ. പ്രധാനമന്ത്രി ഋഷി സുനക്..
ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരാണെന്ന് കഴിഞ്ഞ ദിവസം കാനഡ പാര്‍ലമെന്‍റില്‍ ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ജസ്റ്റിന്‍ ട്രൂഡോ ഋഷി സുനകിനെയും യുഎസ് പ്രസിഡന്‍റ് ബൈഡനെയും ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണിനെയും ഫോണില്‍ വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തിന്റെ പേരില്‍ മാത്രം ഇന്ത്യയുമായുള്ള വ്യാപാരചര്‍ച്ചകളില്‍ നിന്നും പിന്തിരിയാന്‍ സാധിക്കില്ലെന്ന് ഋഷി സുനക് വ്യക്തമാക്കി.
ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഇത് അസംബന്ധവും ആസൂത്രിതവുമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
യുകെയില്‍ ഇന്ത്യയില്‍ നിന്നുള്ള കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ ഇറക്കുന്ന കാലമാണിത്. ഈയിടെ യുകെ സര്‍ക്കാരുമായി ചേര്‍ന്ന് സ്റ്റീല്‍ നിര്‍മ്മിക്കാനും ഏകദേശം 4000 പേര്‍ക്ക് തൊഴില്‍ നല്‍കാനും 125 കോടി ഡോളറിന്റെ കരാറില്‍ ടാറ്റാ സ്റ്റീല്‍ ഒപ്പുവെച്ചിരുന്നു. ദല്‍ഹിയില്‍ ഈയിടെ നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യയും യുകെയും ഒരു സ്വതന്ത്ര വ്യാപാരക്കരാറുണ്ടാക്കുമെന്ന് മോദിയും ഋഷി സുനകും പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്. ഈ വ്യാപാരക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകുമെന്നാണ് ഋഷി സുനക് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: