കോട്ടയം: വെല്ലുവിളികളെ അതിജീവിച്ചാണ് ഭാരതം പ്രകൃതിദത്ത റബറിന്റെ ഉത്പാദനത്തിലും ഉപഭോഗത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച നേടിയതെന്ന് റബര്‍ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ. കോട്ടയത്ത് റബര്‍ ബോര്‍ഡിന്റെ 185-ാമത് യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബര്രോഗങ്ങളെ ചെറുക്കുന്നതിലും തോട്ടങ്ങള്‍ ദത്തെടുത്ത് ടാപ്പ്ചെയ്യുന്നതിലും ടാപ്പര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിലും ബോര്‍ഡ് നടത്തിയ ഇടപെടലുകളാണ് ഉത്പാദനം വര്‍ധിപ്പിച്ചത്. റബറുത്പാദകസംഘങ്ങളുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ വരുത്തിയാലേ അവയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയൂ.
സംഘങ്ങളുടെ കീഴില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ) രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്താണിതെന്ന് ഡോ. ധനാനിയ പറഞ്ഞു. പ്രകൃതിദത്ത റബറിന്റെ ആഭ്യന്തര സ്ഥിതിവിവരങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ വിശദീകരിച്ചു.
2022-23-ല്‍ രാജ്യത്തെ റബറുത്പാദനം 839,000 മെട്രിക് ടണ്‍ ആയിരുന്നു. 8.3 ശതമാനം വളര്‍ച്ച, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. ബോര്‍ഡ് വൈസ് ചെയര്മാന് കെ.എ. ഉണ്ണിക്കൃഷ്ണന്, അംഗങ്ങളായ എന്‍. ഹരി, പ്രസന്‍ജിത്ത് ബിശ്വാസ്, കെ. വിശ്വനാഥന്, പി. രവീന്ദ്രന്, സി.എസ്. സോമന് പിള്ള, കോര സി. ജോര്‍ജ്, ജി. അനില്‍കുമാര്‍, കല്ലോല്‍ ദേ, ജി. കൃഷ്ണകുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കെ.എ. ഉണ്ണിക്കൃഷ്ണനെ വൈസ് ചെയര്‍മാനായി യോഗം വീണ്ടും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: