ന്യൂദല്‍ഹി: അടുത്തിടെ നിലവില്‍ വന്ന ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ നിയമം (ഡിപിഡിപി ആക്ട്) 2023 നടപ്പാക്കുന്നത് സംബന്ധിച്ച പ്രഥമ ഡിജിറ്റല്‍ ഇന്ത്യ ഡയലോഗ് ന്യൂദല്‍ഹിയില്‍ നടന്നു.
കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ് & ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇത് സംബന്ധിച്ച് രാജ്യത്തെ വ്യവസായ മേഖലയുടെ പ്രതിനിധികളുമായി കൂടിയാലോചന നടത്തി.
നിയമത്തിലെ വ്യവസ്ഥകള്‍ക്ക് ആവശ്യമായ പരിവര്‍ത്തന സമയത്തെ കുറിച്ചും അവ നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രതികരണങ്ങള്‍ തേടുന്നതിനുമുദ്ദേശിച്ചാണ് ചര്‍ച്ച സംഘടിപ്പിക്കപ്പെട്ടത്. ചരിത്രപരമായ ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ നിയമത്തിന് പിന്നിലെ സുദീര്‍ഘമായ യാത്രയെക്കുറിച്ച് മന്ത്രി അവരോട് വിശദീകരിച്ചു.
ഇന്ത്യയിലെ ഡിജിറ്റല്‍ പൗരന്മാരുടെ ആവശ്യങ്ങള്‍ക്കിണങ്ങും വിധത്തില്‍ സമകാലികപ്രസക്തമായ നിയമങ്ങള്‍ യാഥാര്‍ഥ്യമാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനൊപ്പം നിന്നുകൊണ്ടും ലോകത്തിന് തന്നെ മാതൃകയാകും വിധത്തിലും രൂപപ്പെടുത്തുക വഴി വിശാലമായ ഒരു ആഗോള ദൗത്യത്തിലേക്കാണ് ഡിപിഡിപി നിയമം വഴിവച്ചതെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വരുന്ന 30 ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശിക്കപ്പെടുമെന്നും അടുത്ത മാസത്തില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് നിലവില്‍ വരുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍ വന്‍തോതില്‍ കൈകാര്യം ചെയ്യുന്ന ആശുപത്രികള്‍ മുതലായ സ്ഥാപനങ്ങള്‍ക്ക് നിയമവ്യവസ്ഥകള്‍ പാലിക്കുന്നതിന് കൂടുതല്‍ സമയം ലഭിക്കാനിടയുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.
കാരണം നിയമം നിഷ്‌കര്‍ഷിക്കുന്ന വിധത്തില്‍ വലിയ തോതില്‍ ഡാറ്റ കൈകാര്യം ചെയ്തുള്ള മുന്‍പരിചയം ഈ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ത്തന്നെ അവര്‍ക്ക് നിയമത്തെ അറിയുന്നതിനും അവ പാലിക്കുന്നതിനും കൂടുതല്‍ സമയം ആവശ്യപ്പെടാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിയമലംഘനമുണ്ടെന്നു കണ്ടാല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് അത് കൈകാര്യം ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും. പക്ഷേ, അവര്‍ പൂര്‍ണ്ണമായും സജ്ജമായതിനു ശേഷമേ ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ തുടങ്ങുകയുള്ളുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വ്യവസായ അസോസിയേഷനുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഐടി പ്രൊഫഷണലുകള്‍, അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ ടെക്ക് ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട നൂറിലേറെ പങ്കാളികള്‍ ഇന്ന് നടന്ന കൂടിയാലോചനയില്‍ പങ്കെടുത്തു. ഡിജിറ്റല്‍ പൗരന്മാരുടെ വിശ്വാസവും സുരക്ഷയും ഉറപ്പുനല്‍കുന്ന നിയമത്തിന്റെ വിശദാംശങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ ആവര്‍ത്തിച്ചു.
ഡാറ്റ കൈകാര്യം ചെയ്യുന്ന എല്ലാവരും നിയമം പാലിക്കണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം സാധുതയുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യങ്ങളില്‍ നിയമപാലനത്തിനു വേണ്ട കാലയളവ് നീട്ടിനല്‍കുന്നത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഉറപ്പുനല്‍കി.
ജിഡിപിആര്‍ (യൂറോപ്പ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) മുതലായ സമാന നിയമങ്ങള്‍ നിലവില്‍ പിന്തുടരുന്ന കമ്പനികള്‍ ഈ പുതിയ നിയമങ്ങള്‍ പാലിക്കുന്നതിന് കൂടുതല്‍ കാലയളവ് ആവശ്യപ്പെടരുതെന്ന് അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാതെ തന്നെ പ്രസ്താവിച്ചു.
‘ഞങ്ങളിപ്പോള്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലാണ്; അത് സുഗമമായും വേഗത്തിലും സംഭവിക്കണം. വിശ്വാസത്തിന്റെ ഒരു സംസ്‌കാരം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നവരുടെ സമീപനത്തിലും പെരുമാറ്റത്തിലും തങ്ങള്‍ അത് ഉത്തരവാദിത്തത്തോടെയും ഡാറ്റ സംരക്ഷണ തത്വങ്ങള്‍ക്കു വിധേയമായും കൈകാര്യം ചെയ്യുന്നുവെന്ന അവബോധമുണ്ടാകണം.
‘ഒരുതരത്തില്‍ ഇതൊരു പ്രതിരോധ പ്രവര്‍ത്തനമാണ്; ഡിജിറ്റല്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷക്കുവേണ്ടി ഏവരുടെയും നല്ല പെരുമാറ്റം ഉറപ്പു വരുത്തുന്നതിലേക്കുള്ള പ്രതിരോധ പ്രവര്‍ത്തനം’, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവെ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്റ്റ് 2023ന്റെ നടപ്പാക്കലും നിയമ ഘടനയും സംബന്ധിച്ച് നടന്ന പ്രഥമ കൂടിയാലോചനയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: