ന്യൂദൽഹി: ഭാരത ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലാകുന്ന വനിതാ സംവരണ ബില്ലിന്മേൽ ലോക്സഭയിൽ ചർച്ച തുടങ്ങി. വനിതകൾക്ക് തുല്യത നൽകുന്ന ബില്ലാണ് നാരീശക്തി വന്ദൻ അധിനീയമെന്ന് നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ പറഞ്ഞു. വിപ്ലവകരമായ മാറ്റത്തിനാണ് സർക്കാർ തുടക്കമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ മുന്നണിയിൽ നിന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ചർച്ചയ്ക്ക് നേതൃത്വം നൽകി സംസാരിച്ചു. ബില്ലിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് സോണിയ അറിയിച്ചു. വനിതാ ശാക്തീകരണത്തിൽ മുൻ പ്രധാനമന്ത്രിയുടെ പേരുകൾ അവർ എടുത്തു പറഞ്ഞു. രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിതാ ബില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബില്ലിനൊപ്പം ജാതി സെന്‍സസ് കൂടി നടപ്പിലാക്കണമെന്നും ദുര്‍ബലവിഭാഗങ്ങളെ സ്ത്രീകളുടെ രാഷ്ട്രീയ ഉന്നമനവും പരിഗണിക്കണമെന്നും ബില്‍ ചര്‍ച്ചയ്ക്കിടെ സോണിയ ആവശ്യപ്പെട്ടു. എത്രയും വേഗം വനിതാ സംവരണ ബില്‍ പാസാക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കിയതിന് സമാനമായി ഒബിസി വിഭാഗങ്ങള്‍ക്ക് വനിതാ സീറ്റുകളില്‍ പ്രത്യേക സംവരണം നല്‍കണം.
ഏറെ വര്‍ഷങ്ങളായി ഭാരതത്തിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ് ഈ മുന്നേറ്റം. കാലാകാലങ്ങളായി രാജ്യത്തെ പുരുഷന്മാരോടൊപ്പം സ്ത്രീകളും അക്ഷീണമായി പ്രയ്തനിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് സരോജിനി നായിഡു, അരുണ അസഫലി, വിജയലക്ഷ്മി പണ്ഡിറ്റ്, സുചേത കൃപലാനി എന്നിവര്‍ മഹാത്മ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്റു, മൗലാന ആസാദ് എന്നിവരോടൊപ്പം രാജ്യത്തിനായി പോരാടിയെന്നും സോണിയ പറഞ്ഞു.
ചർച്ചയ്ക്ക് കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമനും സ്മൃതി ഇറാനിയും നേതൃത്വം നൽകും. ഏഴ് മണിക്കൂർ സമയമാണ് വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കുള്ള സമയമായി അനുവദിച്ചിരിക്കുന്നത്. ബില്‍ 128-ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമ മന്ത്രി അര്ജുന് റാം മേഘ്വാള് അവതരിപ്പിച്ചത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതാണ് ബില്‍.
ബില്‍ അവതരണത്തിനു മുമ്പ് സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വനിതാ ശാക്തീകരണത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അക്കമിട്ട് വ്യക്തമാക്കിയിരുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് വനിതാ സംവരണ ബില്‍ പല തവണ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ ഭൂരിപക്ഷമില്ലായിരുന്നു, ഇതുമൂലം ഈ സ്വപ്നം അപൂര്‍ണമായി തുടര്‍ന്നു. ഇന്ന്, ഇതു മുന്നോട്ടു കൊണ്ടുപോകാന്‍ ദൈവം തനിക്ക് അവസരം നല്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നാരീശക്തിയെ അഭിനന്ദിച്ച മോദി, ബില്‍ ഒരേസ്വരത്തില്‍ പാസാക്കാന്‍ എംപിമാരോട് അഭ്യര്‍ഥിച്ചു. നേരത്തേ രാജ്യസഭയില്‍ ബില്‍ പാസാക്കിയിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ വാദം. എന്നാല്‍, ആ ബില്‍ അസാധുവായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്കി.
ബില്‍ നിയമമായാല്‍ ലോക്സഭയില്‍ വനിതാ പ്രാതിനിധ്യം 181 ആകും. നിലവില്‍ 78 പേരാണുള്ളത്. ഭാവിയില്‍ ലോക്സഭയിലേക്കു കേരളത്തില്‍ നിന്നുള്ള 20 എംപിമാരില്‍ ആറു പേര് വനിതകളാകും. കേരള നിയമസഭയില്‍ 46 വനിതാ എംഎല്‍എമാരുണ്ടാകും. ഇപ്പോള്‍ 11 വനിതാ എംഎല്‍എമാരുണ്ട്. പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയത്തിനു ശേഷമാകും വനിതാ സംവരണം നടപ്പാക്കുക.
രണ്ടാം യുപിഎ സര്‍ക്കാര്‍ കാലത്ത്, 2010 മാര്‍ച്ച് ഒന്‍പതിന് വനിതാസംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. സമാജ്വാദി പാര്‍ട്ടിയും ആര്‍ജെഡിയും ശക്തമായ എതിര്‍പ്പുയര്‍ത്തിയതിനാല്‍ ബില്‍ ലോക്സഭയിലെത്തിയില്ല. ഇതാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: