ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയ്‌ക്ക് എത്താത്ത സാക്ഷികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ മാവേലിക്കര അഡീഷണല്‍ ജില്ല ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവിട്ടു.
വിചാരണയുടെ അവസാന ഘട്ടത്തില്‍ കോടതിയില്‍ ഹാജരാകാതിരിക്കുന്ന അമ്പലപ്പുഴ സ്വദേശി ഷഹീര്‍, ഹരികൃഷ്ണന്‍, മണ്ണഞ്ചേരി സ്വദേശികളായ സുധീര്‍, പ്രശാന്ത്, അനില്‍ എന്നിവര്‍ക്കെതിരെയാണ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസിലെ രണ്ടാം പ്രതി കൃത്യത്തിന് ഉപയോഗിച്ച വാള്‍ പോലിസ് കണ്ടെടുക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി കൊടുത്ത കോമളപുരം സ്വദേശിയെയും, പന്ത്രണ്ടാം പ്രതി കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന സമീപവാസി ഉള്‍പ്പെടെയുള്ള സാക്ഷികളെയുമാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി പടിക്കല്‍ കോടതി മുമ്പാകെ വിസ്തരിച്ചത്.
സംഭവ സമയത്ത് ആലപ്പുഴ സൗത്ത്, നോര്‍ത്ത് പോലീസ് സ്റ്റേഷനുകളിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കിയ എടത്വ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരെ ബുധനാഴ്ച കോടതിയില്‍ വിസ്തരിക്കും. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: