ബദിയടുക്ക: ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി രാത്രികാല ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പനിയും പകര്‍ച്ച വ്യാധികളും പടരുമ്പോള്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഏക ആശ്രമായ ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍.
എല്ലാവിധ ചികിത്സ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും കുറവ് കാരണം രാത്രികാല ചികിത്സ കിട്ടാതെ രോഗികള്‍ നിരാശയോടെ മടങ്ങേണ്ടി വരുന്നു.
ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമുണ്ടന്ന് അവകാശപ്പെടുമ്പോഴും രാത്രികാല കിടത്തി ചികിത്സ നിഷേധിക്കുകയാണ്.
ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറടക്കം എട്ട് പേരുണ്ടെങ്കിലും ഇവരില്‍ ആറുപേര്‍ കരാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ്. നാല് സ്റ്റാഫ് നഴ്സ്മാരില്‍ നിലവില്‍ രണ്ട് പേര് മാത്രമെ ഇവിടെയുള്ളു. സ്ഥിരം ഡോക്ടര്‍മാരെ ഇവിടെ നിന്നും പിന്‍വലിച്ചിരിക്കുന്നു. ചിലപ്പോള്‍ രക്ത പരിശോധന നടത്തുന്നുണ്ടങ്കിലും പലര്‍ക്കും കുറിപ്പെഴുതി കൊടുക്കുകയും ആശുപത്രി ജീവനക്കാരിയുടെ മേല്‍നോട്ടത്തില്‍ ബദിയടുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന ലാബിലേക്ക് രോഗികളെ പറഞ്ഞു വിട്ട് സൗജന്യ സേവനത്തിന് പകരം വന്‍ തുക ഈടാക്കുന്നതായും ആരോപണമുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശമായ കുമ്പഡാജെ, എന്മകജെ, ബെള്ളൂര്‍, ബദിയഡുക്ക തുടങ്ങിയ പ്രദേശങ്ങളിലെ രോഗികള്‍ക്ക് ഏക ആശ്രയമാണ് ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രം. ദൈനംദിനം നൂറ്കണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്തണമെന്നവശ്യപ്പെട്ട് പല രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യസ്തമായ സമരങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്.ആശുപത്രി മാനേജ്മെന്റ് കമ്മറ്റി നിലവിലുണ്ടെങ്കിലും തക്ക സമയങ്ങളില്‍ ചേരാറില്ലെന്നും ആക്ഷേപമുണ്ട്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ നിലവില്‍ മുപ്പത് കിടക്കകളുള്ള സ്ത്രീകളെയും പുരുഷന്മാരെയും കിടത്തി ചികിത്സിക്കാനുള്ള പ്രത്യേകം വാര്‍ഡുകള്‍, ഓപ്പറേഷന് തിയേറ്റര്‍, ലബോറട്ടറി, സാന്ത്വന പരിപാലന കേന്ദ്രം, ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്വാട്ടേഴ്സുകള്‍ തുടങ്ങി എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉണ്ടായിട്ടും ആരോഗ്യ വകുപ്പ് ജില്ലയുടെ വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയോട് അവഗണന കാട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: