തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിയുടെ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ എ സി മൊയ്തീന് കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി മൊയ്തീന് ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ച നടത്തിയ റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റിലേക്ക് കടക്കാന്‍ ഇഡി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് എ സി മൊയ്തീന് ഇഡിയെ അറിയിച്ചിരുന്നു. റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ ഇ ഡി ഓഫിസിലെത്തിയ ശേഷം റെയ്ഡ് വിവരങ്ങള്‍ കൂടി പരിശോധിച്ചതിന് ശേഷം ചൊവ്വാഴ്ച വൈകീട്ടോടെയാകും എ സി മൊയ്തീന്റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുക.
തൃശൂരില്‍ മാത്രം ആറ് ബാങ്കുകളിലും എറണാകുളത്ത് മൂന്നിടത്തും ആണ് ഇഡി പരിശോധന നടന്നത്. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി സതീഷ്കുമാറിനെ കേന്ദ്രമാക്കി നടത്തിയ ചോദ്യം ചെയ്യലിലാണ് കുറെ വിവരങ്ങള്‍ പുറത്തുവന്നത്. തൃശൂര്‍-അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ സിപിഎം നേതാക്കളുടെ പങ്കും കൂടുതലായി അന്വേഷിച്ച് വരികയാണ്.
സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഇഡി എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെയ്ഡ് നടത്തിയിരുന്നു. കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ ബാങ്കുകളിലും പരിശോധന നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: