സ്വാമി നന്ദാത്മജാനന്ദ
(പത്രാധിപര്‍, പ്രബുദ്ധകേരളം)
ഗണപതിയുടെ രൂപം മനസ്സിന്റെ ആഴമേറിയ തലത്തെ സൂചിപ്പിക്കുന്നുവെന്നു കാണാം. മുറിഞ്ഞ കൊമ്പു-നല്ലതെടുക്കുക, മോശം അവഗണിയ്ക്കുക-എന്നതിനേയും, ദൃശ്യമാകാത്ത വായ യോഗിയുടെ മൗനത്തെയും, മോദകം സാധനയുടെ ഫലമായി ലഭിക്കേണ്ട മധുരഫലത്തേയും, കുടവയര്‍ എന്തും ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശേഷിയേയും, വരദഹസ്തം ദാനം ചെയ്യുന്ന ശീലത്തേയും, തുമ്പിക്കൈ കാര്യശേഷിയേയും, ചെറിയ കണ്ണ് സൂക്ഷ്മാര്ത്ഥഗ്രഹണത്തേയും, വലിയ ശിരസ്സ് വിശാലചിന്തയേയും പ്രതിനിധാനം ചെയ്യുന്നു. ഗണപതി ഇരിയ്ക്കുന്ന താമരയെന്ന പീഠത്തെ കണക്കിലെടുക്കുമ്പോള്‍ താമരയെന്ന സാധ്യതയെയാണ് തിരിച്ചറിയേണ്ടത്. ഒരു താമര വിരിയുംപോലെയാണു ജ്ഞാനം വിരിഞ്ഞു ചുറ്റും സുഗന്ധം പരത്തേണ്ടത്. വിജ്ഞാനസാമ്രാജ്യത്തിന്റെ ഭരണാധിപത്യത്തെ കിരീടവും, വലിയ ചെവി ഗുരുമുഖത്തുനിന്നും എല്ലാം പകര്‍ന്നെടുക്കുന്ന ശിഷ്യനിലെ ശ്രദ്ധാഭാവത്തേയും കുറിക്കുന്നു. ചെറിയ കണ്ണുകള്‍ അന്തര്‍മുഖനായി ബ്രഹ്മാണ്ഡത്തെ കണ്ടുകൊണ്ടിരിക്കുന്ന യോഗിയുടെ രൂപഭാവത്തെയും, നീണ്ട തുമ്പിക്കൈ വിവേചനേന്ദ്രിയമായ നാസികയുടെ ഉയര്‍ന്ന ഭാവത്തെയും സൂചിപ്പിയ്ക്കുമ്പോള്‍ ഗണപതിയുടെ കൈയ്യിലെ ചോറുരുളയും വേദവും ശ്രേയസ്സും പ്രേയസ്സും രണ്ടും ജീവിതത്തില്‍ വേണമെന്ന മുന്നറിയിപ്പായിത്തീരുകയും ചെയ്യുന്നു. ഗണപതിയുടെ കൈയ്യിലെ മഴുവും കൊളുത്തും മനസ്സിനെ വിഷയങ്ങളില്‍ നിന്നും വിടുവിച്ചു നിയന്ത്രിച്ചു പിടിയ്ക്കേണ്ട അനിവാര്യതയെ ഓര്‍മ്മപ്പെടുത്തുന്നു. മനസ്സിലെ കാടും പടലും വെട്ടി നീക്കുന്ന ആയുധത്തെ മഴു പ്രതീകവത്കരിക്കുന്നു.
സാധനയ്ക്കുള്ള ഗംഭീര ഉപാധി
സാധനയ്ക്കുള്ള എല്ലാ വിഘ്നങ്ങളെയും മാറ്റി മനസ്സിനെ ഉയര്‍ത്തിത്തരാന്‍ ഗണപതി ആരാധനകൊണ്ടാകുമെന്നു ചുരുക്കം. ശിവകുടുംബത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ ഗണപതി ആദിമസംസ്കൃതിയുടെ പ്രതിനിധിയാണ്. വ്യാസനാണു ഗണപതിയെ വേദാന്തചിന്തകളുമായി സംയോജിപ്പിച്ചത്. വ്യാസന് ആദ്യം മഹാഭാരതം പറഞ്ഞു കേള്‍പ്പിച്ചതു ഗണപതിക്കാണെന്നും ഗണപതിയാണ് അത് എഴുതിയെടുത്തതെന്നും പറയപ്പെടുന്നു. ഗണപതിയെ വിഘ്നേശ്വരനായും മംഗളമൂര്‍ത്തിയായും ആണു കരുതുന്നത്. ഗണങ്ങളുടെ നാഥനാണു ഗണപതി, ഗണങ്ങളില്‍ ഉള്‍പ്പെടുക ജ്ഞാനമണ്ഡലത്തിന്റെ ഭാഗമായ ദേവന്മാരും കര്‍മ്മമണ്ഡലത്തിന്റെ ഭാഗമായ പിതൃക്കളുമത്രെ. ഈ രണ്ടു ഗണങ്ങളുടേയും നാഥനാകയാല്‍ ഗണപതിക്ക് പ്രാരാബ്ധ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കാനും ബന്ധമുക്തിതരാനും സാധിക്കുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കും ജീവിതത്തില്‍ തടസ്സങ്ങളും വിഘ്നങ്ങളും ഉണ്ടാവുക സ്വാഭാവികമാണല്ലോ. പ്രത്യേകിച്ചു ‘ശ്രേഷ്ഠമായ കാര്യങ്ങളിലേയ്ക്കു പോകാനാണെങ്കില്‍ വിഘ്നങ്ങളുടെ നിരതന്നെ ഉണ്ടാകും. ‘ഈ വിഘ്നങ്ങളെ നീക്കിത്തരാന്‍ നാം ആശ്രയിക്കുന്നതു ഗണപതിയെയാണ്. ശങ്കരാചാര്യരുടെ ഗണേശ പഞ്ചരത്നസ്തോത്രവും ശ്രീനാരായണഗുരുവിന്റെ വിനായാകാഷ്ടകവും വളരെ പ്രശസ്തമായ ഗണേശകൃതികളാകുന്നു. വിനായകാഷ്ടകത്തിലൂടെ ഒരു സാധനകനുള്ള എല്ലാ ഉയര്‍ച്ചയും സാധിതമാണെന്നു മനസ്സിലാക്കാനാവുന്നതാണ്. സാധകന്റെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ചൈതന്യത്തെ ഉണര്‍ത്തുമ്പോള്‍ ഉള്ളിലെ ആനന്ദമഗ്നത കണ്ടെത്താനും ചുറ്റുമുള്ള ലോകത്തിന്റെ മൂല്യം ഗ്രഹിക്കാനും സാധിക്കുന്നു. ഈ ആനന്ദമഗ്നതയും ചുറ്റുമുള്ള ലോകത്തോടു കാണിക്കേണ്ട കാരുണ്യവുമാകുന്നു സാധകജീവിതത്തിന്റെ അളവുകോല്‍. ഈ ഉയര്ന്നാവസ്ഥയിലേയ്ക്കു കൊണ്ടുപോകാന്‍ പ്രധാനമായും മൂന്ന് ആരാധനാരീതികളാണുള്ളത്. 1. സഗുണ സാകാരരീതി, 2. സഗുണനിരാകാരരീതി, 3. നിര്‍ഗുണ നിരാകാരരീതി, ഇതില്‍ വിഗ്രഹാരാധനയും സഗുണാരാധനയും സാധനയ്ക്കുള്ള പ്രധാന പടിയാണെന്നും അത് ആചരിക്കേണ്ടതുതന്നെയാണെന്നും ശ്രീരാമകൃഷ്ണപരമഹംസരും വിവേകാനന്ദസ്വാമികളും ഒക്കെ കാണിച്ചു തന്നിട്ടുണ്ട്. വിവേകാനന്ദസ്വാമികളാണു ബേലൂര്‍മഠത്തില്‍ ദുര്‍ഗ്ഗാപൂജ തുടങ്ങിവെച്ചതുതന്നെ. മാത്രമല്ല വൃന്ദാനവനത്തിലെ രാധാകൃഷ്ണ സങ്കല്പവും വൃന്ദാവനവും ഒക്കെ എണ്ണിയാലൊടുങ്ങാത്ത സാധകരെ ഇപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു. കൃഷ്ണനൊഴിച്ചുള്ളവരെല്ലാവരും ഗോപികമാരാണെന്നും രാധമാരാണെന്നുമുള്ള ഭാവത്തില്‍ ജീവിക്കുന്ന ധാരാളം ഭക്തരെയും, സാധകരെയും, വൈഷ്ണവസംന്യാസിമാരെയും വൃന്ദാവനത്തില്‍ കാണാന്‍ സാധിക്കും. ഇത് ആത്മാവിനെ പരമാത്മാവായി പങ്കുചേര്‍ക്കുന്ന ആഴമേറിയ രീതികളാകുന്നു. മീരാഭായിയും ചൈതന്യമഹാപ്രഭുവുമെല്ലാം ഈ ആഴമേറിയ തലങ്ങളിലൂടെ ശ്രീകൃഷ്ണചൈതന്യത്തില് ലയിച്ചുചേര്ന്നവരാകുന്നു.
വെള്ളം കൊണ്ടുവരുന്ന കുടങ്ങള്‍ക്കു മുകളില്‍ മഥുരയിലെ സ്ത്രീകള്‍ ചെറിയ കുടം വെയ്ക്കുന്നതു ശ്രീകൃഷ്ണന് അത് എറിഞ്ഞുടയ്ക്കുമെന്ന ബോദ്ധ്യം കൊണ്ടാണത്രെ. രാധാകൃഷ്ണ-യുഗളപ്രേമത്തെ അത്രമാത്രം ജീവിതത്തില്‍ സമന്വയിപ്പിച്ചവരാണു മിക്ക മഥുരാവാസികളും. ‘ശ്രീകൃഷ്ണനിലും രാധയിലും വിശ്വസിക്കാന്‍ കഴിയില്ലെങ്കില്‍ പോട്ടെ, ആ ആകര്‍ഷണത്തെ സ്വീകരിച്ചുകൂടെ?’ എന്നു ശ്രീരാമകൃഷ്ണന് ചോദിയ്ക്കുന്നുണ്ട്. അതായത് ഈശ്വരനെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഈശ്വരനോട് അത്രയും വലിയ ആകര്‍ഷണം വേണമെന്നു ചുരുക്കം. പല മഹാത്മാക്കളുടേയും സംന്യാസിമാരുടെയും ഇഷ്ടദേവത ഗണപതിയാകുന്നു. ശ്രീനാരായണഗുരുവിന്റെ പ്രധാന സംന്യാസിശിഷ്യന് ബോധാനന്ദസ്വാമികള്‍ ഗണപതിയുടെ ഉപാസകനും, ആ ഉപാസനയിലൂടെ ലക്ഷ്യം നേടിയ ആളുമായിരുന്നു. ആധുനികകാലത്തെ മള്ളിയൂരും മറ്റും ഗണപതിയെ ആരാദ്ധ്യമൂര്ത്തിയായി കരുതി ജീവിച്ചവരാകുന്നു. മാത്രമല്ല ലോകമെമ്പാടുമുള്ള വിനായകക്ഷേത്രങ്ങളിലൂടെ ലക്ഷക്കണക്കിനു ഭക്തന്മാര് വിനായകപൂജകള് നടത്തിവരുന്നു.
ഗണപതിയുടെ മുമ്പിലെ തേങ്ങയുടയ്ക്കല്‍ പ്രതിനിധാനം ചെയ്യുന്നതു മനുഷ്യന്റെ അഹന്തയാകുന്ന ചിരട്ടയുടച്ച് അന്തഃകരണത്തെ നിര്മ്മലമാക്കലാകുന്നു. അതുവഴി തൃപ്തി വന്ന ഒരു മനസ്സിനെയാണു കുടവയറുകൊണ്ടു സൂചിപ്പിയ്ക്കുന്നത്. വയറുനിറഞ്ഞവനുമാത്രമേ ആദ്ധ്യാത്മികത നേടാനാവൂ എന്ന രീതിയില്‍ ഭൗതികമായ തൃപ്തി ജ്ഞാനപ്രാപ്തിക്ക് ഒഴിച്ചു കൂടാത്ത കാര്യമാണെന്ന കാര്യവും സൂചിപ്പിക്കുന്നു (സീസര്‍ക്കുള്ളതു സീസ്സറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക എന്നുള്ള വചനം ഇവിടെ സ്മരണീയമാണ്). ഉയര്‍ന്ന ബോധമണ്ഡലത്തിലേയ്ക്കുള്ള മനസ്സിന്റെ പ്രയാണത്തിനും ഊര്‍ജ്ജകേന്ദ്രമായ ഗണപതി മുഖ്യമായ ആരാധന വളരെയേറെ അനിവാര്യമാകുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ‘ഗണപതിയുടെ സഞ്ചാരം എലിയുടെ പുറത്താകുന്നു’ എന്ന നര്‍മ്മഭാവന വളരെ പ്രാധാന്യമുള്ള ഒന്നാണ്. മേല്പറഞ്ഞ രീതിയില്‍ ഒരു സാധകന്റെ മനസ്സില്‍ ബ്രഹ്മാണ്ഡങ്ങളുടെ സ്രഷ്ടാവായ പരമാത്മാവു കുടികൊള്ളുന്നു എന്നത്രെ ഇത്. ഇത്തരത്തില്‍ മനസ്സ് ആത്യന്തികസത്യത്തിലേക്കെത്തിയാല് പിന്നെ പുറത്തെ വിഗ്രഹം ഉടച്ചുകളയാം. അതത്രെ വിഗ്രഹനിമജ്ജനം. ഇത്തരത്തില്‍ ഒരു സാധകമനസ്സ് പ്രപഞ്ചമായി വികസിച്ച് ഈശ്വരസമമാകുന്നതാണ് വിഘ്നേശ്വരോപാസനയുടെ പരമോച്ചാവസ്ഥ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: