എം.എസ്. ജയചന്ദ്രന്
കൊല്ലം: സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പൈതൃക മ്യൂസിയങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും കൊല്ലത്തെ മ്യൂസിയം ഇപ്പോഴും ആലോചനകളില്‍ ഒതുങ്ങുകയാണ്. ചരിത്രത്തിന്റെ നീക്കിയിരുപ്പുകളായി ലഭിച്ച എല്ലാ സംരക്ഷിത വസ്തുക്കളും സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനുമായി ജില്ലയിലെ ഒരു ചരിത്ര സ്മാരകത്തെ മ്യൂസിയമാക്കാനാണ് തീരുമാനിച്ചത്.
കൊല്ലം ഭരിച്ച അവസാനത്തെ രാജവംശമായ തിരുവിതാംകൂറിന്റെ ഭരണാധികാരികള്‍ പണികഴിപ്പിച്ച മൂന്ന് കൊട്ടാരങ്ങള്‍ നഗരഹൃദയത്തിലുണ്ടെങ്കിലും മൂന്നിന്റെയും അവകാശം പുരാവസ്തു വകുപ്പിനല്ല. തേവള്ളി കൊട്ടാരം എന്‍സിസി ഓഫീസായി പ്രവര്‍ത്തിക്കുമ്പോള്‍ ചീനകൊട്ടാരം റെയില്‍വേയുടെ ഗോഡൗണും എസ്എംപി പാലസ് ചലച്ചിത്രങ്ങളുടെ പ്രദര്‍ശന ശാലയുമാണ്. ആ ചരിത്ര ശേഷിപ്പുകളുടെ നിലവിലെ സ്ഥിതിയിലൂടെ കണ്ണോടിക്കുമ്പോള്‍ പൈതൃക സ്വത്തുക്കള്‍ക്ക് നമ്മളും ഭരണകൂടങ്ങളും വിലകല്‍പ്പിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട കാര്യമാണ്.
ചിന്നക്കടയിലെ ചീനക്കൊട്ടാരം
തിരുവിതാംകൂറിന്റെ ചരിത്ര സ്മാരകമായ ചിന്നക്കടയിലെ ചീനക്കൊട്ടാരം ചിതലരിക്കുകയാണ്. നാടിന്റെ ചരിത്രം നാളെയോട് പറയേണ്ട കൊട്ടാരം ഇപ്പോള്‍ ഗോഡൗണായി ഉപയോഗിക്കുകയാണ് റെയില്‍വേ. ചിന്നക്കട മേല്‍പാലത്തിന് സമീപത്തുള്ള കൊട്ടാരത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നപ്പോള്‍ തകര ഷീറ്റുകള്‍ പാകിയാണ് കൊട്ടാരത്തെ കോലം കെടുത്തിയത്. കൊട്ടാരത്തിന്റെ പരിസരം ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടെ വിനോദ കേന്ദ്രമാണ്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ 1904-ല്‍ പണി കഴിപ്പിച്ച വിശ്രമ വസതിയാണ് ചീന കൊട്ടാരം. കൊല്ലം -ചെങ്കോട്ട മീറ്റര്‍ ഗേജ് പാത കമ്മീഷന് ചെയ്തതിനൊപ്പമാണ് ചീന കൊട്ടാരത്തിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചത്. ചൈനീസ് ബംഗ്ലാവുകളുടെ നിര്‍മ്മിതിയോട് സാദൃശ്യമുള്ളതിനാലാണ് വിശ്രമ വസതിക്ക് ചീന കൊട്ടാരമെന്ന് പേരു വീണത്. മദ്രാസിലേക്കുള്ള തീവണ്ടി യാത്രകള്‍ക്കായി കൊല്ലത്ത് എത്തിയിരുന്ന ശ്രീമൂലം തിരുനാള്‍ വിശ്രമിക്കുന്നത് ഇവിടെയായിരുന്നു. ഏഴ് മുറികളുള്ള കൊട്ടാരം പുറമെ നിന്ന് നോക്കുമ്പോള്‍ രണ്ട് നിലകളെന്ന് തോന്നുമെങ്കിലും ഒരു നിലയായാണ് നിര്‍മാണം. റെയില്‍വേയുടെ നിയന്ത്രണത്തിലായ കൊട്ടാരം രാജഭരണത്തിന്റെ വിസ്മൃതിക്കൊപ്പം ചരിത്രത്തിന്റെ ഓരത്തൊതുങ്ങി.രാജേഷ് അഗര്‍വാള്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ആയിരിക്കുമ്പോള്‍ ചീന കൊട്ടാരത്തെ മ്യൂസിയമാക്കി മാറ്റാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനചലനത്തിനൊപ്പം പദ്ധതികളും ഇല്ലാതായി.
കായല്‍ തീരത്തെ തേവള്ളിക്കൊട്ടാരം
അഷ്ടമുടി കായലിന് അഭിമുഖമായുള്ള തേവള്ളി കൊട്ടാരം തിരുവിതാംകൂറിന്റെ പഴയ പ്രതാപത്തിന്റെ അടയാളമാണ്. ഗൗരി പാര്‍വതിഭായിയുടെ ഭരണകാലത്ത് 1819-ലാണ് തേവള്ളി കൊട്ടാരത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. തിരുവിതാംകൂറിന്റെ പാരമ്പര്യ തനിമകള്ക്കൊപ്പം ബ്രിട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ് ശൈലികളും കൊട്ടാരത്തിന്റെ നിര്‍മാണത്തില്‍ ഇഴകലര്‍ന്നിട്ടുണ്ട്. അന്തപ്പുരം, ഊട്ടുപുര, കായല്‍കടവ്, ശില്പ്പഭംഗിയുള്ള വാദ്യമണ്ഡപം, കൊത്തുപണികളുടെ അലങ്കാരങ്ങള്‍ നിറഞ്ഞ മേല്‍ക്കൂര തുടങ്ങി രാജാധികാരത്തിന്റെ എല്ലാ മുദ്രകളും തേവള്ളി കൊട്ടാരത്തിലുണ്ട്.
കൊട്ടാര മുറ്റത്ത് നിന്ന് അഷ്ടമുടി കായലിലേക്ക് ഇറങ്ങാന്‍ പ്രത്യേക പടവുകള്‍ തയ്യാറാക്കിയാണ് കായല്‍ കടവ് നിര്‍മിച്ചത്. റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കൊട്ടാരത്തില്‍ ഇപ്പോള്‍ എന്‍സിസി കൊല്ലം ഗ്രൂപ്പിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുകയാണ്.
ജില്ലാ പൈതൃക മ്യൂസിയം ആരംഭിക്കാന്‍ തേവള്ളി കൊട്ടാരം വിട്ടുനല്‍കണമെന്ന പുരാവസ്തു വകുപ്പിന്റെ ആവശ്യം അധികൃതര്‍ തുടക്കത്തിലേ അവഗണിച്ചു. എന്‍സിസി ഓഫീസ് പ്രവര്‍ത്തിക്കാന്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലം കണ്ടെത്തി നല്കിയാല് പൈതൃക മ്യൂസിയത്തിന് കൊട്ടാരം വിട്ടുനല്‍കാമെന്നാണ് പുരാവസ്തു വകുപ്പിന് ഒടുവില്‍ ലഭിച്ച മറുപടി. ഉന്നത തലത്തില്‍ ഇടപെടല്‍ നടത്തി ചരിത്ര സ്മാരകം തലമുറകള്‍ക്ക് വേണ്ടി സംരക്ഷിക്കാനുള്ള ഇടപെടലുകളും ഉണ്ടാകുന്നില്ല.
ശ്രീമൂലം തിരുനാള്‍ കൊട്ടാരം
നഗര ഹൃദയത്തിലെ മറ്റൊരു ചരിത്ര സ്മാരകമാണ് ശ്രീമൂലം തിരുനാള്‍ ഷഷ്ഠിപൂര്‍ത്തി കൊട്ടാരം. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയുടെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ച് നിര്‍മാണം ആരംഭിച്ച കൊട്ടാരം 1936-ല്‍ പൂര്‍ത്തീകരിച്ചു.
കൊല്ലം കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ ഉടമസ്ഥതയിലേക്ക് കൊട്ടാരം മാറിയെങ്കിലും പിന്നീട് അവകാശ തര്‍ക്കങ്ങള്‍ കോടതി കയറി. തിരുവിതാംകൂറിന്റെ രാജമുദ്ര പതിഞ്ഞ കൊട്ടാരം ഇപ്പോള്‍ ചലച്ചിത്രങ്ങളുടെ പ്രദര്‍ശന ശാലയാണ്. ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കാന്‍ എസ്എംപി പാലസ് പുരാവസ്തു വകുപ്പിന് അനുയോജ്യമായ സ്ഥലമാണെങ്കിലും അടുത്തെങ്ങും അഴിയാന്‍ ഇടയില്ലാത്ത നിമയ കുരുക്കുകള്‍ തടസമാണ്.
ആശ്രാമത്തെ റെസിഡന്‍സി ബംഗ്ലാവ്
തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് ദിവാനായിരുന്ന കേണല്‍ ജോണ്‍ മണ്‍റോയുടെ താമസത്തിനുംഭരണ നിര്‍വഹണത്തിനുമായി 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഷ്ടമുടി കായലോരത്ത് നിര്‍മിച്ച കൊട്ടാരസദൃശ്യമായ കെട്ടിടമാണിത്. തിരുവിതാംകൂര്‍ ഭരണാധികാരി ആയിരുന്ന ഗൗരി പാര്‍വതിഭായിയുടെ കാലത്താണ് മണ്‍റോയുടെ ആവശ്യത്തിനായി ബംഗ്ലാവ് നിര്‍മിച്ചത്. നിലവില്‍ വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ അതിഥി മന്ദിരമാണിത്.
കൊട്ടാരത്തില്‍ നിന്ന് ഏതു വാതിലും ജനാലയും തുറന്നാലും അഷ്ടിമുടിക്കായല്‍ കാണാന്‍ കഴിയുന്ന തരത്തിലായിരുന്നു നിര്‍മാണം. തിരുവിതാംകൂറിന്റെ ഭരണത്തിലെ വഴിത്തിരിവായ സുപ്രധാനമായ രാഷ്ട്രീയ തീരുമാനങ്ങള്‍ രൂപം കൊണ്ടത് ഇവിടെ നിന്നാണ്. ഇന്ത്യന്‍ വൈസ്രോയി ആയിരുന്ന കഴ്സണ് പ്രഭു, മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രിമാര്‍ ആയിരുന്ന ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി സിംഗ് തുടങ്ങി പ്രമുഖരുടെ വിലയ നിര തന്നെ ഇവിടെ എത്തിയിട്ടുണ്ട്. വിപുലമായ സൗകര്യങ്ങളുള്ള കൊട്ടാരത്തിന്റെ ഒരു ഭാഗം ജില്ലാ പൈതൃക മ്യൂസിയത്തിനായി വിട്ടു നല്‍കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
തങ്കശ്ശേരികോട്ട
കൊല്ലം റാണിയുടെ കാലത്ത് 1500-കളിലാണ് പോര്ച്ചുഗീസുകരുമായി വ്യാപാര ബന്ധം ആരംഭിക്കുന്നത്. തങ്കശേരിലെ പണ്ടകശാല പുതുക്കി പണിയാനുള്ള അനുവാദം നേടിയെടുത്ത പോര്‍ച്ചുഗീസുകാര്‍ അതിന്റെ മറവിലാണ് തങ്കശേരികോട്ട പണിത് ഉയര്‍ത്തിയത്. 1659-ല്‍ കൊല്ലത്ത് എത്തിയ ഡച്ചുകാര്‍ തങ്കശേരി കോട്ട പിടിച്ചെടുത്ത് അതിനെ മറ്റൊരു ശൈലിയിലേക്ക് മാറ്റിയെടുത്തു.
1795-ല്‍ ഡച്ചുകാരില്‍ നിന്ന് തങ്കേശരിയുടെയും കോട്ടയുടെയും നിയന്ത്രണം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. നിലവില്‍ തങ്കശേരി കോട്ടയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ കോട്ട. 500 വര്‍ഷം മുന്‍പ് കൊല്ലവും ഡച്ചുകാരും തമ്മിലുണ്ടായിരുന്ന വ്യാപാര ബന്ധത്തിന്റെയും പിന്നീടുണ്ടായ അധിനിവേശങ്ങളുടെയും ശേഷിപ്പുകളാണ് തങ്കശേരികോട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: