കോഴിക്കോട്: ജീവാപായമുണ്ടാക്കുന്ന നിപ രോഗഭീതിയും കനത്ത മഴയും മൂലം കോഴിക്കോട് ജില്ലയാകെ ഏറെക്കുറെ സ്തംഭിച്ച മട്ടിലാണ്. നിരത്തുകള്‍ വിജനമാണ്. നഗരത്തിലെ കടകളില്‍ ആളുകളെത്തുന്നില്ല. ഹോട്ടലുകളും റസ്റ്റോറന്റുകളും കച്ചവടമില്ലാതെ മടുപ്പിലായി. ഗ്രാമ പ്രദേശങ്ങളിലും ആശങ്കകളുണ്ട്.
ഇന്നലെ ഉച്ചയോടെ നിപയുടെ വ്യാപനകാര്യത്തില്‍ ചെറിയ ആശ്വാസമുണ്ടായി. പരിശോധനാഫലങ്ങള്‍ നിപ നെഗറ്റീവ് ആണെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ പ്രതീക്ഷ പുനര്‍ജനിച്ചു. എന്നാല്‍ ഉച്ചയ്ക്ക് കനത്ത മഴയോടെ പൊതുവേ ഏറെ സജീവമാകുന്ന നഗര നിരത്തുകളും കടകളും ആളില്ലാതായി. കൊവിഡ് കാലത്തെ കണ്ടെയ്ന്മെന്റ് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്നതായി നിരത്തുകള്‍.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ. ഇന്നലെ രാവിലെ മുതല്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു എന്നാല്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് മഴ കനത്തത്. മലയോര മേഖലകളായ മുക്കം, തിരുവമ്പാടി, കുറ്റിയാടി, വിലങ്ങാട്, താമരശ്ശേരി, തൊട്ടില്‍പ്പാലം, ചക്കിട്ടപ്പാറ, മരുതോങ്കര, കൂടരഞ്ഞി എന്നിവിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴ ആയിരുന്നു. എന്നാല്‍ എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോട്ട് ചെയ്തിട്ടില്ല. ഇന്നലെ കാലവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് ഇല്ലായിരുന്നു. നാളെയും മഴ
ജാഗ്രത മുന്നറിയിപ്പ് ഇല്ല.
മാസ്ക് ധരിച്ചാണ് മിക്കവരുടെയും യാത്ര. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തിരക്കില്ല. ട്രെയിനുകള്‍ പൊതുവെ ഞായറാഴ്ചത്തിരക്കില്ലാതെയാണ് സര്‍വീസ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച പൊതുവേ സ്വകാര്യ ബസുകള്‍ സര്‍വീസ് കുറയ്ക്കുന്നതിനാല്‍ ഓടുന്ന ബസ്സുകളില്‍ ഉണ്ടാകാറുള്ള തിരക്ക് ഇന്നലെ ഇല്ലായിരുന്നു. സ്കൂളുകളുടെ അവധി നീക്കുകയും രോഗവ്യാപനം പൂര്‍ണമായി ഇല്ലാതായെന്ന പ്രഖ്യാപനം വരികയും ചെയ്യുന്നതുവരെ ജനങ്ങള്‍ക്കിടയില്‍ ഭീതി നിലനില്‍ക്കുമെന്നും മഴ കനക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്നും കച്ചവടക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: