തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നോട്ട് അസാധുവാക്കല്‍ സമയത്ത് ഒരാളില്‍ നിന്ന് മാത്രം മൂന്ന് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും 1000 രൂപയുടെ ബില്ലുകളാക്കിയാണ് ഇത് ചെയ്തതെന്നുമുള്ള രേഖകള്‍ ഇ ഡി അന്വേഷണ സംഘത്തിന് ലഭിച്ചു.
നിയമസാധുതയില്ലാത്തതായി പ്രഖ്യാപിച്ച മൂന്ന് കോടിയുടെ നോട്ടുകള്‍ക്ക് പകരമായി 1.5 കോടിയാണ് നല്‍കിയത്. മാനദണ്ഡം ലംഘിച്ച് ബാങ്കിലെ മറ്റൊരു അംഗം സ്വര്‍ണ ബിസ്ക്കറ്റ് പണയം വച്ചാണ് 10 ലക്ഷം രൂപയുടെ സ്വര്‍ണ വായ്പ എടുത്തത്. ഇതാകട്ടെ വ്യാജ സ്വര്‍ണ ബിസ്ക്കറ്റുകളായിരുന്നു. ബാങ്ക് പിന്നീട് നടത്തിയ പരിശോധനയില്‍ ഇവ വ്യാജമെന്ന് കണ്ടെത്തിയതിന്റെയും രേഖകള്‍ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. നേരത്തെ സിപി
എം അന്വേഷണ കമ്മിഷനും ക്രൈംബ്രാഞ്ചും ഇത് കണ്ടെത്തിയിരുന്നുവെങ്കിലും പുറത്ത് വന്നിരുന്നില്ല. ചില ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇ ഡി ഇക്കാര്യം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സതീഷ് കുമാറിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച അയ്യന്തോള്‍ സഹകരണ ബാങ്കില്‍ ഒരു ദിവസം 24 തവണയാണ് ഇയാള്‍ ഇടപാട് നടത്തിയിരിക്കുന്നത്. 2013 മുതല്‍ സതീഷ് കുമാറിന്റെ സ്വന്തം പേരില്‍ രണ്ട് അക്കൗണ്ടും ഭാര്യയുടെയും മകന്റെയും പേരുകളിലും അക്കൗണ്ടുകളുണ്ട്. 12 ലക്ഷം രൂപയാണ് ഈ അക്കൗണ്ടുകളിലായുള്ളത്. ഇതാണ് ഇ ഡി മരവിപ്പിച്ചത്. 2013 മുതല്‍ കോടികളുടെ ഇടപാടുകള്‍ ഈ അക്കൗണ്ടുകളിലൂടെ നടന്നതായും കരുവന്നൂര്‍ ക്രമക്കേട് വാര്‍ത്തകള്‍ പുറത്ത് വരുന്ന സമയത്തും കോടികള്‍ അക്കൗണ്ടിലുണ്ടായിരുന്നതായും ഇ ഡി കണ്ടെത്തി.
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ പി.കെ. ബിജുവിനൊപ്പം പാര്‍ട്ടി നിയോഗിച്ച കമ്മിഷന് അംഗം പി.കെ. ഷാജന്റെ ഭാര്യയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോണിന്റെ മകളും ഈ ബാങ്കിലെ ജീവനക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: