ന്യൂദല്‍ഹി: അര്‍ണാബ് ഗോസ്വാമി ഉള്‍പ്പെടെയുള്ള 14 ടിവി ആങ്കര്‍മാരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന പ്രതിപക്ഷ മുന്നണിയുടെ തീരുമാനത്തെ എതിര്‍ത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഞാന്‍ ജേണലിസ്റ്റുകളെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ഖാര്‍ഗെയും മറ്റ് പ്രതിപക്ഷെ നേതാക്കളും പങ്കെടുത്ത ഇന്ത്യാമുന്നണി നേതാക്കളുടെ യോഗത്തിലാണ് 14 ടിവി ആങ്കര്‍മാരുടെ ചര്‍ച്ചകളില്‍ ഇന്ത്യാമുന്നണിയിലെ നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്ന പ്രഖ്യാപനം ഉണ്ടായത്. ഈ തീരുമാനത്തെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു നിതീഷ് കുമാര്‍ അറിയിച്ചത്.
“എല്ലാവരും പൂര്‍ണ്ണമായും സ്വാതന്ത്ര്യം അനുഭവിക്കുമ്പോള്‍ ജേണലിസ്റ്റുകള്‍ അവര‍്ക്കിഷ്ടമുള്ളത് എഴുതും. അവരെ നിയന്ത്രിക്കേണ്ടതുണ്ടോ അവര്‍ക്ക് അതിന് അധികാരമുണ്ട്. ഞാന്‍ ആര്‍ക്കും എതിരല്ല”- നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷനേതാക്കള്‍ക്കും എതിരെ തലക്കെട്ടുകളും പരിഹാസ കാര്‍ട്ടൂണുകളും സൃഷ്ടിക്കുന്ന, പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം വളച്ചൊടിക്കുന്ന വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന 14 ടിവി ആങ്കര്‍മാരെ ഇന്ത്യാ മുന്നണി നേതാക്കള്‍ ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രതിപക്ഷ ഇന്ത്യാമുന്നണിയുടെ 14 ടിവി ആങ്കര്‍മാരെ ബഹിഷ്കരിക്കാനുള്ള തീരുമാനം അപകടകരമായ കീഴ് വഴക്കമാണെന്ന് ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് ആന്‍റ് ഡിജിറ്റല്‍ അസോസിയേഷന്‍ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണ് ഈ തീരുമാനമെന്നും സംഘടനാ നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: