ന്യൂദല്‍ഹി : പ്രതിപക്ഷ ഐ എന്‍ ഡി ഐ എ സഖ്യത്തിലെ ഐക്യമില്ലായ്മ കൂടുതല്‍ വ്യക്തമാക്കി സി പി എം നീക്കം. സഖ്യത്തിലെ ഏകോപന സമിതിയില്‍ സിപിഎം പ്രതിനിധിയില്ല.
പ്രതിനിധി വേണ്ടെന്ന തീരുമാനമുണ്ടായത് പൊളിറ്റ് ബ്യൂറോ യോഗത്തിലാണ്. 14 അംഗ ഏകോപന സമിതി രൂപീകരണത്തെ പൊളിറ്റ് ബ്യൂറോ എതിര്‍ത്തു. കെ സി വേണുഗോപാല്‍ അംഗമായ ഏകോപന സമിതിയില്‍ അംഗമാകുന്നതിനെ കേരളത്തില്‍ നിന്നുളള അംഗങ്ങള്‍ എതിര്‍ത്തു.
ഐ എന്‍ ഡി ഐ എ സഖ്യം വിപുലീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടു. തീരുമാനം മുതിര്‍ന്ന നേതാക്കളാണ് എടുക്കുന്നതെന്നും മറ്റ് സമിതികള്‍ക്ക് അടിസ്ഥാനമില്ലെന്നും സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 20 പാര്‍ട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാര്‍ട്ടികളെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ എന്‍ ഡി ഐ എ സഖ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഈ പാര്‍ട്ടികളിലെ ഉന്നത നേതാക്കളാണ്. കൂട്ടായ തീരുമാനം എടുക്കാന്‍ എല്ലാവരോടും ആലോചിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കമ്മിഷന് ബില്ലിനെ സിപിഎം എതിര്‍ക്കുമെന്നും സീതാറാം യച്ചൂരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: