ഡോ.പി.ശ്രീകുമാര്‍
കോളനിവത്കരിക്കപ്പെടുന്നവര്ക്കും, കോളനിവത്കരിക്കപ്പെടുന്നവരുടെ സ്വാഭാവിക അനുഭവങ്ങള്‍ക്കും ഇടയിലാണ് കോളനിവത്കരണം പ്രവര്‍ത്തിക്കുന്നത്. കോളനിവത്കരണം സ്വഭാവിക അനുഭവങ്ങളെ നമുക്ക് നഷ്ടമാക്കുന്നു. അതായത്, കോളനിവത്കരിക്കുന്നവര് മോഷ്ടിക്കുന്നത് നമ്മുടെ ഭൗതിക സമ്പത്ത് മാത്രമല്ല, നമ്മളുടെ അനുഭവങ്ങളെകൂടിയാണ്. കോളനിവത്കരണം നമ്മളില്‍ നിന്നും തട്ടിയെടുക്കുന്നത് നമ്മുടെ ജീവനലോകത്തെ അനുഭവിക്കാനുള്ള സ്വാഭാവിക ശേഷിയെ കൂടിയാണ്. ആ ശേഷിയെ കോളനിവത്കരിക്കപ്പെട്ടവര്തന്നെ അസ്പ്രശ്യവത്കരിച്ച് ചരിത്രത്തിലേക്ക് വലിച്ചെറിയും. അതായത്, നമുക്ക് തന്നെ നമ്മളോട് തോന്നുന്ന ഒരു പുച്ഛമാണ് കോളനിവത്കരിക്കപ്പെടുന്നവരുടെ ദുരവസ്ഥ.
ഒരിക്കല്‍ കോളനിവത്കരിക്കപ്പെട്ടാല് പിന്നെ നമുക്ക് നഷ്ടപ്പെടുന്നത് നമ്മളുടെ അനുഭവങ്ങളുടെ നൈസര്ഗികതയാണ്. അങ്ങനെ നൂറ്റാണ്ടുകളോളം കോളനിവത്കരിക്കപ്പെട്ട് സ്വന്തം അനുഭവങ്ങള്‍ നഷ്ടപ്പെട്ട ഒരു ജനതയാണ് ഭാരതീയര്‍. സ്വന്തം അനുഭവങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ സ്വതന്ത്രരല്ല എന്ന തിരിച്ചറിവുപോലും ഉണ്ടാകില്ല. അതുകൊണ്ട്, സ്വന്തം അനുഭവങ്ങളെ തിരിച്ചു പിടിക്കാനുള്ള സമരമായിരുന്നു ഭാരതത്തില്‍ സ്വാതന്ത്ര്യസമരം. അത് ഇന്നും തുടരുന്നു; സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും.
ഭാരത സ്വാതന്ത്ര്യസമരത്തിലെ ഏതൊരു ധാര പരിശോധിച്ചാലും ഇങ്ങനെ തങ്ങളെതന്നെ തിരിച്ചുനേടാനുള്ള ആത്മീയ ഉള്ളടക്കത്തിന്റെതായ ഒരു ധാര കാണാം. അതായത്, നമ്മളുടെ സ്വാതന്ത്ര്യസമരം ഉള്ളടക്കപരമായി വളരെ വൈവിധ്യപൂര്‍ണ്ണമായിരുന്നു. സര്‍വ്വമേഖലകളിലും വ്യാപിച്ചിരുന്നതായിരുന്നു. ബ്രിട്ടീഷ്കാരോട് മാത്രമല്ല, പലപ്പോഴും അത് നമ്മോടുതന്നെയുള്ള സമരം കൂടി ആയിരുന്നു. നമ്മെ തന്നെ തിരിച്ചുപിടിക്കാനുള്ള വൈവിദ്ധ്യമാര്‍ന്ന സമരങ്ങള്‍. അത്തരം ബഹുവിധ ഭാരതീയ സമരങ്ങളുടെ ഒരു നഖചിത്രമാണ് ജെ. നന്ദകുമാറിന്റെ Struggle for National Selfhood: past, present and future എന്ന പുസ്തകം.
18 അദ്ധ്യായങ്ങളുള്ള ഈ പുസ്തകം യഥാര്‍ത്ഥത്തില്‍ വലിച്ചെറിയപ്പെട്ടതിനെ തിരിച്ചുകൊണ്ടുവരലാണ്. നമ്മുടെ ആത്മസ്വരൂപത്തെയാണ് കോളനിവത്കരണം ആദ്യം അസ്പൃശ്യവത്കരിച്ച് വലിച്ചെറിഞ്ഞത്. അതുകൊണ്ടാണ് കോളനിവത്കരണത്തിനെതിരെയുള്ള ആദ്യസമരം സംന്യാസിമാരില്‍ നിന്നും ആരംഭിച്ചത്. സംന്യാസി സമരം (1763-1800) എന്നാണ് ആ സമരം ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഈ പുസ്തകത്തിലെ മൂന്നാം അദ്ധ്യായത്തില്‍ സംന്യാസി സമരം വിവരിക്കുന്നുണ്ട്. സംന്യാസി സമരം തീര്‍ച്ചയായും കുറച്ചുകൂടി വിവരണം അര്‍ഹിക്കുന്നു. അത് മഹര്‍ഷി അരവിന്ദന് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹം താന്‍ തുടങ്ങിയ പത്രത്തിന് വന്ദേമാതരം എന്ന പേരിട്ട് സ്വാതന്ത്യസമരത്തിന് ആത്മീയതയുടെ തീ പിടിപ്പിച്ചത്.
ഈ പുസ്തകത്തിലെ ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങള്‍ ചരിത്രമാണ്. തോറ്റ സ്വാതന്ത്ര്യ സമര ചരിത്രങ്ങള്‍ മാത്രമാണ് നാം പരിചയിച്ചിട്ടുള്ളതെങ്കില് വിജയിച്ച കുളച്ചല്‍ യുദ്ധത്തെ കുറിച്ച് വിശദമായി വിവരിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. മാര്‍ത്താണ്ഡ വര്‍മ്മയോട് തോറ്റ ഡച്ചുകാര്‍ക്കുശേഷം നമ്മുടെ ബലഹീനതകളിലേക്ക് ഇരച്ചുകയറിയത് ബ്രിട്ടീഷുകാര്‍ ആയിരുന്നു. അവരോടുള്ള വൈവിധ്യമാര്‍ന്ന ആദ്യകാല സമരങ്ങളുടെ വിവരണമാണ് രണ്ടാമത്തെ അദ്ധ്യായം. ഭാരതത്തിലെ പല പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായ കാരണങ്ങളാല്‍ പലവിധ സമരങ്ങള്‍ രൂപപ്പെട്ടതിന്റെ ചരിത്രമാണ് മൂന്നാമത്തെ അധ്യായം. 1857 ആകുമ്പോഴേക്കും ഈ ധാരകളെല്ലാം ഒരു ദേശീയ സമരമായി സമന്വയിച്ചു.
1857 ലെ ആദ്യ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെവിശദമായ വിവരണമാണ് അദ്ധ്യായം നാല്. യൂറോപ്പിലെ മുതലാളിത്തത്തിന്റെ രൂപീകരണത്തില്‍ പ്രൊട്ടസ്റ്റന്റ്് മതം വഹിച്ച പങ്കിനെകുറിച്ച് മാക്സ് വെബര്‍ (Weber, Max: 1904) ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. എങ്ങനെയാണ് ഹിന്ദുമതം ഭാരതസ്വാതന്ത്യസമരത്തിന്റൈ പലകാലങ്ങളിലും പല ധാരകളിലുമുള്ള ആത്മീയ ഉറവിടം ആയതെന്ന വിവരണം ആണ് ‘സ്വാധീനങ്ങളും പ്രചോദനവും’ എന്ന അഞ്ചാം അദ്ധ്യായം. ഭാരതം സ്വാനുഭവത്തെ തിരിച്ചുപിടിക്കുകയായിരുന്നു ആ കാലഘട്ടങ്ങളില്‍. അതായത്, സ്വാനുഭവത്തെ തിരിച്ചുപിടിക്കുന്നതിന് രാഷ്ട്രീയ സ്വാതന്ത്ര്യം അനിവാര്യം ആണെന്ന തിരിച്ചറിവില്‍ നിന്നാണ് ഭാരതത്തില്‍ ആധുനിക ജനാധിപത്യ രൂപങ്ങളുണ്ടാകുന്നത്. അവയുടെ ചരിത്രമാണ് ആറാം അദ്ധ്യായം.
ഇനിയുള്ള അഞ്ച് അദ്ധ്യായങ്ങള്‍ വിദ്യാഭ്യാസം, ശാസ്ത്രം, സിനിമ, കല, രാഷ്ട്രീയം ഈ മേഖലകളിലെ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഗുണപരമായ മാറ്റത്തിന്റെ വിവരണമാണ്. കലയെക്കുറിച്ചുള്ള വിവരണം കുറച്ചുകുടി ആകാമായിരുന്നു. ആധുനിക ഭാരതത്തിലെ, പ്രത്യേകിച്ചും സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ശാസ്ത്രത്തിന്റെ ആഭ്യന്തര ചരിത്രം ഈ പുസ്തകത്തിലെ പ്രധാനഭാഗം തന്നെയാണ്. പ്രവാസികളായ ഭാരതീയരുടെ ഭാരത സ്വാതന്ത്ര്യസമര സംഭാവനകളെ വിവരിക്കുന്നതാണ് പന്ത്രണ്ടാം അദ്ധ്യായം. ലാല ഹര്‍ദയാലിന്റെ ഗദര്‍ പാര്‍ട്ടിയെ കുറിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. 24 സ്വാതന്ത്ര്യ സമരഭടന്മാരെ പ്രാഥമികമായി പരിചയപ്പെടുത്തുകയാണ് അദ്ധ്യായം 13. ആധുനിക ഭാരത ചരിത്രത്തിലെ കള്ളത്തരങ്ങളെ തുറന്നുകാട്ടുകയാണ് അദ്ധ്യായം 14. വീരസവര്‍ക്കറെ കുറിച്ചുള്ള സൂക്ഷ്മ വിവരണം അദ്ദേഹത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകന്നു പോകാന്‍ സഹായിക്കും. അദ്ധ്യായം 15 സ്വതന്ത്രഭാരതത്തിലെ അട്ടിമറികളുടെ വിവരണമാണ്. സര്‍ദാര്‍ പട്ടേലിനു പകരം നെഹ്റു പ്രധാനമന്ത്രി ആകുന്നതും, നെഹ്റുവിന്റെ കമ്യൂണിസ്റ്റ് പ്രതീക്ഷകളും കാശ്മീര്‍ അബദ്ധങ്ങളുമെല്ലാം ഇതില്‍ വിവരിക്കുന്നു. ഒപ്പം ഭാരതത്തിന്റെ സാമ്പത്തിക വികസനത്തെ തടഞ്ഞ അതിരുകവിഞ്ഞ ഗവണ്മെന്റ് കോളനിവത്കരണത്തെക്കുറിച്ചും പറയുന്നു.
ഒരു രാഷ്ട്രസ്വരൂപം എന്ന നിലയില്‍ ഭാരതത്തിന്റെ രൂപീകരണത്തിലെ തടസ്സങ്ങളെക്കുറിച്ചും അവപരിഹരിച്ചതിനെക്കുറിച്ചുമാണ് അദ്ധ്യായം 16. സ്വാതന്ത്ര്യാനന്തര ഭാരതത്തെ ബാധിച്ച നെഹ്റുവിയന്‍ കൊളോണിയല്‍-ഇവാഞ്ചലിക്കല്‍- കമ്യൂണിസ്റ്റ് തുടര്‍ച്ചയും സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ഭാരതീയതയുമാണ് അദ്ധ്യായം 17. കൊവിഡാനന്തരമുള്ള ലോകക്രമത്തിന്റെ തകര്‍ച്ചയിലും, വളരുന്ന ഭാരതത്തിന്റെ ഭാവിയിലേക്കുള്ള ശംഖൊലിയാണ് അദ്ധ്യായം 18.
ഭാരതത്തിന്റെ സ്വാതന്ത്യസമര ഭൂതകാലത്തെ ധ്യാനിച്ച് ഉറപ്പിച്ച് ഭാവിയിലേക്കുള്ള ഒരു ശംഖൊലിയാണ് ഈ പുസ്തകം. ഈ ശംഖൊലി ഭാരതമാകെ കേള്‍ക്കണം. ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുള്ള ഭാരതസ്വാതന്ത്ര്യസമര ചരിത്രം ഇനിയും എഴുതപ്പെടേണ്ട വിശദമായ വിവരണങ്ങളുടെ ഒരു പ്രാഥമിക രൂപരേഖയാണ്. ഈ പുസ്തകത്തിലെ ഏഴു മുതല്‍ പതിനൊന്ന് വരെയുള്ള അദ്ധ്യായങ്ങളില്‍ പരാമര്‍ശിക്കുന്ന എല്ലാ മേഖലകളുടെയും വിശദമായ ചരിത്രം എഴുതേണ്ടിയിരിക്കുന്നു. ഈ പുസ്തകം ഭാരതം മുഴുവന്‍ വായിക്കേണ്ടിയിരിക്കുന്നു. അതിന് ഭാരതത്തിലെ എല്ലാഭാഷകളിലേക്കും ഈ പുസ്തകം വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്.
(കേരള കേന്ദ്ര സര്‍വകലാശാല ഭാഷാ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
ഈ പുസ്തകം വാങ്ങാവുന്ന ലിങ്ക്: https://www.hindueshop.com/product/swastrugglefornationalselfhood/
ആമസോണില്‍: https://www.amazon.in/SwaStruggleNationalSelfhoodPresent/dp/B0BL3V1W83
പ്രതികരിക്കാൻ ഇവിടെ എഴുതുക: