ചെറുതോണി: ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ച അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഇടുക്കി എസ്പി വി.യു. കുര്യാക്കോസ്.
ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണിത്. ലുക്കൗട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കുമെന്നും പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞിട്ടുണ്ടെന്നും എസ്പി അറിയിച്ചു. തീവ്രവാദ ബന്ധം ഉണ്ടെന്നതിന് നിലവില്‍ തെളിവുകളില്ലെന്നും ജില്ലാ പോലീസ് മേധാവി. പ്രതിയെ നാട്ടിലെത്തിക്കുന്നതിന്
വേണ്ടി ശ്രമങ്ങള്‍ ഊര്ജ്ജമാക്കിയതായും അദ്ദേഹം പറഞ്ഞു.
ഇന്നലെ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ ഡാമില്‍ പരിശോധന നടത്തി. ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസാണ് കേസിലെ പ്രതി. ജൂലൈ 22 ന് ഇയാള്‍ മറ്റ് മൂന്നു പേരോടൊപ്പം ഇടുക്കി അണക്കെട്ട് കാണാനെത്തിയത്. ഇയാള്‍ ഡാമില്‍ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പോലീസുകാരെ വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വി.എ, അബ്ദുള്‍ ഗഫൂര്‍, സുരേന്ദ്രന് പി.ആര്, അജേഷ് കെ.ജി, ഒ. മനു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സന്ദര്‍ശകരെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തിവിടേണ്ടത്. എന്നാല്‍ മുഹമ്മദ് നിയാസിനെ പരിശോധനകള്‍ ഇല്ലാതെ കടത്തിവിട്ടുവെന്ന് അഡീ. എസ്പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം ആഗസ്ത് മാസം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ഇടുക്കിയിലെത്തിയ മുഹമ്മദ് നിയാസ് രണ്ട് ദിവസം വിവിധയിടങ്ങളിലായി താമസിച്ചെന്നും നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും പോലീസ് കണ്ടെത്തി. ചെറുതോണി ടൗണിലെ കടയില്‍ നിന്നാണ് താഴുകള്‍ വാങ്ങിയത്.
ചെറുതോണി അണക്കെട്ടിലെ ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടില്‍ 7 ഇടങ്ങളിലായി 11 താഴിട്ട് പൂട്ടുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഇതില്‍ കൂടുതല്‍ താഴുകള്‍ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഷട്ടറുകളുടെ റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: