ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറായുള്ള തന്റെ നിയമനം ചോദ്യം ചെയ്ത ഹരജികളില്‍ മറുപടി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ പ്രിയ വര്‍ഗീസിന് സുപ്രീംകോടതി നാലാഴ്ച സമയം അനുവദിച്ചു.
യൂണിവേഴ്സിറ്റിയും ഗ്രാന്‍സ് കമ്മീഷനും ജോസഫ് സ്കറിയയും സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോള്‍ പ്രിയ വര്‍ഗീസിന് വേണ്ടി ഹാജരായ അഡ്വ. സുഭാഷ് ചന്ദ്രനാണ് നാലാഴ്ച സമയം ചോദിച്ചത്. സമയമനുവദിച്ച ബെഞ്ച് അതിന് മറുപടി സമര്‍പ്പിക്കാന്‍ ഹരജിക്കാര്‍ക്ക് രണ്ടാഴ്ചയും അനുവദിച്ചു. ആറാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.
നേരത്തെ കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയില്‍ പ്രിയയുടെ അധ്യാപനപരിചയം യുജിസി ചട്ടങ്ങള്‍ക്ക് വിധേയമല്ലെന്നായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. യു.ജി.സി. മാനദണ്ഡപ്രകാരം മതിയായ അധ്യാപന യോഗ്യതയില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കാണാനാവില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇത് തള്ളിക്കൊണ്ടായിരുന്നു പ്രിയ വര്‍ഗീസിന് അനുകൂലമായ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവിനെതിരേയാണ് ഹര്‍ജിക്കാരനായ ഡോ. ജോസഫ് സ്കറിയ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: