ന്യൂദല്‍ഹി: കോഴിക്കോട്ടെ നിപ വൈറസ് ബാധയുടെ വ്യാപനം തടയാന്‍ സാധ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ കേന്ദ്രം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അറിയിച്ചു.
പൂനെയിലെ ഐസിഎംആര്‍ – നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി നടപടികള്‍ അവലോകനം ചെയ്തശേഷമാണ് ഡോ. ഭാരതി പവാര്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം കേന്ദ്രത്തില്‍ നിന്നും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഉന്നതതല സംഘങ്ങള്‍ ബിഎസ്എല്‍ 3 ലബോറട്ടറികളുള്ള മൊബൈല്‍ യൂണിറ്റുകളുമായി ഇതിനകം കോഴിക്കോട്ടെത്തിയിട്ടുണ്ട്.
ഇവര്‍ പരിശോധന നടത്തിവരികയാണ്. കോഴിക്കോട് മേഖലയിലെ രോഗബാധിത ഗ്രാമപഞ്ചായത്തുകളെ ക്വാറന്റീന് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. നിപയെ നേരിടാനുള്ള പൊതുജനാരോഗ്യ നടപടികളില്‍ സംസ്ഥാനത്തെ പിന്തുണയ്ക്കാന്‍ ഡോ. മാലാ ഛബ്രയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി സംഘത്തെ കേന്ദ്രആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: