മണത്തണ: അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ വരും തലമുറയ്ക്ക് മാതൃകയാണെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് പറഞ്ഞു. മണത്തണയിലെ കൊളങ്ങേരത്ത് തറവാട്ടിലെത്തി അദ്ദേഹം ഭൗതികദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.
എല്ലാവരെയും ഒന്നിച്ചുനിർത്തി സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. അതിൽ അദ്ദേഹം വിജയിച്ചു. വസുധൈവ കുടുംബകം എന്നത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അന്തരിച്ച പി. പി മുകുന്ദന്റെ ഭൗതികദേഹം അവസാനമായി ഒരു നോക്ക് കാണാൻ ഇപ്പോഴും നൂറു കണക്കിന് ആളുകൾ മണത്തണയിലെ കൊളങ്ങരേത്ത് വീട്ടിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് ഉച്ചയോടെയാണ് ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മണത്തണയിലെ കൊളങ്ങരേത്ത് വീട്ടിലെത്തിയത്.
മൂത്ത സഹോദരൻ ചന്ദ്രന്റെ വീട്ടിലാണ് അന്തിമ ചടങ്ങുകൾ നടക്കുക. ഇവിടെയായിരുന്നു മുകുന്ദേട്ടൻ അവസാനകാലത്ത് കഴിഞ്ഞിരുന്നത്. നാലു മണിയോടെ തറവാട്ടു ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. എ റണാകുളം അമൃതാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു പി. പി മുകുന്ദൻ അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: