ചങ്ങനാശ്ശേരി: പ്രശസ്തമായ നീലംപേരൂര്‍ പൂരം പടയണി ഇന്ന് നടക്കും. ഇന്ന് വല്ല്യന്നവും കോലങ്ങളും, പുത്തന്‍ അന്നങ്ങളും ദൃശ്യവിസ്മയം തീര്‍ക്കുമെങ്കിലും അടിയന്തിരക്കോലം ഇവയൊന്നുമല്ല. ദേവി വാഹനമായ സിംഹമാണ് അടിയന്തിരക്കോലം.
രാവിലെ ആറിന് തുടങ്ങുന്ന പണികള്‍ വൈകിട്ട് എട്ട് മണിയോടുകൂടി മാത്രമേ പൂര്‍ത്തിയാവു. എട്ടിന് തേങ്ങാ മുറിക്കല്‍ ചടങ്ങാണ് നടക്കുന്നത്. 10 മണിക്കാണ് പടയണി തുടങ്ങുന്നത്. പതിവ് പോലെ കുടംപൂജ കളി, അനുജ്ഞ വാങ്ങല്‍, തോത്താ കളി എന്നിവ മുറ പോലെ നടക്കും. അതിന് ശേഷം പുതിയ അന്നങ്ങളുടെ തിരുനട സമര്‍പ്പണം, പിന്നീട് ഭീമന്, യക്ഷി, രാവണന്, എന്നീ കോലങ്ങളും, ഒരു മണിയോടെ വല്ല്യന്നവും തിരുനട സമര്‍പ്പണത്തിനായി എത്തും. അതിന് ശേഷം പൊയ്യാന എഴുന്നള്ളത്ത്.
സാധാരണയായി ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്ന അതേ രീതിയില്‍ അല്പ സമയം പഞ്ചാരിമേളവും, നാഗസ്വര സേവയും ഉണ്ടാകും. വെളുപ്പിനെ 2.30ഓടെ അടിയന്തിരക്കോലമായ സിംഹത്തിന്റെ തിരുനട സമര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പടയണിയ്ക്ക് സമാപനമാകും. കേരളത്തിലെ ആദ്യ പടയണിയെന്നാണ് നീലംപേരൂര്‍ പടയണിയെ കരുതുന്നത്.
ഇവിടെ പടയണിക്ക് അടിസ്ഥാനമായി ഭാഷയില്ല. വായ്ത്താരികളാണുള്ളത്. ഇത് പടയണിയുടെ പഴമയെ കുറിക്കുന്ന ശക്തമായ സൂചകമാണ്. അന്നങ്ങളുടെയും, കോലങ്ങളുടെയും ചട്ടം കൂട്ടുന്നതിന് ലോഹങ്ങള്‍ (ആണി) ഉപയോഗിക്കുന്നില്ല. തടി പൊഴിച്ചെടുത്താണ് ഇവ കൂട്ടി ചേര്‍ക്കുന്നത്. ഇതും പഴമയെ സൂചിപ്പിക്കുന്നു. ബുദ്ധമത സ്വാധീനവും പടയണിയില്‍ കാണാമെന്ന് ചില ചരിത്രകാരന്മാര് അഭിപ്രായപ്പെട്ടിരുന്നു.
ചിങ്ങ മാസത്തിലെ തിരുവോണപ്പിറ്റേന്ന് അവിട്ടം മുതല്‍ പൂരം വരെയുള്ള ദിവസങ്ങളിലാണ് പടയണിക്കാലം. അന്നങ്ങളുടെയും, കോലങ്ങളുടെയും നിര്‍മാണത്തിന്റെ പ്രാരംഭ ജോലികള്‍ ചൂട്ടുവെയ്പിന്റെ പിറ്റേന്ന് തുടങ്ങുമെങ്കിലും പൂരം പടയണി ദിവസം രാവിലെ മാത്രമേ നിറപണികള്‍ ആരംഭിക്കു. പൂരം പടയണി ദിവസം ഉച്ചപൂജ സമയത്ത് നട തുറക്കുമ്പോഴാണ് വല്യന്നത്തിന്റെ ചുണ്ടും, പൂവും തട്ടിനു മുകളില്‍ ഉയര്‍ത്തി സ്ഥാപിക്കുന്നത്.
മൂന്ന് വല്ല്യന്നങ്ങള്‍ ഉള്‍പ്പെടെ 81 അന്നങ്ങള്‍
നീലംപേരൂര്‍ പടയണിയുടെ ആകര്‍ഷണവും ആവേശവുമായ വല്യന്നങ്ങളും ചെറിയന്നങ്ങളും അണിനിരക്കുന്നത് പൂരം നാളിലാണ്. മൂന്ന് വല്യന്നങ്ങള്‍ ഉള്‍പ്പെടെ 81 അന്നങ്ങളാണ് ഇത്തവണയുള്ളത്. ഇതില്‍ ഒന്‍പത് മരയന്നങ്ങളും വല്യന്നങ്ങളില്‍ അഞ്ചേകാലിന്റെ ഒരു പുത്തനന്നവുമുണ്ട്.
തടിച്ചട്ടത്തിന് മുകളില്‍ ഈറയും ഉണങ്ങിയ വാഴക്കച്ചിയും ഉപയോഗിച്ചാണ് അന്നങ്ങള്‍ നിര്‍മിക്കുന്നത്. അന്നങ്ങളെ മനോഹരമാക്കുന്ന നിറപണി പൂരം നാളില്‍ പുലര്‍ച്ചെ ആരംഭിക്കും. പച്ചീര്ക്കിലി കൊണ്ടുണ്ടാക്കിയ പൂവാണി, ഇലയാണി എന്നിവ ഉപയോഗിച്ച് താമരയിലകള്‍ അന്നത്തില്‍ പിടിപ്പിക്കുന്നതാണ് നിറപണി. ചെത്തിപ്പൂവ് വാഴപ്പോളയില്‍ പിടിപ്പിച്ച് നിര്‍മിക്കുന്ന ചിറമ്പ് കുത്തുന്നതാണ് അടുത്തത്.
വാഴപ്പോള തൂവലിന്റെ ആകൃതിയില്‍ വെട്ടി ചെറിയഅന്നങ്ങള്‍ക്ക് ചിറകുകള് പിടിപ്പിക്കും. 30 ആളുകള്‍ 12 മണിക്കൂറോളം തുടര്‍ച്ചയായി പരിശ്രമിച്ചാല്‍ മാത്രമേ പടയണി സമയത്തിന് മുമ്പ് നിറപണികള്‍ പൂര്‍ത്തിയാക്കി അന്നങ്ങളെ പൂരത്തിനായി എത്തിക്കാനാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: