കൊച്ചി: ആത്മീയതയിലൂന്നി ഭൗതികതയിലൂടെ മുന്നേറുന്നതാണ് ഭാരതീയ സംസ്കാരമെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. ഭാരതീയ മസ്ദൂര്‍ സംഘം ഏര്‍പ്പെടുത്തിയ മികച്ച പരിസ്ഥിതി പ്രവര്ത്തകന് നല്കുന്ന പ്രഥമ അമൃതാദേവി പുരസ്കാരം സുനില്‍ സുരേന്ദ്രന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയ സംസ്കാരത്തില്‍ സകലചരാചരങ്ങളിലും ഈശ്വരീയത ദര്‍ശിക്കുന്നത് ഭാരതത്തിന്റെ മാത്രം രീതിയാണ്. പാശ്ചാത്യര്‍ പിന്തുടരുന്ന സംസ്കാരത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് നമ്മുടെ സംസ്കാരം. നമ്മള് വൃക്ഷങ്ങളെയും മൃഗങ്ങളെയും സര്‍പ്പങ്ങളെയും നദികളെയും ആരാധിക്കുന്നു. മൃഗങ്ങളെയും പക്ഷികളെയും നമ്മുടെ തന്നെ ഭാഗമായി കണ്ട് ആരാധിക്കുന്ന ഒരുസമൂഹം വേറെയില്ല.
നമ്മള് പറഞ്ഞ, പരിസ്ഥിതി സംരക്ഷണം, മൃഗങ്ങളെ കൊല്ലരുത് തുടങ്ങിയ കാര്യങ്ങള്‍ ലോകം മുഴുവനും നടപ്പാക്കുകയാണ്. പരിസ്ഥിതിയെ നാശത്തിലേക്ക് തള്ളിവിട്ടപ്പോള്‍ 13 തരം ജീവജാലങ്ങള്‍ ഭൂമുഖത്തില്‍ നിന്ന് അപ്രത്യക്ഷമായതായി അദ്ദേഹം പറഞ്ഞു. ജി 20 സമ്മേളനം കഴിഞ്ഞപ്പോള്‍ ലോകത്തിന് പാരിസ്ഥിതിക മേഖലയില്‍ സ്ഥായിയായ വികസന, ഊര്‍ജമേഖലകളില്‍ നേതൃത്വം കൊടുക്കുന്നത് ഭാരതമാണെന്നും മറ്റ് രാജ്യങ്ങളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സനാതന സംസ്കാരം വെല്ലുവിളി നേരിടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു. ഒരുമരം മുറിക്കുമ്പോള്‍ അതിന്റെ അനുവാദം ചോദിക്കുന്ന, എല്ലാവര്ക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്ന, പ്രകൃതിയെ മാതാവായി കാണുന്ന സംസ്കാരമാണ് നമ്മുടേത്. പ്രകൃതിയെ ഇത്രയും ആരാധിക്കുന്ന ഒരുനാടും ഭാരതമല്ലാതെ വേറൊരുനാടുമില്ല. ലോകത്തിന് മുഴുവന്‍ വെളിച്ചം നല്കുന്ന സനാതന ധര്‍മം ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭത്തിലാണ് നമ്മളെല്ലാവരും ഒത്തുചേര്‍ന്നിരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ചന്ദ്രശേഖരന് ആമുഖ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവര്ത്തകന് ഡോ. സി.എം. ജോയി പരിസ്ഥിതി സംരക്ഷണസന്ദേശം നല്കി. പ്രാന്തീയ സഹപര്യാവരണ് പ്രമുഖ് രാജേഷ് ചന്ദ്രന്, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. കെ. അജിത്, ബിഎംഎസ് സംസ്ഥാന സംഘടന സെക്രട്ടറി കെ. മഹേഷ് എന്നിവര്‍ പങ്കെടുത്തു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് സ്വാഗതവും സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: