തിരുവനന്തപുരം: കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു പാര്‍ട്ടി പദവിയിലുമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിലെ അതൃപ്തി വിളിച്ച് പറഞ്ഞ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചപ്പോള്‍ മാനസിക സംഘര്‍ഷമുണ്ടായെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു പതിറ്റാണ്ട് മുന്‍പ് ലഭിച്ച അതേ പദവിയില്‍ തന്നെ വീണ്ടും നിയമിച്ചപ്പോഴാണ് അസ്വാഭാവിക തോന്നിയത്. പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഒരു പദവിയും ഇല്ലെങ്കിലും സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്കി. പ്രവര്‍ത്തക സമിതിയുമായി ബന്ധപ്പെട്ട് പറയാനുള്ളത് ഹൈക്കമാന്‍ഡിനെ അറിയിക്കും. പുറത്തുപറഞ്ഞു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല. പാര്‍ട്ടിക്കുള്ളില്‍ പറയും. നേരത്തെ പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടതിലായിരുന്നില്ല. അത് കൈകാര്യം ചെയ്ത രീതിയിലായിരുന്നു പ്രശ്നം. അതില്‍ ആരോടും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. ഇതിന്റെ പിന്നാലെയാണ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പിലും അവഗണനയുണ്ടായത്. കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നില്ല. വിഷമം ഉണ്ടായി എന്നത് സത്യമാണ്. പ്രതീക്ഷിക്കാത്ത ഒരു കാര്യം കേള്‍ക്കുമ്പോള്‍ വികാരവിക്ഷോഭം ഉണ്ടായി. പറയാനുള്ളത് ഹൈക്കമാന്‍ഡിനെ അറിയിക്കും ചെന്നിത്തല പറഞ്ഞു.
ഒരു പഞ്ചായത്തംഗം പോലും ആകാന്‍ കഴിയാത്ത നിരവധി പേര് ഈ പാര്‍ട്ടിയില്‍ ഉണ്ട്. അത് വച്ച് നോക്കുകയാണെങ്കില്‍ എനിക്ക് പാര്‍ട്ടിയില്‍ ലഭിച്ച പദവികളും, അംഗികാരങ്ങളും എത്രയോ വലുതാണ്. പ്രവര്‍ത്തകസമിതിയുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടിയുടെ അച്ചടക്കമുളള പ്രവര്‍ത്തകനായി തന്നെ മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: