മനാമ: ശ്രീനാരായണഗുരു ലോകചരിത്രത്തില്‍ അനുപമേയമായ വ്യക്തി വൈശിഷ്ട്യം പുലര്‍ത്തിയ വിശ്വഗുരുവായിരുന്നുവെന്ന് മുന്‍ രാഷ്ടപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ബഹറിനില്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, ബില്ലവ അസ്സോസിയേഷന് – ഗുരുസേവാസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 169-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാംനാഥ് കോവിന്ദ്.
ഭാരതത്തിന്റെ ചരിത്രത്തില്‍ നിരവധി മഹാഗുരുക്കന്മാര് അവതരിച്ച് ഭാരതത്തെ അനുഗ്രഹിച്ചിട്ടുണ്ട്. ധര്‍മ്മസംസ്ഥാപനമാണ് ഒരു മഹാഗുരുവിന്റെ ജന്മോദ്ദേശം. ആ പാരമ്പര്യത്തില്‍ കേരളത്തില്‍ ജനിച്ച ശ്രീനാരായണ ഗുരു ലോകനേതാക്കന്മാരായ മഹാപുരുഷന്മാര്ക്ക് പോലും ആദരണീയനായിരുന്നു. നോബല്‍ സമ്മാന ജേതാവും പ്രസിദ്ധ സാഹിത്യകാരനും ചിന്തകനുമായിരുന്ന റോമാങ്ങ് റോളണ്ട് എഴുതിയ ശ്രീരാമകൃഷ്ണ – വിവേകാനന്ദന്മാരുടെ ജീവിത ചരിത്രത്തില്‍ ഗുരുദേവനെ കര്‍മ്മനിരതനായ മഹാജ്ഞാനി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മഹാത്മാഗാന്ധിയെപ്പോലെ ഈ സമൂഹത്തില്‍ മാനസിക പരിവര്‍ത്തനം ചെയ്യുവാന്‍ ഗുരുവിന് സാധിച്ചതായും നോബല്‍ സമ്മാന ജേതാവ് വിവരിച്ചിട്ടുണ്ട്. ഗുരു സശരീരനായിരിക്കുമ്പോള്‍തന്നെ ഈ ഫ്രഞ്ച് സാഹിത്യകാരന് ഗുരുദേവന്റെ ആകര്‍ഷണീയ മായവ്യക്തിത്വത്തെക്കുറിച്ച് പ്രഖ്യാപിച്ചതു ചെറിയകാര്യമല്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും ഗുരുദേവനെ ദര്‍ശിക്കാന്‍ സാധിച്ചത് ഒരു പുണ്യമായികണ്ടു. ഗാന്ധിയും മഹാകവി രവീന്ദ്രനാഥ ടാഗോറും സി.എഫ്. ആന്‍ഡ്രൂസും ശിവഗിരിയില്‍ വന്ന് ഗുരുദേവനെ ദര്‍ശിച്ചത് ഗുരുദേവന്റെ ആദ്ധ്യാത്മ മഹത്വം വെളിപ്പെടുത്തുന്നതാണ്. ഗാന്ധിജിക്കും ആന്‍ഡ്രൂസിനെ ദീനബന്ധു എന്നാണ് വിശേഷിപ്പിച്ചത്. ഗുരുദേവനെ ദര്‍ശിച്ചതിന് ശേഷം ആന്‍ഡ്രൂസ് പറഞ്ഞത് ‘ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു. ആ ചൈതന്യ മൂര്‍ത്തി ഇന്ത്യയുടെ തെക്കേഅറ്റത്ത് വിരാജിച്ചരുളുന്ന ശ്രീനാരായണ ഗുരുവല്ലാതെ മറ്റാരുമല്ല എന്നാണ്. ഗുരുദേവന്റെ ആത്മീയമായ ഔന്നത്യമാണ് ഈ വാക്കുകളില്‍ നിറഞ്ഞിരിക്കുന്നത്.
വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ ഗുരുദേവനെ ദര്‍ശിച്ചതിനെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ഞാനിവിടെ പറയാം. ടാഗോര്‍ ഗുരുദേവ് എന്ന പേരിലാണ് വടക്കേഇന്ത്യയില്‍ അറിയപ്പെടുന്നത്. തെക്കേഇന്ത്യയിലെ ഗുരുദേവനായി അറിയപ്പെടുന്ന ശ്രീനാരായണ ഗുരുവിനെ ശിവഗിരിയില്‍ വന്ന് ടാഗോര്‍ സന്ദര്‍ശിക്കുകയാണ് ചെയ്തത്. ഈ അപൂര്‍വ്വ സമാഗമത്തെക്കുറിച്ച് ടാഗോര്‍ വിലയിരുത്തി. ഞാന്‍ ലോകത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ചുവരികയാണ്. എന്റെ ഈ സഞ്ചാരത്തിനിടയില്‍ ലോകത്തിന്റെ നാനാഭാഗത്തും ജീവിച്ചിരുന്ന നിരവധി മഹര്‍ഷിമാരേയും സിദ്ധപുരുഷന്‍മാരേയും ദര്‍ശിക്കുവാനുള്ള അപൂര്‍വ്വമായ ഭാഗ്യം എനിക്കുണ്ടായി. എന്നാല്‍ ഒരു കാര്യം ഞാന്‍ തുറന്നു സമ്മതിക്കുകയാണ് മലയാളത്തില്‍ ജനിച്ച ശ്രീനാരായണ ഗുരു സ്വാമിയേക്കാള്‍ ഉയര്‍ന്ന പോരാ, ഗുരുവിന് തുല്യനായ ഒരു മഹാത്മാവിനേയും ലോകത്തൊരിടത്തും ഞാന്‍ കണ്ടിട്ടില്ല. ചക്രവാളസീമയേയും ഉല്ലംഘിച്ചിരിക്കുന്ന യോഗനയനങ്ങളും ഈശ്വര ചൈതന്യം നിറഞ്ഞു നില്ക്കുന്ന തിരുമുഖവും ഞാനൊരിക്കലും മറക്കുകയില്ല. ലോകഗുരുക്കരില്‍ ശ്രീനാരായണ ഗുരുവിനുള്ള സ്ഥാനമാണ് മഹാകവി ടാഗോര്‍ ഇവിടെ പ്രഖ്യാപനം ചെയ്തത്.
ഗുരുവിന്റെ ദര്‍ശനം ഭാരതത്തിനും ലോകത്തിനും ഇന്നാവശ്യമാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഹൗസില്‍ പാര്‍ലമെന്റ് അംഗങ്ങളെ സാക്ഷിയാക്കിക്കൊണ്ട് ഈ ലോകത്തിന് നല്കിയ ദിവ്യസന്ദേശം ഞാന്‍ ചൊല്ലിയത്
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാമിത്….. ഗുരുവിന്റെ ആദ്യസന്ദേശത്തിലധിഷ്ഠിതമായ ഭാരതമാണ് സൃഷ്ടിക്കേണ്ടത്. ജാതിഭേദമോ മതഭേദങ്ങളോ മറ്റുഭേദങ്ങളോ ഇല്ലാതെ എല്ലാവരുംഒന്നായി കഴിയുന്ന ഒരു മാതൃകാ ലോകം സൃഷ്ടിക്കണം ഇതാണ് 1888 ലെ ഗുരുവിന്റെ അരുവിപ്പുറം സന്ദേശത്തിന്റെ കാതല്‍. ഇതിലൂടെ ഒരു മാതൃകാരാജ്യം വാര്‍ത്തെടുക്കുവാന്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം. അരുവിപ്പുറം പ്രതിഷ്ഠയുടേയും ഈ സന്ദേശത്തിന്റേയും പ്രഖ്യാപനത്തിന്റേയും നാന്ദികുറിച്ച 1888 ഒരു ചരിത്ര വര്‍ഷമായിത്തീര്‍ന്നിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം 20-ാം തീയതി (2023) ഞാന്‍ വര്‍ക്കലയിലെ ഗുരുവിന്റെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഗുരുവിന്റെ ശിഷ്യനായ നടരാജഗുരു സ്ഥാപിച്ച നാരായണഗുരുകുലത്തിന്റെ ശതാബ്ദിയാഘോഷം ഞാന്‍ അവിടെ ഉദ്ഘാടനം ചെയ്തു. ഈ മഹത്തായ ചടങ്ങില്‍ പങ്കെടുക്കുവാന്‍ സാധിച്ച ഒരു പുണ്യമായി ഞാന്‍ കണക്കാക്കുന്നു. അതിന് ശേഷം പ്രസ്ഥാനത്തിന്റെ കേന്ദ്രവും ഗുരുവിന്റെ മഹാസമാധി കൊണ്ട് പവിത്രവുമായ ശിവഗിരിയിലും ഞാന്‍ സന്ദര്‍ശനം നടത്തി. ശിവഗിരിയിലെ സംന്യാസിമാരും അന്തേവാസികളും ഭക്തജനങ്ങളും എന്നെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. ഗുരുവിന്റെ സന്ദേശങ്ങള്‍ ലോകമെമ്പാടും പ്രചരിക്കണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു.
വിശ്വമാനവികതയുടെ മഹാഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ 169-ാഠ ജയന്തിദിനത്തോടനുബന്ധിച്ച് നടന്ന ആധ്യാത്മികവും, സാമൂഹ്യപരവും, സാംസ്കാരികവുമായ ഊഷ്മള ബന്ധങ്ങളുടെ മനോഹരമായ ഇഴകള്‍ തിരശ്ശീലയില്‍ സുവര്‍ണ്ണ ലിപികളില്‍ തുന്നിച്ചേര്‍ത്തുകൊണ്ട് ഇന്നത്തെ ലോകത്തില്‍ ശ്രീനാരായണ മഹാഗുരുവിന്റെ വിശ്വസാഹോദര്യം എന്ന സന്ദേശം വിലമതിക്കാനാവാത്തതാണ്. ശ്രീനാരായണ ഗുരുവിന്റെ ഏറ്റവുംപ്രധാനപ്പെട്ട സൂക്തമായ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന’ ഗുരുവിന്റെ ആപ്ത വാക്യത്തില്‍ ഊന്നി എല്ലാ മതങ്ങളും തരുന്ന സന്ദേശം, പരസ്പര ബഹുമാനം, സമഭാവന, സ്നേഹം, സമാധാനം, വിശ്വമാനവികത, സാംസ്കാരിക മൂല്യങ്ങളുടെ പ്രാധാന്യം എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ ഓരോരുത്തര്‍ക്കും സാധ്യമാകട്ടെ എന്നും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രി മധുബംഗാരപ്പയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം എന്തുകൊണ്ടും ശ്രദ്ധേയമായി. ഗുരുദേവന്റെ ജീവിതത്തേയും ദര്‍ശനത്തേയും ആസ്പദമാക്കി സച്ചിദാനന്ദസ്വാമി രചിച്ച വിശ്വഗുരു (ഇംഗ്ലീഷ് പതിപ്പ്) മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രകാശനം ചെയ്തു. ബഹറിന്‍ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, എച്ച്.ആര്.എച്ച്. പ്രിന്‍സ് സല്മാന് ബില്‍ഹമദ് അല്‍ഖലീഫ കിരീടാവകാശി സ്വാമിയുടെ കൈയ്യില്‍ നിന്നും ഗ്രന്ഥം സ്വീകരിച്ചു. ശിവഗിരിമഠം കേന്ദ്രീകരിച്ചു നടക്കുന്ന ഗുരുദേവ സന്ദേശ പ്രചരണങ്ങള്‍ക്ക് എല്ലാവിധമായ വിജയവും സഹായവും ഉണ്ടാകുമെന്ന് കര്‍ണ്ണാടക മന്ത്രി മധു ബംഗാരപ്പ പ്രഖ്യാപിച്ചു. ബഹറിന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മുഖ്യരക്ഷാധികാരിയും പ്രവാസി അവാര്‍ഡു ജോതാവുമായ കെ.ജി. ബാബുരാജ് ഗുരുദേവന്റെ ഏകലോകദര്‍ശനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. പ്രസിദ്ധസിനിമാതാരം നവ്യനായര്‍, ഗുരുധര്‍മ്മപ്രചരണസഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ബഹറിനില്‍ എത്തിയ മുന്‍ രാഷ്ട്രപതിയും അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ എന്നിവര്‍ ബഹറിന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയും ഗുരുദേവ സൊസൈറ്റിയും സ്ഥാപിച്ച ഗുരുദേവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ആരാധനയില്‍ പങ്കുചേര്‍ന്നു. ധര്‍മ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി മുന്‍പ്രസിഡന്റിനും കുടുംബാംഗങ്ങള്‍ക്കും തീര്‍ത്ഥവും പ്രസാദവും നല്കി. കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ നടന്ന ലഘുസമ്മേളനത്തിലും മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുദേവ ദര്‍ശനത്തേയും മഹത്വത്തേയും ആദരവോടെ പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗിച്ചു. ഈ രണ്ട് ഗുരുദേവ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയത് ഗുരുദേവനോടുള്ള ഭക്ത്യാദരങ്ങള്‍കൊണ്ടാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 7, 8, 9 തീയതികളിലായിരുന്നു മുഖ്യപരിപാടികള്‍.
ബഹ്റൈന്‍ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, എച്ച്.ആര്.എച്ച് പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവര്‍ക്കൊപ്പം മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യ അതിഥിയായി പകെടുത്ത അത്താഴവിരുന്നും നടന്നു. അത്താഴവിരുന്നില്‍ രാംനാഥ് കോവിന്ദിനൊപ്പം കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി, ഇന്ത്യന്‍ അംബാസിഡര്‍ എക്സലന്‍സി വിനോദ് കെ ജേക്കബ്, ബഹ്റൈനിലെയും ഇന്ത്യയിലെയും ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, മറ്റ് ക്ഷണിക്കപ്പെട്ട അഥിതികള്‍, കുടുംബാംഗങ്ങള്‍, വിശിഷ്ട വ്യക്തികളും ബഹ്റൈന്‍ സമൂഹത്തിലെ നാനാ തുറയില്‍ ഉള്ളവരും പങ്കെടുത്തു.
സെപ്റ്റംബര്‍ 9 ന് രാവിലെ പത്തു മണി മുതല്‍ ഇന്ത്യന്‍ സ്ക്കൂളില്‍ വച്ച് ‘കുട്ടികളുടെ പാര്‍ലമെന്റ്’ എന്ന പരിപാടി മുന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ‘സംസ്കാരങ്ങളുടെ സംഗമം, മാനവ മൈത്രിക്ക് ‘ എന്ന വിഷയം കുട്ടികളുടെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു. വിവിധ ക്ലബുകളെയും, സംഘടനകളെയും, സ്കൂളുകളെയും പ്രതിനിധികരിച്ചു 4 വീതം അടങ്ങുന്ന 9 ഗ്രൂപ്പായി തിരിച്ചു 36 കുട്ടികള്‍ പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഗുരുവിന്റെ മഹത്വത്തെക്കുറിച്ച് ഭക്ത്യാദരവോടെ പ്രസംഗിച്ചതും ഗുരുദേവക്ഷേത്ര ദര്‍ശനം നടത്തിയതും ഗുരുദേവ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: