തൃശൂര്‍: കേരളത്തിന്റെ സാമൂഹ്യ ചരിത്രം അട്ടിമറിക്കാന്‍ ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ചേര്‍പ്പില്‍ തപസ്യ സംസ്ഥാന പഠന ശിബിരത്തില്‍ കേരളത്തനിമയും ആവിഷ്കാരാഖ്യാനങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇതിനായി കൃത്രിമമായ ചരിത്രം നിര്‍മിച്ചെടുക്കുകയാണ് ഇവര്‍. സാമൂഹ്യ വിഷയങ്ങളിലും സാഹിത്യത്തിലും കൃത്രിമമായ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് കേരള ചരിത്രത്തെ വഴിതിരിച്ചുവിടാനാണ് ഇക്കൂട്ടരുടെ ശ്രമം. തുഞ്ചത്തെഴുത്തച്ഛനും പൂന്താനവും ജീവിച്ചിരുന്നതിന് തെളിവില്ലെന്ന് വരെ ഇവര്‍ വാദിക്കുന്നു.
കേരളത്തനിമ എന്നത് ആര്‍ഷഭാരത പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായ ഒന്നല്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സാമൂഹ്യ-സാംസ്കാരിക ഏകത ശക്തമാണ്. രാഷ്ട്രത്തിന്റെ ഈ ഏകതയെ തകര്‍ക്കാനാണ് ശ്രമമെന്നും നന്ദകുമാര്‍ പറഞ്ഞു.
കവി കല്ലറ അജയന് അധ്യക്ഷനായി. ടി.എസ്. നീലാംബരന്‍, ഇ.എം. ഹരി എന്നിവരും സംസാരിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന പഠനശിബിരം ഇന്നലെ സമാപിച്ചു. സമാപന സമ്മേളനം ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സമാപന സഭയില്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന് സ്വാഗതവും ശ്രീജിത്ത് മൂത്തേടത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: