തിരുവനന്തപുരം: വര്‍ക്കല പാപനാശം തീരത്ത് അനധികൃത നിര്‍മാണവുമായി റിസോര്‍ട്ട് മാഫിയ പിടിമുറുക്കുന്നു. സ്റ്റോപ്പ് മെമ്മോയുമായി എത്തുന്ന നഗരസഭാ അധികൃതരെപ്പോലും വെല്ലുവിളിക്കുന്ന വിധത്തില്‍ വളര്‍ന്നിരിക്കുകയാണ് മാഫിയയുടെ കരുത്ത്. നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയ്ക്കുപോലും വില കല്‍പ്പിക്കാതെയാണ് അനധികൃത നിര്‍മാണങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കനത്ത ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണ് അനധികൃത സ്വിമ്മിംഗ്പൂള്‍ നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചത്.
കുന്നിടിച്ചിലും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന വര്‍ക്കലയിലെ സൗത്ത് ക്ലിഫില്‍ അനധികൃതമായി മൂന്നുനില റിസോര്‍ട്ടാണ് പണിതുയര്‍ത്തുന്നത്. രണ്ടുനിലയുടെ പണി ഏതാണ് പൂര്‍ത്തിയായി. ഇതോടൊപ്പം സ്വിമ്മിംഗ് പൂളിന്റെയും നിര്‍മാണവും ആരംഭിച്ചുകഴിഞ്ഞു. കെട്ടിടനിര്‍മാണത്തിന് നഗരസഭ അനുമതി നല്‍കിയിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. കടലില്‍ നിന്ന് പത്തുമീറ്ററോളം അകലത്തിലാണ് റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നത്. കുന്നിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലത്ത് കൂറ്റന്‍ കെട്ടിടം പണിതുയര്‍ത്തുകയും സ്വിമ്മിംഗ്പൂളിനായി വെള്ളം കെട്ടിനിര്‍ത്തുകയും ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുന്ന നടപടിയാണെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
രണ്ടുനിലകളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകുംവരെ നഗരസഭ അനങ്ങിയിട്ടില്ലെന്നത് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ശക്തമായ പിന്തുണ മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ നഗരസഭ കൗണ്‍സില്‍ അഡ്വ.അനില്‍കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്.
ബില്‍ഡിംഗിന്റെ പണി നിര്‍ത്തിവയ്പ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ റിസോര്‍ട്ടുടമയും കൂട്ടാളികളും ചേര്‍ന്ന് ആട്ടിയിറക്കി ഗേറ്റ് പൂട്ടുകയും ചെയ്തു. ഒടുവില്‍ പോലീസ് സഹായത്തോടെയാണ് സ്റ്റോപ്പ് മെമ്മോ നല്‍കാനും പണി തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്പ്പിക്കാനുമായത്. ശരിയായ രേഖകള്‍ ഹാജരാക്കുന്നതുവരെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനുശേഷമാണ് റിസോര്‍ട്ട് മാഫിയ അയഞ്ഞത്. പതിനഞ്ചടിയോളം ഉയര്ത്തില് മതില് നിര്‍മ്മിച്ച് ഗേറ്റ് പുറത്തുനിന്ന് പൂട്ടിയായിരുന്നു നിര്‍മ്മാണം നടന്നിരുന്നത്. റിസോര്‍ട്ടിനുള്ളില്‍ ഉണ്ടായിരുന്ന അറുപതോളം ജോലിക്കാരെയും പോലീസ് പുറത്താക്കി.
റിസോര്‍ട്ട് മാഫിയയുടെ ധാര്‍ഷ്ട്യം ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലാണെന്ന് ചില ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഒരുവിഭാഗം ജീവനക്കാരുടെ മൗനാനുവാദത്തോടെയാണ് റിസോര്‍ട്ട് മാഫിയ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം വ്യാപകമാണ്. നഗരസഭ ശക്തമായ നടപടി സ്വീകരിക്കുകയും അനധികൃത റിസോര്‍ട്ടുകള്‍ ഇടിച്ചുനിരത്തുകയും വേണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: