ന്യൂദൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴവിരുന്നിൽ ഇടംപിടിച്ച് കേരളീയ വിഭവങ്ങളും. ചെമ്പാവ് അരിച്ചോറും, ചക്ക വിഭവങ്ങളും ലോകനേതാക്കൾക്ക് വിളമ്പി. പൂർണമായും സസ്യാഹാരമായ തനത് ഇന്ത്യൻ വിഭവങ്ങളാണ് മെനുവിൽ ഒരുക്കിയത്.
സ്റ്റാർട്ടറായി നൽകിയത് തിന കൊണ്ടുള്ള വിഭവവും ഒപ്പം തൈരും ചമ്മന്തിയുമാണ്. മെയിൻ കോഴ്സായി ചക്ക കൊണ്ടുള്ള ഗാലെറ്റും കാട്ട് കൂണും, തിനയും വേപ്പിലയിട്ട ചെമ്പാവ് അരിച്ചോറുമാണ്. മുംബൈ പാവ്, സവാളയുടെ സ്വാദുള്ള മാർദവമുള്ള ബണ്ണും, ഏലക്കയുടെ സ്വാദുള്ള ബകർഖാനിയും വിളമ്പി. ഡിസർട്ടായി മില്ലറ്റ് പുഡ്ഡിംഗും, അത്തിപ്പഴവും പീച്ചും ചേർത്തുണ്ടാക്കിയ കോമ്പോട്ടും, അമ്പേമോഹർ റൈസ് ക്രിസ്പ്സുമായിരുന്നു.
കുടിക്കാനായി കശ്മീരി കാവയും, ഫിൽറ്റർ കോഫിയും, ഡർജിലിംഗ് ചായയും നൽകി. ഭക്ഷണമവസാനിക്കുമ്പോൾ ചോക്ലേറ്റ് രുചിയിൽ തയാറാക്കിയ പാനും നൽകിയിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്നാണ് വിദേശ രാഷ്ട്ര തലവന്മാരെ ഭാരത് മണ്ഡപത്തിലെ അത്താഴവിരുന്നിൽ സ്വീകരിച്ചത്.
മുൻ പ്രധാനമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, കേന്ദ്ര സഹമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരടക്കം170 പേർക്കാണ് രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ ക്ഷണം ഉണ്ടായത്. പ്രതിപക്ഷ മുഖ്യമന്ത്രിമാരായ എം കെ സ്റ്റാലിൻ, മമതാ ബാനർജി, നിതീഷ് കുമാർ , അരവിന്ദ് കെജ്രിവാൾ , ഭഗവന്ത് മൻ,സുഖവിന്ദര് സിംഗ് സുഖു, ഹേമന്ത് സോറൻ എന്നിവർ അത്താഴ വിരുന്നിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: