അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ഇന്ന് രാവിലെ 6 മണിയോടെയാണ് അറസ്റ്റ്. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നന്ത്യല്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്കു ശേഷം കാരവനില്‍ വിശ്രമിക്കുകയായിരുന്നു നായിഡുവിനെ നന്ത്യാല്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസാണ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ മൂന്നു മണിയോടെ എത്തിയ പോലീസ് ഏകദേശം മൂന്നു മണിക്കൂറിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേസമയം ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പോലീസ് തടഞ്ഞുവച്ചിട്ടുണ്ട്. അറസ്റ്റ് സംബന്ധിച്ച നോട്ടീസും ചന്ദ്രബാബുവിന് കൈമാറിയിട്ടുണ്ട്. 2014 – 2019 കാലഘട്ടത്തിൽ ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രി ആയിരിക്കെയാണ് സംസ്ഥാനത്ത് ഉടനീളം എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് വേണ്ടി വൈദഗ്ധ്യ നൈപുണ്യ വികസന പദ്ധതി എന്ന രീതിയിൽ എ.പി. സ്കിൽ ഡെവലപ്മെന്റ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ അഴിമതിക്കേസിലാണ്, ആദ്യഘട്ടത്തിൽ ഇ.ഡിയും ആന്ധ്രാപ്രദേശ് സി.ഐ.ഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
2021-ലാണ് ചന്ദ്രബാബു നായിഡുവിനെതിരേ എഫ്.ഐ.ആർ. രേഖപ്പെടുത്തുന്നത്. 250 കോടിയുടെ അഴിമതി നടത്തി എന്നാണ് കേസ്. കേസിൽ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: