ന്യൂദല്‍ഹി: അപകടങ്ങളെ തുടര്‍ന്ന് കാല് മുറിച്ചുമാറ്റുന്നത് ഒഴിവാക്കാന്‍ ലോവര്‍ ലിംപ് റീകണ്‍സ്ട്രക്ഷന്‍ സംവിധാനവുമായി ഫരീദാബാദ് അമൃത ആശുപത്രി. അപകടം നടന്ന് ഒരു സമയപരിധിക്കുള്ളില്‍ എത്തിക്കുകയാണെങ്കില്‍ കാലുകള്‍ മുറിച്ച് മാറ്റുന്നതില്‍ നിന്ന് രോഗിയെ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഫരീദാബാദ് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അമൃത ആശുപത്രിയിലെ ലോവര്‍ ലിംപ് റീകണ്‍സ്ട്രക്ഷന്‍ സെന്റര്‍ വഴി, കാന്‍സര്‍ ബാധിച്ചും റോഡപകടങ്ങളില്‍ പെട്ടും കാലുകള്‍ മുറിച്ച് മാറ്റേണ്ട അവസ്ഥയിലായിരുന്ന ആറു പേരെ ഇതൊഴിവാക്കി സാധാരണജീവിതത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി അമൃത ആശുപത്രിയിലെ ലോവര്‍ ലിമ്പ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജന്‍മാര്‍ അറിയിച്ചു.
റോഡപകടങ്ങളില്‍പെടുന്നവരും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുമായ ആയിരങ്ങളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ കാലുകള്‍ മുറിച്ച് മാറ്റലിന് വിധേയരാകുന്നത്. ലോവര്‍ ലിംപ് റീകണ്‍സ്ട്രക്ഷന്‍ സംവിധാനമുള്ള ഒരു ആശുപത്രിയില്‍ അപകടം നടന്ന് കൃത്യമായ സമയപരിധിക്കുള്ളില്‍ എത്തിക്കണം.
ഏറ്റവും പുതിയ മൈക്രോ സര്‍ജിക്കല്‍ സംവിധാനങ്ങ ള്‍ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിച്ച് നീക്കുന്നതില്‍ നിന്ന് രോഗിയെ രക്ഷിക്കാന്‍ പ്രാപ്തമാണെന്ന് അമൃത ആശുപത്രി പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മോഹിത് ശര്‍മ പറഞ്ഞു. എല്ലുകളും ലഘു കോശങ്ങളും പുനര്‍നിര്‍മിക്കുന്ന സങ്കീര്‍ണമായ പ്രക്രിയയാണ് ലോവര്‍ ലിംപ് റീകണ്‍സ്ട്രക്ഷന്‍ എന്ന് ഫരീദാബാദ് അമൃത ആശുപത്രി അസ്ഥിരോഗ വിഭാഗം മേധാവി ഡോ. മൃണാള്‍ ശര്‍മ പറഞ്ഞു.
അവയവങ്ങള്‍ മുറിച്ച് നീക്കേണ്ട അവസ്ഥയില്‍ വരുന്നവരില്‍ അധികവും റോഡപകടങ്ങള്‍ക്ക് ഇരയായ യുവാക്കളാണ് എന്ന് ഫരീദാബാദ് അമൃത ആശുപത്രി അസ്ഥിരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സാഹില്‍ ഗാബ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: