ന്യൂദല്‍ഹി: ഗ്യാസ് പൈപ്പ് ലൈനുകള്‍ ഇടുന്ന പദ്ധതികള്‍ക്ക് കരാര്‍ നല്കാന് 50 ലക്ഷം കൈക്കൂലി വാങ്ങിയ ഗെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു.
50 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയില്‍ ഗെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി. സിങ്ങിനൊപ്പം മറ്റ് നാല് ഉദ്യോഗസ്ഥരെക്കൂടി സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിങ്ങിന്റെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട റെയ് ഡിന് ഒടുവിലാണ് അറസ്റ്റ്. പെട്രോളിയം നാച്ചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്). ഇന്ത്യയിലെ പ്രകൃതിവാതക വിതരണവും വിപണനവും ചെയ്യുന്ന ഏറ്റവും വലിയ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം കൂടിയാണ് ഗെയ്ല്.
ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതികള്‍ക്ക് കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വന്‍തോതില്‍ കൈക്കൂലി കൈമാറുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ആന്ധ്രയിലെ ശ്രീകാകുളം- അംഗുല്‍, വിജയപൂര്‍- ഒറൈയ്യ എന്നീ രണ്ട് ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ നാല് തിങ്കളാഴ്ച സിബിഐ അന്വേഷണം തുടങ്ങി. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ വഡോദര കേന്ദ്രമായുള്ള അഡ്വാന്‍സ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ഡയറക്ടറായ സുരേന്ദര്‍ കുമാറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. മറ്റു മൂന്നു പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൈക്കൂലി വാങ്ങിയ ഡയറക്ടര്‍ മാത്രമല്ല, കൈക്കൂലി നല്കിയ സ്വകാര്യ കരാറുകാരെയും പിടികൂടിയതായി പറയുന്നു. ഈ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ദല്‍ഹി, നോയ് ഡ, വിശാഖപട്ടണം എന്നിവിടങ്ങളിലും റെയ് ഡ് പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: