തിരുവനന്തപുരം: നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ബസുകൾ കേന്ദ്രസർക്കാർ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കേരളത്തിന് നൽകിയിരുന്നു. ആദ്യഘട്ടത്തിൽ 50 ബസുകളും രണ്ടാംഘട്ടമായി 60 ബസുകളും എത്തിയിരുന്നു. രണ്ടാം ഘട്ടത്തിലെത്തിയ ഐഷർ കമ്പനിയുടെ ബസുകൾ കേടാകുന്നത് തുടർക്കഥയായിരിക്കുകയാണ്.
സർവീസ് ആരംഭിച്ച് രണ്ടാഴ്ചയാകുമ്പോൾ വർക്ക് ഷോപ്പിലേക്ക് എത്തിയത് 15 ബസുകൾ. സർവീസ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഏഴ് ബസുകൾ കേടായിരുന്നു. കേടായ ബസുകൾ നന്നാക്കാൻ കമ്പനി ജീവനക്കാർ എത്തിയതോടെ കൂടുതൽ ബസുകൾ ഡിപ്പോകളിലെ വർക്ക് ഷോപ്പുകളിൽ എത്തുകയാണ്. കൃത്യമായി ചാർജ് ചെയ്യാത്തതാണ് ബസുകൾ വഴിയിലാകാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. വാഹനത്തിന്റെ ഡോർ, ബ്രേക്കിങ് സിസ്റ്റം, ചാർജിങ് സംവിധാനം എന്നിവയാണ് പ്രധാനമായും കേടാകുന്നത് എന്നാണ് ജീവനക്കാർ പറയുന്നത്. ബസുകൾ കേടായതിനാൽ ചില റൂട്ടുകളിൽ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. 60 ബസുകൾക്കും പുതിയ റൂട്ടും ഒരു റൂട്ടിൽ രണ്ട് ബസുകളുമായിരുന്നു അനുവദിച്ചിരുന്നത്.
നിലവിൽ പാപ്പനംകോട്, പേരൂർക്കട, വികാസ് ഭവൻ, കിഴക്കേകോട്ട ഡിപ്പോകളിലെ ഹൈബ്രിഡ് ഇലക്ട്രിക് ബസുകളാണ് കേടായി വർക്ക്ഷോപ്പുകളിൽ എത്തിയത്. കൂടുതൽ കേടായ ബസുകളുള്ളത് പാപ്പനംകോട് ഡിപ്പോയിലാണ്. പാപ്പനംകോട് മാത്രം ഏഴ് ഹൈബ്രിഡ് ഇലക്ട്രിക് ബസുകളാണ് സർവീസ് നടത്തി പത്ത് ദിവസത്തിനുള്ളിൽ വർക്ക് ഷോപ്പിലെത്തിയത്. ഇപ്പോൾ ചാർജിംഗ് കൃത്യമായി ചെയ്ത് പരിപാലിക്കുന്നതിനാൽ ബസ്സുകൾ ബ്രേക്ക്ഡൗൺ ആകുന്നത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഒരു ബസ് പോലും വഴിയിലായിട്ടില്ല എന്ന് കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു. ആഗസ്റ്റ് 23 നായിരുന്നു സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ പുതുതായി സർവീസ് നടത്താൻ അറുപത് ഹൈബ്രിഡ് ഇലക്ട്രിക് ബസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫഌഗ് ഓഫ് ചെയ്തത്. കേന്ദ്രസർക്കാർ മുമ്പ് ജൻറം പദ്ധതി വഴി സംസ്ഥാനത്തിന് നൽകിയ നൂറുകണക്കിന് ബസുകൾ കൊവിഡ് കാലത്ത് പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഉപയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: