കരുനാഗപ്പള്ളി: യുവതലമുറകളിലെ ലഹരി ഉപയോഗം ലോകമഹായുദ്ധങ്ങളേക്കാളും ഭയക്കേണ്ടതാണെന്ന് മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. അമൃതപുരിയില്‍ ജന്മാഷ്ടമി പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു അമ്മ. അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് ജപ്പാനില്‍ ബോംബ് വര്‍ഷിച്ചതിന്റെ ദുരിതം ഇന്നും അനുഭവിക്കുന്നു. അതിലും വലിയ അപകടമാണ് ലഹരിയില്ക്കൂടി ലോകം അഭിമുഖീകരിക്കുന്നത്.
മിഠായികളിലൂടെയും, മധുര പലഹാരങ്ങളില്‍ കൂടിയും കുട്ടികളെ വശീകരിച്ച് അവരെ അതിന് അടിമകളാക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇത് തലമുറകളെ ദുരിതം വിതയ്ക്കാന്‍ പ്രാപ്തി ഉള്ളതാണ്.
ചെറുപ്രായത്തില്‍ത്തന്നെ നമ്മുടെ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തി കൊണ്ടുവരണം. ഇതിനുള്ള സാഹചര്യം അച്ഛനും അമ്മയും കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ച് സമൂഹത്തില്‍ നിന്നും ലഹരി എന്ന വിപത്തിനെ ഇല്ലാതാക്കണം. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിന് കഴിയട്ടെ എന്നും അമ്മ ആശിര്‍വദിച്ചു.
കുട്ടികള്‍ ദീപങ്ങളാണ്: സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി
കുട്ടികള്‍ ദീപങ്ങളാണെന്നും, അത് അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു വരുന്ന പ്രസ്ഥാനമാണ് ബാലഗോകുലമെന്നും സംബോധ് ഫൗണ്ടേഷന് മുഖ്യ ആചാര്യന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാല സംസ്കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്ക്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.
ബാലഗോകുലം ഓരോ കാലഘട്ടത്തിലും തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും‘ എന്നത് ഈ കാലഘട്ടത്തില്‍ ലഹരിക്കെതിരെയുള്ള വ്യാപകമായ പ്രചരണത്തിന് വഴിവെച്ചിട്ടുണ്ട്.
കുട്ടികളുടെ ഭാവിയെ തകര്‍ക്കുന്ന ലഹരിയുടെ സ്വാധീനം ഇല്ലാതാക്കി കുട്ടികളിലെ മൂല്യങ്ങള്‍ ഉണര്‍ത്തുന്നതിന് ഇതിലൂടെ കഴിയും. കൃഷ്ണ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ച് കുട്ടികളെ നേരായ ചിന്തകളില്‍ കൂടി നയിക്കാന്‍ ബാലഗോകുലത്തിന് കഴിയട്ടെ എന്നും, അമ്മയുടെ മഹനീയ സാന്നിധ്യത്തില്‍ പുരസ്ക്കാരം ഏറ്റുവാങ്ങിയതില്‍ സന്തോഷമുണ്ടെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: