കരുനാഗപ്പള്ളി: ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്കാരം വള്ളിക്കാവ് അമൃതപുരിയില്‍ മാതാ അമൃതാനന്ദമയീ ദേവിയുടെ സാന്നിധ്യത്തില്‍ സംബോധ് ഫൗണ്ടേഷന് ആചാര്യന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിക്ക് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സമ്മാനിച്ചു.
ആത്മീയതയിലൂന്നി വിശ്വമാനവികതക്കും, നാടിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ബാലഗോകുലമെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. മന്വന്തരങ്ങളിലൂടെ കടന്നു വന്ന മഹാ സംസ്ക്കാരം സങ്കുചിതമായി ചിന്തിച്ചിട്ടില്ല. അറിയപ്പെട്ട ലോകത്തിലെ 12 മതങ്ങളേയും സ്വീകരിച്ച ചരിത്രമാണ് ഭാരതത്തിന്റേത്. ആരേയും ആട്ടിപ്പായിച്ച ചരിത്രം ഭാരതത്തിനില്ല. കടല്‍ കടന്ന് അന്യനാട് കീഴടക്കാന്‍ പോയ ചരിത്രവും ഭാരതത്തിനില്ല. അതിന്റെ അടിസ്ഥാന കാരണം ഭാരതത്തിന്റെ ആത്മീയതയാണ്. ലോകമെമ്പാടും ഭരതത്തിന്റെ ആത്മീയതയ്ക്കു വേണ്ടി കാതോര്‍ക്കുന്നു. അമൃതാനന്ദമയി ദേവി ലോകമെമ്പാടും ജൈത്രയാത്ര തുടരുന്നതും ഭാരതത്തിന്റെ ആത്മീയതയും സ്നേഹവും പകര്‍ന്നു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മതത്തിനും, ജാതിക്കും, ഭാഷക്കും അതീതമായി മാനവരാശിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബാലഗോകുലത്തിന് കഴിയുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ലഹരി ഉപയോഗം ലോകമഹായുദ്ധങ്ങളേക്കാളും
ഭയക്കണം: മാതാ അമൃതാനന്ദമയീ ദേവികരുനാഗപ്പള്ളി: യുവതലമുറകളിലെ ലഹരി ഉപയോഗം ലോകമഹായുദ്ധങ്ങളേക്കാളും ഭയക്കേണ്ടതാണെന്ന് മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. അമൃതപുരിയില്‍ ജന്മാഷ്ടമി പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു അമ്മ. അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് ജപ്പാനില്‍ ബോംബ് വര്‍ഷിച്ചതിന്റെ ദുരിതം ഇന്നും അനുഭവിക്കുന്നു. അതിലും വലിയ അപകടമാണ് ലഹരിയില്ക്കൂടി ലോകം അഭിമുഖീകരിക്കുന്നത്.
മിഠായികളിലൂടെയും, മധുര പലഹാരങ്ങളില്‍ കൂടിയും കുട്ടികളെ വശീകരിച്ച് അവരെ അതിന് അടിമകളാക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇത് തലമുറകളെ ദുരിതം വിതയ്ക്കാന്‍ പ്രാപ്തി ഉള്ളതാണ്.
ചെറുപ്രായത്തില്‍ത്തന്നെ നമ്മുടെ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തി കൊണ്ടുവരണം. ഇതിനുള്ള സാഹചര്യം അച്ഛനും അമ്മയും കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ച് സമൂഹത്തില്‍ നിന്നും ലഹരി എന്ന വിപത്തിനെ ഇല്ലാതാക്കണം. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിന് കഴിയട്ടെ എന്നും അമ്മ ആശിര്‍വദിച്ചു.
കുട്ടികള്‍ ദീപങ്ങളാണ്: സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി
കുട്ടികള്‍ ദീപങ്ങളാണെന്നും, അത് അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു വരുന്ന പ്രസ്ഥാനമാണ് ബാലഗോകുലമെന്നും സംബോധ് ഫൗണ്ടേഷന് മുഖ്യ ആചാര്യന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാല സംസ്കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്ക്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.
ബാലഗോകുലം ഓരോ കാലഘട്ടത്തിലും തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്നത് ഈ കാലഘട്ടത്തില്‍ ലഹരിക്കെതിരെയുള്ള വ്യാപകമായ പ്രചരണത്തിന് വഴിവെച്ചിട്ടുണ്ട്.
കുട്ടികളുടെ ഭാവിയെ തകര്‍ക്കുന്ന ലഹരിയുടെ സ്വാധീനം ഇല്ലാതാക്കി കുട്ടികളിലെ മൂല്യങ്ങള്‍ ഉണര്‍ത്തുന്നതിന് ഇതിലൂടെ കഴിയും. കൃഷ്ണ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ച് കുട്ടികളെ നേരായ ചിന്തകളില്‍ കൂടി നയിക്കാന്‍ ബാലഗോകുലത്തിന് കഴിയട്ടെ എന്നും, അമ്മയുടെ മഹനീയ സാന്നിധ്യത്തില്‍ പുരസ്ക്കാരം ഏറ്റുവാങ്ങിയതില്‍ സന്തോഷമുണ്ടെന്നും സ്വാമി പറഞ്ഞു.
ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്കാര കേന്ദ്രം ശ്രീകൃഷ്ണ സന്ദേശങ്ങള്‍ കര്‍മപഥത്തിലൂടെ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്ക് നല്കുന്ന ആദരമാണ് ജന്മാഷ്ടമി പുരസ്കാരം. 50,001 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ബാലസംസ്കാര കേന്ദ്രം ചെയര്മാന് പി.കെ. വിജയരാഘവന് അധ്യക്ഷത വഹിച്ചു. ബാലസംസ്കാര കേന്ദ്രം രക്ഷാധികാരി കെ. കിട്ടു നായര്‍, ചെയര്മാന് പി.കെ. വിജയരാഘവന്, വൈസ് ചെയര്മാന് ഡി നാരായണ ശര്‍മ്മ, സെക്രട്ടറി എം.പി. സുബ്രഹ്മണ്യശര്‍മ്മ, ബാലഗോകുലം ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജ്, പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍, ഖജാന്‍ജി പി.അനില്‍കുമാര്‍, മേഖല അധ്യക്ഷന്‍ ഗിരീഷ് ബാബു എന്‍.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി രചിച്ച ‘വിചാരവീഥി’യുടെ പ്രകാശനം ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര് പ്രസന്നകുമാറിനു നല്കി ഗോവ ഗവര്‍ണര്‍ നിര്‍വഹിച്ചു.
പുരസ്കാരമായി ലഭിച്ച 50,001 രൂപ സന്യാസി മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നെന്നും സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: