രാമായണകാലം കേരളത്തില്‍ കര്‍ക്കടകമാണ്. കോരിച്ചൊരിയുന്ന മഴയില്‍ ശീതം തഴയ്ക്കുന്ന പകലിരവുകളില്‍ പ്രകൃതിയുടെ നിതാന്തശാന്തിയില്‍ ആഴത്തില്‍ ലയിക്കാന്‍ പ്രാപ്തമാക്കുന്ന തുഞ്ചത്താചാര്യന്റെ ഭാവബന്ധുരമായ രാമായണ ശീലുകള്‍. മലയാളം മനസ്സിലോമനിക്കുന്ന കിളിപ്പാട്ടിന്റെ വര്ണനാമാധുര്യം. മുഴുപ്പട്ടിണിയിലും നമ്മുടെ പൂര്‍വികര്‍ ഉള്ളിലമര്‍ത്തിയ തേങ്ങലുകളോടൊപ്പം നമുക്കായി കാത്തുസൂക്ഷിച്ചു പകര്‍ന്നു തന്ന സംസ്കൃതിയുടെ ഈറന്‍ നിനവുകള്‍!
രാമന്റെ അയനം (യാത്ര) എന്നും ‘രാ’ (ഇരുട്ട്) മായ്ക്കുന്നതെന്നും ഒക്കെ പദം പിരിച്ച് ചര്‍ച്ച ചെയ്യാവുന്ന രാമായണം. ആ രാമായണകാലത്തെപ്പറ്റി (മഹാഭാരതകാലത്തെപ്പറ്റിയും) ആധുനികകാലത്തെ ശാസ്ത്രീയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ഒരു പുതിയ അന്വേഷണം ആവശ്യമാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ ലോകം മുഴുവന്‍ അടിച്ചേല്‍പ്പിച്ചതാണ് ഇന്നും നമ്മള് പുലര്‍ത്തുന്ന കാലസങ്കല്പം. ഇതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പണ്ഡിതന്മാരടക്കം നടത്തിയ കാലനിര്‍ണയം അംഗീകരിച്ചാല്‍ രാമായണ, മഹാഭാരതാദികള്‍ കെട്ടുകഥകളാണെന്ന വിമര്‍ശനത്തിന് കൃത്യമായ ഉത്തരമില്ലാതാവും. യഥാര്‍ത്ഥത്തിലുള്ള ഭാരതീയ സങ്കല്പത്തിലെ കാലഗണന അതല്ലല്ലൊ? എന്നാല്‍ യുക്തിയുടെയും ശാസ്ത്രീയമായ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ മനുഷ്യവംശചരിത്രഗാഥകളെന്ന നിലയില്‍ അവയെ സമീപിച്ചാല്‍ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങള്‍ കൊണ്ട് ജ്ഞാനപ്രകാശം പരത്തുന്ന മനുഷ്യവംശത്തിന്റെ സര്‍വകാലികമായ ഈടുവയ്പായി ആ ഗ്രന്ഥങ്ങളെ പുതുതലമുറയ്ക്കു മനസ്സിലാക്കാനാകും. അതോടെ വെറും ധാര്മികമൂല്യവ്യവസ്ഥ പ്രദാനം ചെയ്യപ്പെടുന്ന കൃതികളെന്നതിലുപരി അവ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളടങ്ങിയ മനുഷ്യവംശചരിത്രഗ്രന്ഥങ്ങളായി തിരിച്ചറിയപ്പെടും. രാമകഥ ഏതാണ്ടെല്ലാ രാജ്യങ്ങളിലും (ആഫ്രിക്കന്‍ നാടുകളിലടക്കം) പ്രാക്തനഗോത്രജനതയ്ക്കിടയില് പരിചിതമാണെന്ന വസ്തുതയാണതിന്റെ നരവംശശാസ്ത്രപരമായ തെളിവുകള്ക്കാധാരം. അപ്പോള്‍ ഈ രാമകഥ നടന്നത് എവിടെയാണ്, അതിന്റെ മൂലകഥനടന്നത് ഏതുകാലത്തായിരിക്കും എന്നൊക്കെ ഒരു പനര്വിചിന്തനം നടത്തി നോക്കാവുന്നതാണ്. ‘ആദികാവ്യ’മെന്നാണ് രാമായണത്തെ വിളിക്കുന്നത്. വാല്മീകി കാടത്തത്തില്‍ നിന്ന് സംസ്ക്കരിക്കപ്പെട്ടു വന്ന ജ്ഞാനിയും കവിയും ഋഷിയുമാണ്. ഹൈന്ദവരുടെ പുണ്യഗ്രന്ഥം എന്നതിലുപരി അത് മനുഷ്യവംശചരിത്രം തന്നെയാണ്. അവതാര ശൃംഖലയിലെ ഒരു കണ്ണിയാണ് ശ്രീരാമചന്ദ്രന്. ജലജീവിയില്‍ നിന്ന് ആരംഭിച്ച ജീവന്റേയും ശരീരത്തിന്റേയും ജന്മപരിണാമ ചക്രത്തില്‍ പൂര്‍ണതയോടടുത്ത ജന്മങ്ങളാണ് അവതാരങ്ങള്‍! അവതീര്ണമാകുന്നതെന്തോ അത് അവതാരം. ഈ പ്രപഞ്ചം മുഴുവന്‍ അവതീര്‍ണമാകുന്ന സമഗ്രതയെ ആണത് അര്‍ഥമാക്കുന്നത്. അതില്‍ ശ്രീകൃഷ്ണനാണ് പൂര്‍ണാവതാരം എന്നാണ് പറയപ്പെടുന്നത്. പരിണാമത്തിന്റെ ആദ്യദശകളില്‍ കാലങ്ങള്ക്കപ്പുറത്തെന്നോ നടന്ന രാമകഥ പിന്നീട് വാല്മീകി ഓര്‍ത്തെടുത്ത് പാടുകയാണ് . അല്ലെങ്കില്‍ രചിക്കുകയാണ് ചെയ്തതെന്നു പറയാം. മൂലകഥ കാലങ്ങള്‍ക്കപ്പുറമെന്നോ നടന്നു കഴിഞ്ഞതാണ്.
പുതിയ കാലത്തെ ഫോസില്‍ പഠനങ്ങള്‍ പറയുന്നത് മൃഗങ്ങളും പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലെത്തി നില്ക്കുന്ന മനുഷ്യരും മൃഗമനുഷ്യരും നരഭോജികളായ മനുഷ്യരും പൂര്‍ണതയെത്തിയ മനുഷ്യരും എല്ലാം ഒരുമിച്ച് കഴിഞ്ഞിരുന്നൊരു കാലത്തെക്കുറിച്ചാണ്. പരിണാമത്തിന്റെ പ്രാരംഭദിശകളിലെങ്ങോ അങ്ങനെയൊരു കാലമുണ്ടായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: