സൂക്ഷ്മ ശരീരധാരികളായ ആത്മാക്കളില്‍ നീചവര്‍ഗ്ഗത്തില്‍ പെട്ടവര്‍, മരിക്കുന്ന സമയത്ത് ഉദ്ദേശത്തോടെയോ ആഗ്രഹങ്ങളോടെയോ ശരീരം വെടിയുന്ന പ്രേതപിതൃക്കള് ആണ്. അഭാവം, വിയോഗം, അകാലമരണം കൊണ്ടുള്ള വേദന, അതിയായ ആഗ്രഹലോഭം, പ്രതികാരം എന്നിങ്ങനെയുള്ള മാനസികാവസ്ഥയില്‍ ശരീരം വെടിയാന്‍ നിര്ബന്ധിതരായവര് പുതിയ ഒരു ജന്മം ലഭിക്കുന്നതിനു മുന്മ്പു വരെ വളരെ കാലം പ്രേതങ്ങളായി കഴിയുന്നു. അവര്‍ സംഭ്രമപൂര്‍ണ്ണമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നു. അത് അവര്‍ ആനന്ദിക്കുന്നു. അങ്ങനെയുള്ള ദൃശ്യങ്ങള്‍ കാണുന്നതില്‍ സന്തോഷിക്കുന്നു. തന്റെ പ്രയത്നം കൊണ്ട് അങ്ങനെയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു.
അവരുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ ഉപദ്രവിക്കുക എന്നുള്ളതാണ്. സ്വയം പേടിക്കുകയും മറ്റുള്ളവരെ പേടിപ്പിക്കുകയും ചെയ്യുന്നു. സൂക്ഷ്മശരീരധാരികളായതുകൊണ്ട് സ്വപ്നത്തിലോ, ജാഗ്രത്തില്‍ ദിവാസ്വപ്നത്തിലോ എന്തെങ്കിലും രൂപം ധരിച്ച് മറ്റുള്ളവരുടെ മുമ്പില്‍ പ്രകടമാകുവാനുള്ള കഴിവ് ഉണ്ട്. ഇവര്‍ക്ക് പ്രച്ഛന്നരൂപവും ഉണ്ട്. അവര്‍ക്ക് ആരെയും സഹായിക്കുവാനാവില്ല. മറിച്ച് അപേക്ഷിക്കുകയാണ് ചെയ്യുന്നത്. അവരാല്‍ ഭയപ്പെടുമ്പോള്‍ ആളുകളുടെ ഭയം കണ്ട് അവര്‍ തൃപ്തി അനുഭവിക്കുന്നു.
പിതൃക്കള്‍ സഭ്യരാണ്. അപൂര്‍ണ്ണമായ ഉന്നതാഭിലാഷങ്ങളോടെ മരിക്കുന്നവരും അശാന്തരായി സൂക്ഷ്മശരീരധാരികളായി ആകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആ സമയത്തും അവര്‍ക്ക് പൂര്‍ണ്ണമാകാത്ത സങ്കല്പങ്ങള് പൂര്‍ണ്ണമാക്കാനുള്ള ആഗ്രഹങ്ങളാണുള്ളത്. ഈ ആഗ്രഹപൂര്‍ത്തിക്കായി അവര്‍ പ്രയത്നിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ഉപകരിക്കുന്ന വ്യക്തിയോടൊപ്പം ചേരാന്‍ ശ്രമം നടത്തുന്നു. സഖാക്കളെയും സഹചരന്മാരെയും ഇതിനായി അന്വേഷിക്കുന്നു. തനിക്ക് പറ്റിയവരെ ലഭിക്കുമ്പോള്‍ അവരുമായി തങ്ങളുടെ കഴിവിനെ സംയോജിപ്പിക്കുന്നു. ഈ സംയോജനത്തിന്റെ ബലം കൊണ്ടു ഇവര്‍ തങ്ങളുടെ നിറവേറാത്ത ആഗ്രഹങ്ങളെ നിറവേറ്റാനുള്ള ശ്രമം നടത്തുന്നു. എഴുത്തുകാര്‍, കലാകാരന്മാര്, ശാസ്ത്രജ്ഞന്മാര്, വ്യവസായികള്‍, മോക്ഷാര്‍ത്ഥികള്‍ മുതലായവരുടെ ശ്രേഷ്ഠ പ്രവൃത്തികളില്‍ അവരുടെ മനസ്സ് രമിക്കുന്നു. സ്ഥൂല ശരീരം ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് പ്രത്യക്ഷപ്രവര്‍ത്തനം സാധിക്കുകയില്ല. പക്ഷെ ഏതെങ്കിലും ഉപയുക്തമായ സത്പാത്രവുമായി ഒത്തുചേര്‍ന്നു തങ്ങളുടെ അപൂര്‍ണ്ണ മനോരഥങ്ങള്‍ പൂര്ണ്ണമാക്കിക്കാണുവാനുള്ള പദ്ധതികള്‍ പറഞ്ഞുകൊടുത്തു അവരെ ആ വഴിക്കു നയിക്കുന്നു.
ഇങ്ങനെയുള്ള പിതൃക്കളുമായുള്ള സംയോഗവും പലപ്പോഴും സിദ്ധപുരുഷന്മാരുടെ അനുഗ്രഹങ്ങള്‍ പോലെ പ്രതീതമാകുന്നു. ഈ സന്ദര്‍ഭത്തില്‍ ഉണ്ടായിട്ടുള്ള സംഭ്രമം മാറ്റാനുള്ള അടിസ്ഥാനം ഇതാണ് പിതൃക്കളുടെ ഇച്ഛകള്‍ ഭൗതികമായ സാഫല്യത്തിന് വേണ്ടി പ്രയത്നിക്കാന്‍ പ്രേരിപ്പിക്കുകയും വഴികാട്ടുകയും അവര്‍ തങ്ങളുടെ പരിമിതമായ കഴിവുകള്‍ അനുസരിച്ച് കഴിയുന്നത്ര സഹായിക്കുകയും ചെയ്യുന്നു. ഇവരുടെ പരിധി ഇത്രവരെയേ ഉള്ളൂ. സിദ്ധപുരുഷന്മാര്‍ ഉത്കൃഷ്ടസ്വഭാവികളും സംയമികളും തപസ്വികളും സന്തുഷ്ടരും മോക്ഷപരായണരും ആയവരുമായി മാത്രമേ ബന്ധപ്പെടുകയുള്ളൂ. തന്റെ അതിമഹത്വപൂര്ണ്ണമായ തപസ്സ് ,ശക്തി എന്നിവയുടെ ഒരു ഭാഗം കൊടുത്തു അനുഗൃഹീതരാക്കി, സ്വന്തം സാമര്‍ത്ഥ്യം കുറവാണെങ്കില്‍ പോലും നല്കപ്പെട്ട ശക്തികൊണ്ട് പുണ്യത്തിനും പരനന്മക്കും വേണ്ടി കാര്യമായ എന്തെങ്കിലും ചെയ്യുവാന്‍ തക്കവണ്ണം യോഗ്യരാക്കുന്നു. വര്‍ദ്ധിച്ച തോതില്‍ ജോലി ചെയ്യുവാനും പ്രതികൂലതകളുടെ മദ്ധ്യത്തില്‍ വസിച്ചുകൊണ്ടും യശസ്വി ആയിത്തീരുവാനുള്ള കഴിവ് പ്രദാനം ചെയ്യുന്നു. വളരെയധികം ത്യാഗവും കഠിനപ്രയത്നങ്ങളും ചെയ്ത് അസംഖ്യം ആളുകള്‍ക്ക് മാര്‍ഗ്ഗദര്‍ശകനാകാനും അവനവന്റെ പ്രവൃത്തികളെ അനുകരണീയവും അഭിനന്ദനീയവും ആക്കിത്തീര്‍ക്കുവാനും കഴിയുന്നു. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചുകാണുമ്പോള്‍ ആ വ്യക്തിക്കു ഏതെങ്കിലും അനുകമ്പ ലഭിച്ചിട്ടുണ്ടെന്നു കരുതാം. വ്യക്തിപരമായ ഭൗതികവിജയം ലഭിക്കുന്നുവെങ്കില്‍ അവിടെ ഏതോ പിതൃക്കളുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം. അദൃശ്യമായ ദര്‍ശനം താഴ്ന്നതരത്തിലുള്ള പ്രേതങ്ങളും കാട്ടാറുണ്ട്. അവര്‍ക്ക് മനുഷ്യന്റെയോ ഏതെങ്കിലും പ്രാണിയുടെയോ ശരീരത്തില്‍ തങ്ങളുടെ അസ്തിത്വം വെളിപ്പെടുത്തികൊടുക്കുവാന്‍ സാധിക്കും. ആരംഭത്തില്‍ ആകര്‍ഷകമായി തോന്നുന്ന ചില ഉപദേശങ്ങളും സഹകരണവും നല്‍കുകയും ചെയ്യുന്നു. എന്നാല്‍ പിന്നീട് അത് ദുഷ്പരിണാമം മാത്രമെ ഉളവാക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: