ഏഴ് വര്‍ഷമായി തുടരുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പലതരം കഷ്ടപ്പാടുകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കളമശ്ശേരിയില്‍ രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത ഒരു കാര്‍ഷികോത്സവം പരിപാടിയില്‍ സിനിമാതാരം ജയസൂര്യ ഉന്നയിച്ച വിമര്‍ശനം. കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തിക്കൊണ്ടാണ് നെല്‍കര്‍ഷകരെ അവഗണിക്കുന്ന സര്‍ക്കാരിന്റെ നയത്തിനെതിരെ ജയസൂര്യ ആഞ്ഞടിച്ചത്. നെല്ലു വാങ്ങിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ ദിവസവും അവര്‍ക്ക് പട്ടിണികിടന്ന് സമരം ചെയ്യേണ്ടിവരികയാണ് എന്നായിരുന്നു ജയസൂര്യ പറഞ്ഞത്. ഷര്‍ട്ടില്‍ ചെളി പുരളുന്നതിനാല്‍ പുതുതലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് കൃഷിമന്ത്രി പ്രസാദ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് കൃഷി ചെയ്തുണ്ടാക്കിയ വിളവിന് പണം ലഭിക്കാതെ പട്ടിണികിടക്കുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന മക്കള്‍ എങ്ങനെ കൃഷിയിലേക്ക് വരുമെന്ന ജയസൂര്യയുടെ ചോദ്യം. സര്‍ക്കാര്‍ വാങ്ങിയ നെല്ലിന് പണം ലഭിക്കാത്തതിനാല്‍ തന്റെ സുഹൃത്തും സിനിമാതാരവുമായ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ സമരം ചെയ്യുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇടതുഭരണത്തിലെ കര്‍ഷകവഞ്ചനയ്ക്കെതിരെ ജയസൂര്യ ആഞ്ഞടിച്ചത്. സ്വന്തമായി പച്ചക്കറി ഉല്‍പ്പാദിപ്പിക്കാതെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വിഷം കലര്‍ന്ന പച്ചക്കറി കഴിക്കേണ്ടി വരുന്ന മലയാളികളുടെ ഗതികേടിനെക്കുറിച്ചും, ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഒന്നാംതരം അരി മറ്റിടങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനെക്കുറിച്ചും ജയസൂര്യ പറഞ്ഞതിന് മന്ത്രിമാരായ പ്രസാദിനും രാജീവിനും മറുപടിയൊന്നുമുണ്ടായില്ല.
ഇടതുമുന്നണി ഭരണത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഓരോ കര്‍ഷകനും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ജയസൂര്യ പറഞ്ഞത്. അധികാരത്തിലേറിയ നാള് മുതല്‍ വലിയ അവകാശവാദങ്ങളാണ് ഈ സര്‍ക്കാര്‍ ഉന്നയിച്ചുപോരുന്നത്. കാര്‍ഷികരംഗത്ത് വലിയ വിപ്ലവങ്ങള്‍ നടക്കുന്നു എന്നതാണ് അതിലൊന്ന്. എന്നാല്‍ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ കടകവിരുദ്ധമായ ചിത്രമാണ് ലഭിക്കുക. കര്‍ഷകര്‍ക്ക് ലോണ്‍ അനുവദിക്കുന്നതിലും, തിരിച്ചടവിന്റെ കാലാവധി നീട്ടി നല്‍കുന്നതിലും, വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിലും മറ്റും കൊടിയ അനാസ്ഥയാണ് ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇതൊന്നും സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളല്ല എന്ന മട്ടിലാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പെരുമാറുന്നത്. പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാതിരിക്കുമ്പോഴും തങ്ങളെന്തോ മഹത്തായ കാര്യം ചെയ്യുകയാണെന്ന ഭാവമാണ് ഇവര്‍ക്ക്. സ്വന്തം നിലയ്ക്ക് കൃഷിക്കാരെ സഹായിക്കില്ലെന്നു മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പല സഹായങ്ങളും കര്‍ഷകര്‍ക്ക് കിട്ടാതിരിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്! കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാധാരണ കര്‍ഷകര്‍ക്ക് വന്‍തോതില്‍ ഗുണം ചെയ്യുന്ന നിയമങ്ങള്‍ രാഷ്ട്രീയ വിരോധം മുന്‍നിര്‍ത്തി നിരാകരിക്കുകയാണല്ലോ ഇടതുപാര്‍ട്ടികളും സര്‍ക്കാരും ചെയ്തത്. നിയമസഭയില്‍ ഈ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുകവരെ ചെയ്തു. കേരളത്തിലെ കര്‍ഷകര്‍ക്ക് അടിസ്ഥാനപരമായി ഗുണം ചെയ്യുന്നതോ, അവരുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതോ ആയ യാതൊന്നും ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തവരാണ് ഇടതുമുന്നണി സര്‍ക്കാരിന് നേതൃത്വം നല്‍കുന്നതെന്ന് തോന്നിപ്പോകും.
അപ്രിയ സത്യം പറയാന്‍ ധൈര്യവും ആത്മാര്‍ത്ഥതയും കാണിച്ച ജയസൂര്യയെ വളഞ്ഞിട്ടാക്രമിക്കുകയാണ് സിപിഎമ്മും സര്‍ക്കാരും. വിധേയത്വംകൊണ്ടും ഭയംകൊണ്ടും പലരും മൗനം പുലര്‍ത്തുമ്പോള്‍ സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചുകീറിയിരിക്കുന്ന ഈ നടന് താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയുമാണ്. നടന് അഭിനയിക്കുകയാണെന്നാണ് കൃഷി മന്ത്രി പറയുന്നത്. യഥാര്‍ത്ഥത്തില്‍ കര്‍ഷരുടെ വരുമാനം വര്‍ധിപ്പിക്കുന്ന യാതൊന്നും ചെയ്യാതെ പാടത്തിറങ്ങിയും നെല്ലുവിതച്ചും കൊയ്തും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നത് ഈ കൃഷി മന്ത്രി തന്നെയാണ്. നെല്‍കര്‍ഷകരുടെ പ്രശ്നം ജയസൂര്യയോട് പറഞ്ഞ കൃഷ്ണപ്രസാദിന് പണം നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്വന്തം കാര്യമല്ല, പണം ലഭിക്കാതെ സമരം ചെയ്യേണ്ടി വന്ന മറ്റ് കര്‍ഷകരുടെ കാര്യമാണ് കൃഷ്ണപ്രസാദിന് പറയാനുള്ളത്. സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ തനിക്ക് നല്‍കിയത് നെല്ലിന്റെ പണമല്ലെന്നും, ബാങ്കിന്റെ ലോണാണെന്നും കൃഷ്ണപ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോട് സര്‍ക്കാര്‍ പ്രതികരിക്കുന്നുമില്ല. ജീവിതത്തില്‍ താന്‍ അഭിനയിക്കില്ലെന്നും, അനീതികളോട് നിശ്ശബ്ദത പാലിക്കില്ലെന്നുമാണ് ജയസൂര്യ വ്യക്തമാക്കിയിരിക്കുന്നത്. നിരവധിയായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ നടന് ധാര്‍മികമായ പിന്തുണ നല്‍കാനുള്ള ബാധ്യത നീതിബോധമുള്ള ഓരോ പൗരനുമുണ്ട്. സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികള്‍ക്കു മുതിര്‍ന്നാല്‍ ശക്തമായി പ്രതിരോധിക്കുകയും വേണം. ലാഭനഷ്ടങ്ങള്‍ നോക്കാതെ ഇങ്ങനെ ചിലര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ ഇടതുഭരണത്തില്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞു പോകുമെന്നതില്‍ സംശയം വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: